ഒമാനിൽ ഖരീഫ് പെയ്തൊഴിഞ്ഞു, ഇനി വസന്തകാലം; ഇത്തവണ മഴ കുറഞ്ഞെന്ന് റിപ്പോർട്ട്

സലാല: ഒമാനിലെ ദോഫാറിൽ ഖരീഫ് സീസണിന് സമാപനമായി. ഇതോടെ, 'അൽ സർബ്' എന്നറിയപ്പെടുന്ന വസന്തകാലത്തിലേക്ക് ദോഫാർ പ്രവേശിച്ചു. ഖരീഫ് കാലത്ത്, തീരപ്രദേശങ്ങളിൽ മഴ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മൂടൽ മഞ്ഞും ചാറ്റൽ മഴയുമായി ജൂൺ 21-നാണ് ദോഫാറിൽ ഖരീഫ് സീസൺ ആരംഭിച്ചത്. നിരവധി സഞ്ചാരികൾ ഇക്കാലയളവിൽ മഴയും മഞ്ഞും ആസ്വദിക്കാൻ ഇവിടെയെത്തി. എന്നാൽ സെപ്റ്റംബർ 20 വരെയുള്ള കണക്ക് പ്രകാരം, ഖരീഫ് സീസണിൽ ഇത്തവണ മഴ കുറഞ്ഞെന്നാണ് റിപ്പോർട്ട്.
തീരദേശ മേഖലയായ താഖയിൽ കഴിഞ്ഞ വർഷം 71 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ഇത്തവണയത് 21.6 മില്ലീമീറ്ററായി കുറഞ്ഞു. സലാല വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം 74.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇത്തവണ 23.2 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സലാല പോർട്ട് പ്രദേശത്ത് 2025-ൽ ലഭിച്ച 111.4 മില്ലീമീറ്ററിൽ നിന്ന് 54.5 മില്ലീമീറ്ററിലേക്ക് മഴ കുറഞ്ഞു.
തീരദേശ മേഖലകളിൽ മഴ കുറഞ്ഞപ്പോൾ മലയോര മേഖലയിൽ മഴയിൽ നേരിയ വർദ്ധനയുണ്ട്. പർവതമേഖലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റക്യൂത്തിലാണ്. 2025-ൽ 377.4 മില്ലീമീറ്റർ ലഭിച്ച സ്ഥാനത്ത് ഇത്തവണ 390 മില്ലീമീറ്ററായി വർധിച്ചു. ഖരീഫ് സീസൺ അവസാനിച്ചതോടെ ഈ മേഖല വസന്തകാലത്തിലേക്ക് പ്രവേശിച്ചു. മുതൽ ഡിസംബർ വരെയാണ് അൽ സർബ് സീസൺ നീണ്ടു നിൽക്കുക. ഇക്കാലയളവിൽ മൂടൽമഞ്ഞ് മാറി അന്തരീക്ഷം തെളിയുകയും, ചെടികളും മരങ്ങളും തളിരിടുകയും ചെയ്യും. കൃഷിയിറക്കാനും വിളവെടുപ്പിനും കന്നുകാലികളെ മേയ്ക്കുന്നതിനും ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണിത്.
Content Highlights: Dhofar's Khareef season has officially concluded, transitioning into the Al Sarb spring season., Coastal areas experienced a decrease in rainfall compared to previous years, while mountainous regions like Rakhyut saw an increase., The Al Sarb season runs until December, offering clear weather, blooming vegetation, and ideal conditions for agriculture.