നിര്‍ണായക മത്സരത്തില്‍ സമനില; ഒമാന്‍ ഏഷ്യാ കപ്പില്‍നിന്ന് പുറത്ത്

മസ്‌കറ്റ്: ഏഷ്യാ കപ്പ് ഫുട്‌ബോളിലെ നിര്‍ണ്ണായക മത്സരത്തില്‍ കിര്‍ഗിസ്ഥാനുമായി സമനിലയില്‍ പിരിഞ്ഞതോടെ ഒമാന്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ടീമിന്റെ ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ക്രൊയേഷ്യന്‍ കോച്ച് ബ്രാന്‍കോ ഇവാന്‍കോവിക്കിന്റെ കരാര്‍ പുതുക്കേണ്ടതില്ല എന്ന് ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. നേരെത്തെ തന്നെ കോച്ചിനെതിരെയും അസോസിയേഷന്‍ ചെയര്‍മാനെതിരെയും ആരാധക രോഷം ഉയര്‍ന്നിരുന്നു.
സൗദിയുമായി തോല്‍ക്കുകയും തായ്ലാന്‍ഡുമായി സമനിലയില്‍ പിരിയുകയും ചെയ്തതോടെയാണ് ഒമാന്‍ ആരാധകര്‍ നിരാശരായി തുടങ്ങിയത്. ഇന്ന് നടന്ന മത്സരത്തില്‍ ജയിച്ച് പ്രീക്വാര്‍ട്ടറില്‍ കടക്കാമെന്നും അതിലൂടെ മുഖം രക്ഷിക്കാമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്നത്തെ ഒമാന്‍-കിര്‍ഗിസ്ഥാന്‍ മത്സരത്തോടൊപ്പം സൗദി-തായ്ലാന്‍ഡ് മത്സരവും സമനിലയില്‍ അവസാനിച്ചതോടെ ഒമാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.
കോച്ചിന് പുറമെ ചില താരങ്ങള്‍ക്കും മാറ്റത്തിന് സാധ്യതയുണ്ട്. മാര്‍ച്ച് 21-ന് മസ്‌കറ്റില്‍ വെച്ച് നടക്കുന്ന മലേഷ്യക്കെതിരായ മത്സരത്തില്‍ പുതിയ കോച്ചിന് കീഴില്‍ പരിശീലിച്ച് ഒമാന്‍ കളിക്കാന്‍ ഇറങ്ങാനാണ് സാധ്യത.
Content Highlights: asia cup oman