'യവനിക തിയേറ്റേഴ്സ്' മലയാള പ്രൊഫഷണല്‍ നാടക സംഘം ജപ്പാനില്‍ ശ്രദ്ധേയമാകുന്നു

കലാരംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്താനും ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാംസ്‌കാരിക സൗഹൃദം ഊട്ടിഉറപ്പിക്കാനുമായി രൂപം കൊണ്ട , 'യവനിക തിയേറ്റേഴ്സ്' മലയാള പ്രൊഫഷണല്‍ നാടക സംഘം എന്ന രീതിയില്‍ ശ്രദ്ധേയമാകുന്നു. 2022 ലെ ശിലാപുരാണം എന്ന നാടകത്തിന്റെ വിജയത്തിന് ശേഷം, ഇന്ത്യയിലെയും ജപ്പാനിലെയും നൂറോളം അഭിനേതാക്കളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു ബൃഹദ് സംരംഭം ധര്‍മ്മയാത്ര (ജ്ഞാനോദയത്തിലേക്കുള്ള തീര്‍ത്ഥയാത്ര) എന്ന പുതിയ നാടകമാണ്, ബോധി ധര്‍മ്മന്റെ ആധ്യാത്മിക യാത്രയെ ആസ്പദമാക്കി ആവിഷ്‌കരിക്കുന്നത് . 'ബോധി ധര്‍മ്മന്‍ ' എന്ന മഹാ സന്യാസിയുടെ ലോകയാത്രയും, അതില്‍ ജപ്പാനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉണ്ടായ ആധ്യാത്മികവും ഭൗതികവുമായ സ്വാധീനമാണ് ഈ നാടകത്തിന്റെ പ്രമേയം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആകര്‍ഷകമായി ആവിഷ്‌കരിക്കുന്ന ഈ ദൃശ്യാനുഭവത്തിന്റെ വിജയത്തിനായി യവനിക കലാകാരന്‍മാര്‍ ഒരു വര്‍ഷത്തിലേറെയായി പരിശ്രമിച്ചിട്ടുണ്ട്.
തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനരചന, ഗാനങ്ങള്‍, രംഗപടം, സംവിധാനം തുടങ്ങി നാടകത്തിലെ എല്ലാ ഘടകങ്ങളും യവനികയിലെ കലാകാരന്മാര്‍ ജപ്പാനില്‍ നിന്ന് തന്നെ നിര്‍വഹിച്ചിരിക്കുകയാണ്.
കലയോടും പ്രത്യേകിച്ചു നാടകത്തോടുള്ള അഭിനിവേശമാണ് ഇത്തരത്തിലുള്ള ഒരു സംരഭത്തിന് പ്രേരകമായത്. നീണ്ട കാലം ജപ്പാനില്‍ തന്നെ മറ്റു പ്രൊഫഷണല്‍ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും.
മഹാമാരികളും ദുരന്തങ്ങളും, യുദ്ധത്തിന്റെ കാഹളങ്ങളുമെല്ലാം ലോകത്തെ വിഴുങ്ങുമ്പോള്‍, സമാധാനത്തിന്റെ ദൂതുമായ് നന്മ ഉയരുന്നു. ഈ മഹദ് വ്യക്തിത്വങ്ങളും ആശയങ്ങളും ഓര്‍ത്തെടുക്കുകയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയുമെന്ന ലക്ഷ്യവുമായിട്ടാണ് യവനിക തീയേറ്റേഴ്‌സ് 'ധര്‍മ്മയാത്ര' നിര്‍മിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ഭാഷയില്‍ അവതരിപ്പിക്കുന്ന ഈ നാടകം നവംബര്‍ 9 ന് ജപ്പാന്‍, ടോക്യോ എദോഗാവയിലെ ഫുനാബോരി ടവര്‍ ഹാളില്‍ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്ക് മുന്നില്‍ അരങ്ങേറുന്നതോടെ, ജപ്പാനിലെ കേരളീയര്‍ക്ക് തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തോടുള്ള അടുപ്പവും അഭിമാനവും കൂടുതല്‍ ബലപ്പെടും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
Content Highlights: Yavanika Theatres Malayala Professional Drama