സോപാനം വാദ്യകലാസംഘം 'വാദ്യ സംഗമം 2025' ഡിസംബര്‍ 5 ന്

മനാമ: സോപാനം വാദ്യകലാസംഘം ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന 'വാദ്യ സംഗമം 2025' ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ ടൂബ്ലി അദാരി പാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും. ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് ജേക്കബ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങ് മട്ടന്നൂര്‍ ശ്രീരാജ് ചിറയ്ക്കല്‍ നിധീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയോടെ ആരംഭിക്കും. തുടര്‍ന്ന് ഇന്‍ഡോ-അറബ് നൃത്തരൂപങ്ങളുടെ സമന്വയവുമായി 100ല്‍ പരം നര്‍ത്തകിമാര്‍ അരങ്ങിലെത്തും. ശേഷം വര്‍ണ്ണാഭമായ ഘോഷയാത്ര.

തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ചലച്ചിത്രതാരം പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചര്‍, കാഞ്ഞിലശ്ശേരി പത്മനാഭന്‍, അമ്പലപ്പുഴ വിജയകുമാര്‍, ഏലൂര്‍ ബിജു തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ സംഗീത ജ്ഞന്‍ അമ്പിളികുട്ടന് സോപാനത്തിന്റെ 'സംഗീതരത്‌നം പുരസ്‌കാരം' സമ്മാനിക്കും. വാദ്യസംഗമത്തിനായി 33 കലാകാരന്മാരാണ് ഇന്ത്യയില്‍ നിന്നും എത്തിച്ചേരുന്നത്.

ഭാരതീയ സംഗീത മേഖലയിലെ മഹോന്നത ശാഖയായ സോപാനസംഗീതവുമായി അമ്പലപ്പുഴ വിജയകുമാറും ഏലൂര്‍ ബിജുവും നേതൃത്വം നല്‍കുന്ന 71 കലാകാരന്മാര്‍ അരങ്ങിലെത്തും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ജയറാമും നയിക്കുന്ന 300ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളവും വാദ്യസംഗമത്തില്‍ അരങ്ങേറും. ചലച്ചിത്ര പിന്നണിഗായിക ലതിക ടീച്ചറും, ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം മിഥുന്‍ ജയരാജും ഒരുക്കുന്ന സംഗീതവിരുന്ന് 'കാതോട് കാതോരം' വാദ്യസംഗമത്തിലെ പ്രത്യേക പരിപാടി ആയിരിക്കും.

Content Highlights: sopanam vadya sangamam