ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളി രജതജൂബിലി ആഘോഷം; മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികനാകും

ലോസ് ആഞ്ചലസ്: അമേരിക്കയിലെ സജീവ സീറോ മലബാർ വിശ്വാസ സമൂഹങ്ങളിലൊന്നായ ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ (215 N Macneil St, San Fernando, CA 91340) മിഷൻ രജതജൂബിലി (2001-2026) ആഘോഷങ്ങൾ 2026 നവംബർ 28 ശനിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ, ശനിയാഴ്ച വൈകുന്നേരം 3:00 മണിക്ക് ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വൈകുന്നേരം 6:45-ന് ജൂബിലി സമ്മേളനവും ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
25 വർഷത്തെ വിശ്വാസവഴികൾ: 2001 നവംബർ 3-നാണ് ലോസ് ആഞ്ചലസിൽ സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. പ്രഥമ മിഷൻ ഡയറക്ടറായിരുന്ന ഫാ. പോൾ കോട്ടയ്ക്കലിന്റെ നേതൃത്വത്തിൽ ആദ്യ മിഷൻ തുടങ്ങി.
തുടർന്ന് 2008-ൽ ആദ്യ ദേവാലയം വാങ്ങി ഇടവകയായി ഉയർന്നു. അന്നത്തെ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ വർക്കി വിതയത്തിലാണ് ആ ദേവാലയം വെഞ്ചരിച്ചു നൽകിയത്.
ഇടവക വളർന്നതോടെ 20172018 കാലഘട്ടത്തിൽ പുതിയ ദേവാലയം വാങ്ങുകയും, 2018 ഫെബ്രുവരി 3-ന് ചിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഇപ്പോഴത്തെ ദേവാലയം വെഞ്ചരിച്ച് വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. നിലവിൽ 118 കുടുംബങ്ങൾ ഈ ഇടവകയിൽ അംഗങ്ങളാണ്.
ഇടവകയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ പ്രഥമ മിഷൻ ഡയറക്ടർ ഫാ. പോൾ കോട്ടയ്ക്കൽ, മുൻ വികാരിമാരായ ഫാ. കുര്യാക്കോസ് വടാന, ഫാ. കുര്യാക്കോസ് കുമ്പക്കീൽ, റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിൽ എന്നിവരുടെ സേവനങ്ങൾ ജൂബിലി വേളയിൽ അനുസ്മരിക്കും.
ജൂബിലി ആഘോഷങ്ങളിൽ ബിഷപ്പ് മാർ. ജോയ് ആലപ്പാട്ടിനൊപ്പം, ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ, ഫാ. കുര്യാക്കോസ് വടാന, ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ. ദേവസ്യ പൈനാടത്ത്, ഫാ. ഷിന്റോ സെബാസ്റ്റ്യൻ, ഫാ. ദിലീപ് സെബാസ്റ്റ്യൻ, ഫാ. മാർട്ടിൻ വരിക്കാനാനിക്കൽ, ഫാ. നോബർട്ട് ജോസഫ് തുടങ്ങിയ വൈദികരും സഹകാർമികരാകും.
ഇടവക ട്രസ്റ്റിമാരായ സോണി അറയ്ക്കൽ, ഷെല്ലി മേച്ചേരി, കുര്യൻ പാലിയേക്കര, കുര്യൻ മറ്റപ്പള്ളി, സെക്രട്ടറി റിബി സുരേഷ് എന്നിവരും, ജൂബിലി കൺവീനർ ടോമി പൊട്ടുകളത്തിന്റെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികളുമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
Content Highlights: Mar Joy Alappat, USA