പരിശീലകന്റെ വേഷത്തില്‍ തിളങ്ങി ശ്രീജേഷ്

ക്വാലാലമ്പൂര്‍: കരിയറിലെ രണ്ടാം ഇന്നിങ്‌സിലും തിളങ്ങി മുന്‍ ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ്. മലേഷ്യയിലെ ജോഹോര്‍ സ്റ്റേറ്റില്‍ വെച്ച് നടക്കുന്ന 'സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ്' ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയകുതിപ്പിലാണ് ശ്രീജേഷ് പരിശീലനം നല്‍കുന്ന ഇന്ത്യയുടെ അണ്ടര്‍ 21 ടീം.
ആദ്യ മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ നാലിനെതിരേ ആറ് ഗോളുകള്‍ നേടി ഗ്രേറ്റ് ബ്രിട്ടനേയും പിന്നിലാക്കി തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജേതാക്കളായി.
രണ്ട് പതിറ്റാണ്ടോളം ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായി തിളങ്ങിയ ശ്രീജേഷ് പരിശീലകനായെത്തുന്ന ആദ്യ ടൂര്‍ണമെന്റ് കൂടിയാണ് 'സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ്'. ഒക്ടോബര്‍ 22 ചൊവ്വാഴ്ച രാത്രി നടക്കുന്ന ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ മലേഷ്യയാണ് എതിരാളികളായെത്തുന്നത്.
തുടര്‍ച്ചയായി 2013/2014 വര്‍ഷങ്ങളിലും 2022 ലും ഇന്ത്യയായിരുന്നു സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ജേതാക്കള്‍. ഇത്തവണ ഇന്ത്യയെ കൂടാതെ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ജപ്പാന്‍, ബ്രിട്ടന്‍, മലേഷ്യ എന്നിവയാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന മറ്റു രാജ്യങ്ങള്‍. ഒക്ടോബര്‍ 26 ശനിയാഴ്ച വൈകീട്ടാണ് ഫൈനല്‍ മത്സരം.
ശ്രീജേഷിന്റെ രണ്ടാം ഇന്നിങ്‌സിലെ ജൂനിയര്‍ ടീമിന്റെ ആവേശോജ്ജ്വലമായ മത്സരം കാണാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുമായി മലയാളികളായ നിരവധി കായിക പ്രേമികളാണ് ഗ്യാലറിയിലേക്കെത്തുന്നത്. രണ്ടാം മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ജോഹോറിലെ മലയാളി കൂട്ടായ്മയായ ജെ.എം.കെയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.
വാര്‍ത്തയും ഫോട്ടോയും : ആത്മേശന്‍ പച്ചാട്ട്
Content Highlights: Sreejesh shines in the role of a coach