ഫോബ്‌സ് ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ച് മലയാളികള്‍; വ്യക്തിഗത സമ്പന്നരില്‍ മുന്നില്‍ എം.എ യൂസഫലി

ന്യൂഡല്‍ഹി : രാജ്യത്തെ അതിസമ്പന്നരുടെ 2024-ലെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മലയാളികള്‍. നൂറ് പേരുടെ പട്ടികയാണ് ഫോബ്‌സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരില്‍ മുന്നില്‍. 7.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ (62,160 കോടി രൂപ) രാജ്യത്തെ 39-ാം സ്ഥാനം യൂസഫലി സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം 7.1 ബില്യണ്‍ ഡോളറായിരുന്നു എം.എ യൂസഫലിയുടെ ആസ്തി. കേരളത്തില്‍ നിന്നുള്ള ഏറ്റവും ധനികനായ വ്യക്തിഗത സമ്പന്നനായി തുടര്‍ച്ചയായി ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍.
ജോര്‍ജ് ജേക്കബ്, ജോര്‍ജ് തോമസ്, സാറാ ജോര്‍ജ്, ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവരുടെ ആസ്തികള്‍ ചേര്‍ത്ത് 7.8 ബില്യണ്‍ ഡോളറോടെ (65,520 കോടി രൂപ ) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയില്‍ ഇടംപിടിച്ചു. നാല് പേരുടെയും ആകെ ആസ്തികള്‍ ചേര്‍ത്ത് 37-ാം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി.
കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ അറുപതാം സ്ഥാനത്തുണ്ട്. 5.38 ബില്യണ്‍ ഡോളറാണ് (45,192 കോടി രൂപ) ടി.എസ് കല്യാണരാമന്റെ ആസ്തി.
4.35 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ (36,540 കോടി രൂപ) ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണന്‍ 73ആം സ്ഥാനത്തുണ്ട്. 3.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ (29,400 കോടി രൂപ) ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി 95-ാം സ്ഥാനത്തും, 3.4 ബില്യണ്‍ ആസ്തിയോടെ (28,560 കോടി രൂപ) ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 97-ാം സ്ഥാനത്തും 3.37 ബില്യണ്‍ ആസ്തിയോടെ (28,308 കോടി രൂപ) ജോയ് ആലുക്കാസ് 98-ാം സ്ഥാനത്തും ഇടം നേടി.
മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികന്‍. 119.5 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27.5 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 48 ബില്യണ്‍ ഡോളര്‍ നേട്ടത്തോടെ 116 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്.
43.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ സാവിത്രി ജിന്‍ഡാലാണ് മൂന്നാം സ്ഥാനത്ത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ ശിവ് നാടാര്‍ (40.2 ബില്യണ്‍ ഡോളര്‍), ദിലീപ് ഷാംഗ്വി (32.4 ബില്യണ്‍ ഡോളര്‍), അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്‌സ് മേധാവി രാധാകൃഷ്ണന്‍ ധമാനി (31.5 ബില്യണ്‍ ഡോളര്‍), ഭാരതി എന്‍ട്രപ്രൈസ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍(30.7 ബില്യണ്‍ ഡോളര്‍) , ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ ബിര്‍ള (24.8 ബില്യണ്‍ ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനാവാല (24.5 ബില്യണ്‍ ഡോളര്‍) , ബജാജ് ഫാമിലി (23.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ആദ്യ പത്തിലുള്ളത്.
പട്ടികയിലെ നൂറ് സമ്പന്നരുടെയും ആസ്തികള്‍ കൂട്ടി ആദ്യമായി ട്രില്യണ്‍ ഡോളര്‍ കടന്നുവെന്ന പ്രത്യേകതയും ഇത്തണയുണ്ട്. 2023-ല്‍ 799 ബില്യണ്‍ ഡോളറായിരുന്നു. ഓഹരി വിപണിയിലെ ശക്തമായ പ്രകടനമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ബിഎസ്ഇ സെന്‍സെക്സ് 30 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.
Content Highlights: 6 Malayalees in Forbes India`s Richest List 2024