ഐസിബിഎഫ് അംഗസംഘടനയായി അംഗീകാരം ലഭിച്ച് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ

ദോഹ: ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (QIPA) ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF)ന്റെ ഇരുപതാമത്തെ അംഗ അസോസിയേഷനായി അംഗീകാരം നേടി.

ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ സാമൂഹിക, സാംസ്‌കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയായ ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന് ലഭിച്ച ഈ അംഗീകാരം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതാണെന്ന് അസോസിയേഷൻ നേതൃത്വം അറിയിച്ചു. ഇന്ത്യൻ എംബസിയുടെ മാർഗനിർദേശത്തോടെയും സഹകരണത്തോടെയും പ്രവാസി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.

ഐസിബിഎഫ് ന്റെ അംഗത്വം ലഭിച്ചതോടെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ ക്ഷേമ പദ്ധതികളിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകാൻ സാധിക്കുമെന്നും, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ ഈ അംഗീകാരം നിർണായകമാകുമെന്നും നേതൃത്വം അറിയിച്ചു.

ഈ അംഗീകാരത്തിന് ഇന്ത്യൻ എംബസിയോടും ഐസിബിഎഫ് നേതൃത്വത്തോടും ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

ഡിസംബർ 17 ന് വൈകീട്ട് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവയിൽ നിന്നും അംഗീകാര പത്രം ക്യുഐപിഎ ഭാരവാഹികൾ സ്വീകരിച്ചു.

ക്യുഐപിഎ പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗിരീഷ് കുമാർ ചടങ്ങിന് ആമുഖം നൽകുകയും, ക്യുഐപിഎ ട്രഷറർ സൈമൺ വർഗീസ് സ്വാഗതം പറയുകയും റഷീദ് അഹ്‌മദ് (വൈസ് പ്രസിഡന്റ്), ദീപക് ഷെട്ടി (ജനറൽ സെക്രട്ടറി), ജാഫർ തയ്യിൽ (സെക്രട്ടറി), ബോബൻ വർക്കി (മുൻ ജനറൽ സെക്രട്ടറി) ക്യുഐപിഎ രക്ഷാധികാരി ജോപ്പച്ചൻ തെക്കേകൂറ്റ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ക്യുഐപിഎ ജനറൽ സെക്രട്ടറി നിഷാദ് ഹസ്സൻകുട്ടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു, ക്യുഐപിഎ എക്‌സിക്യൂട്ടീവ് മെംബേർസ്, ആക്റ്റീവ് മെംബേർസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: QIPA Achieves Prestigious ICBF Membership