ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദീനത്ത് ഖലീഫ മദ്റസ ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് (QIIC) കീഴിലുള്ള ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദീനത്ത് ഖലീഫ മദ്റസ ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു.
2024-2025 അധ്യയന വര്‍ഷത്തിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെയും യഖീന്‍ ആദ്യ ബാച്ചിലെ (2023-2025) വിദ്യാര്‍ത്ഥികളുടെയും അക്കാദമിക-നേട്ടങ്ങള്‍ ആഘോഷിച്ച ഈ ചടങ്ങ്, അവരുടെ വിദ്യാഭ്യാസ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി.
കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഡോ.ജമാലുദ്ദീന്‍ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വി.ടി, ജനറല്‍ സെക്രട്ടറി അബ്ദുള്‍ അലി ചാലിക്കര, വൈസ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് നല്ലളം, സെക്രട്ടറി ഹമീദ് ആര്യമ്പത്ത്, പിടിഎ ചെയര്‍മാന്‍ അസ്‌കര്‍ റഹ്‌മാന്‍, മദ്രസ ചെയര്‍മാന്‍ ഷാഹിര്‍ എം.ടി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. മദ്റസാ വിദ്യാഭ്യാസ മേഖലയില്‍ ഇസ്ലാഹി സെന്റര്‍ നല്‍കുന്ന മികച്ച സേവനത്തെക്കുറിച്ച് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വി.ടി വിശദീകരിച്ചു. മാതാപിതാക്കളുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
യുവ പണ്ഡിതന്‍ മുഹമ്മദലി ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. ബിരുദദാനത്തിന്റെ ഭാഗമായി, രണ്ട് വര്‍ഷത്തെ യഖീന്‍ കോഴ്സിന് നേതൃത്വം നല്‍കിയ അബ്ദുള്‍ കരീം ആക്കോട് കോഴ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ഇസ്ലാമിക വിശ്വാസം ശക്തിപ്പെടുത്തുന്നതിലും വെല്ലുവിളി നിറഞ്ഞ ചുറ്റുപാടില്‍ യുവതലമുറയ്ക്ക് വ്യക്തതയും ആത്മവിശ്വാസവും നല്‍കുന്നതിന് കോഴ്സ് വലിയ പങ്ക് വഹിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട യഖീന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഫൈനല്‍ പ്രോജക്റ്റുകള്‍ അവതരിപ്പിച്ചു. 'ഇസ്ലാമിലെ വിധികളും നിരോധനങ്ങളും' എന്ന വിഷയം ഫിസ തസ്മീനും സിദ്‌റ ഷമീറും, 'ധനം സമ്പാദിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉള്ള ഇസ്ലാമിക മാര്‍ഗം'എന്ന വിഷയം നജാ ഫാത്തിമയും ലാമി ഹസനും അവതരിപ്പിച്ചു.
മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കുട്ടികളുടെ ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ സജീവ പങ്കാളികളായി തുടരേണ്ടതിന്റെ പ്രാധാന്യവും പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഹ്‌മാന്‍ സലഫി മാതാപിതാക്കളെ ഓര്‍മിപ്പിച്ചു.
മദീന ഖലീഫ മദ്രസയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ ഷഹാന്‍ സഫ്വാനെ ചടങ്ങില്‍ ആദരിച്ചു.
മദ്രസ മാനേജ്മെന്റ്, അധ്യാപകര്‍, മറ്റു സ്റ്റാഫ് അംഗങ്ങള്‍, പിടിഎ പ്രതിനിതികള്‍, ബഷീര്‍ അന്‍വാരി, റഷീദ് കണ്ണൂര്‍, ഡോ.റസീല്‍, അഹമ്മദ് മുസ്തഫ, ജസീറ റിയാസ്, ലുബ്‌ന ഷാഹിര്‍, ജമീല നാസ്സര്‍, അലി റഷാദ്, നൗഷാദ് ചാലില്‍, റിയാസ് കെ.ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഹമ്മദ് ഉമര്‍ ഫാറൂഖ് ഖിറാഅത്ത് നടത്തിയ പരിപാടിയില്‍ വൈസ് പ്രിന്‍സിപ്പല്‍ സഹീര്‍ കെ.സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഹര്‍ബാനു ഇംതിയാസ് നന്ദിയും പറഞ്ഞു.
Content Highlights: QIIC Islamic Study Centre`s graduation ceremony