പൊങ്കാല പൊടിപൂരമാക്കി ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം

.
.

ഹ്യുസ്റ്റണ്‍: ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം മാര്‍ച്ച് 8 ന് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ആഘോഷിച്ചു. ഹൈന്ദവരുടെ വിശ്വാസങ്ങളില്‍ ദേവി പ്രീതിക്കുവേണ്ടിയുള്ള ആചാരങ്ങളില്‍ ഏറ്റവും പ്രശസ്തമായിട്ടുള്ള ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സ്ത്രീകള്‍ വ്രതമെടുത്ത് അതീവ ഭക്തിയോടെ കൊണ്ടാടുന്ന ഈ പവിത്രമായ ആചാരം കുടുംബത്തിന്റെ സ്വര്‍വ്വ ഐശ്വര്യത്തിനും വേണ്ടിയുള്ളതാണ്.

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. 

അമേരിക്കയിലെ പല ഭാഗങ്ങളില്‍ നിന്നായി വന്നു ചേര്‍ന്ന നിരവധി സ്ത്രീ ജനങ്ങള്‍ അമ്പല മുറ്റത്ത് പ്രത്യേകമായി തയ്യാറാക്കിയ പൊങ്കാല അടുപ്പുകളില്‍ ദേവി പ്രീതിക്കായി പൊങ്കാല അര്‍പ്പിച്ചു.

അന്നേ ദിവസം അതിരാവിലെ തന്നെ മേല്‍ശാന്തി ശ്രീ സൂരജ് തിരുമേനിയുടെ കര്‍മ്മികത്വത്തില്‍ ആരംഭിച്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 11 മണിയോടെ ദേവി സന്നിധിയില്‍ നിന്നും പകര്‍ന്നെടുത്ത തിരിനാളം ചെണ്ടമേളത്തിന്റെഅകമ്പടിയോടെ എഴുന്നള്ളിച്ച് പൊങ്കാല മണ്ഡപത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ പണ്ടാരഅടുപ്പില്‍ തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. അമ്മേ നാരായണ ദേവി നാരായണ വിളികളാല്‍ മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ നൂറുകണക്കിന് ദേവി ഭക്തര്‍ തങ്ങളുടെ പൊങ്കാല നിവേദ്യം അര്‍പ്പിച്ചു. പണ്ടാരഅടുപ്പില്‍ തയ്യാറാക്കിയ നിവേദ്യം പകര്‍ന്നു ദേവി സന്നിധിയിലേക്ക് ആനയിച്ചു ദേവിക്ക് നിവേദിച്ച ശേഷം തിരിച്ച് പൊങ്കാലമണ്ഡപത്തിലെത്തിച്ച് ഓരോ പൊങ്കാല കലങ്ങളിലും തളിച്ച് ദേവി കടാക്ഷം ഏവര്‍ക്കും പകര്‍ന്നു നല്‍കിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി. തുടര്‍ന്ന് ഗുരുവായൂര്‍ സദ്യയും ഒരുക്കിയിരുന്നു. പ്രസിഡന്റ് സുബിന്‍ ബാലകൃഷ്ണന്‍ പൂജാ കമ്മിറ്റി ചെയര്‍ രാജിപിള്ള ഉത്സവകമ്മിറ്റി ചെയര്‍ അനില്‍ ഗോപിനാഥ് ട്രസ്റ്റി ചെയര്‍ സുനില്‍ നായര്‍ മറ്റെല്ലാ ബോര്‍ഡ് മെംബേഴ്‌സും ട്രസ്റ്റി മെംബേഴ്‌സും ആദ്യം മുതല്‍ അവസാനം വരെ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെ അതിഗംഭീരമായി പൊങ്കാല ആഘോഷിക്കുവാനും കൂടുതല്‍ ആളിലുകളിലേക്ക് പൊങ്കാലയുടെ മഹിമ എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി ആരംഭിക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി

Content Highlights: pongal celebration in Houston guruvayur temple