ഫ്രിഡ്‌ബെർഗിൽ ഓണാഘോഷം

ഫ്രിഡ്‌ബെർഗ്: ജർമനിയിലെ ഫ്രിഡ്‌ബെർഗ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. റോജൻ ജോർജ് സ്വാഗതം ആശംസിക്കുകയും തുടർന്ന് ‘ഓണം: ഇന്നലെയുടെ ഓർമ്മപുതുക്കൽ’ എന്ന വിഷയത്തെ ആസ്പദമാക്കി എൽദോ പൊട്ടക്കൽ ചാക്കോ പ്രഭാഷണം നടത്തുകയും ചെയ്തു.
കേരളത്തിന്റെ പാരമ്പര്യത്തനിമ വിളിച്ചോതിയ തിരുവാതിര, ഏകാംഗ പ്രകടനങ്ങൾ, വിവിധ നൃത്താവിഷ്കാരങ്ങൾ ഉൾപ്പെടെ അംഗങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവാസമണ്ണിലും ഓണത്തിന്റെ തനിമയും കേരളീയ കലാപാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതായിരുന്നു ഓരോ അവതരണവും.
വിഭവസമൃദ്ധമായ ഓണസദ്യയും സൗഹൃദസംഗമവും ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരുമുൾപ്പെടെ എൺപത്തഞ്ചോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷം പ്രവാസജീവിതത്തിനിടയിലും മലയാളത്തിന്റെ സംസ്കാരവും പാരമ്പര്യവും സൗഹൃദവും ഒരുമയും ചേർത്തുപിടിച്ചു.