നഴ്സിങ് കഠിനപ്രയത്നം ആവശ്യമായ തൊഴില്‍; ഓസ്ട്രിയയില്‍ പുതിയ നിയമം

വിയന്ന: നഴ്സിങ് തൊഴിലിനെ കഠിനാധ്വാനം വേണ്ട തൊഴിലായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളും നടത്തിയ പോരാട്ടം വിജയത്തില്‍. നഴ്സിങ് തൊഴിലാക്കിയവര്‍ക്കും ഇനി ഈ മേഖലയില്‍ വരാനിരിക്കുന്നവര്ക്കും ആശ്വാസമാകുന്ന വിധിയാണ് 2026 ജനുവരി മുതല്‍ ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വരുന്നത്.
നഴ്സുമാരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പുതിയ നിയമ പരിഷ്കരണം. ആതുരശുശ്രൂഷ അതിപ്രധാനമായ സേവന - തൊഴില്‍ രംഗം ആണെന്നും ശാരീരികമായും, വൈകാരികമായും മാനസികമായും വെല്ലുവിളികള്‍ സ്വീകരിച്ചാണ് ഈ തൊഴില്‍ രംഗം മുന്നോട്ടുപോകുന്നതെന്ന തിരിച്ചറിവിലാണ് ഓസ്ട്രിയ സുപ്രധാനമായ ചുവടുവെയ്പ്പ് നടത്തുന്നത്. ഇതോടെ സാമൂഹ്യ- തൊഴില്‍ രംഗത്ത് വീണ്ടും ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയായി ഓസ്ട്രിയ.
യൂറോപ്പിലെ ഏറ്റവും പഴയതും ഫലപ്രദവുമായ സാമൂഹിക സുരക്ഷാ സംവിധാനം നിലനില്‍ക്കുന്ന ഓസ്ട്രിയയില്‍ 1977-ല്‍ 'രാത്രി ഷിഫ്റ്റ്- കഠിനാധ്വാന നിയമം' പ്രാബല്യത്തില്‍ വന്നു. രാത്രിയില്‍ കടുത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ കഠിന ജോലിക്കാരായി കണക്കാക്കി പ്രത്യേക സംരക്ഷണം നല്കി. ഖനിത്തൊഴിലാളികള്‍, നിര്‍മ്മാണ, വ്യവസായ തൊഴിലാളികള്‍, അതീവ ചൂടിലും തണുപ്പിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് രോഗികളെ പരിചരിക്കുന്നവരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരും കഠിനാധ്വാനികളാണെന്ന ചിന്തയും ചര്‍ച്ചയായി. 1990-ല്‍ ഈ നിയമം 'കഠിനജോലിനിയമം' (Schwerarbeitsgesetz) എന്നായി.
ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് നഴ്സുമാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതിനെല്ലാം പുറമെ വൈകാരിക സമ്മര്‍ദ്ദവും നിറഞ്ഞതാണ് ആതുരശുശ്രൂഷാരംഗം. ഓര്‍മശക്തി നഷ്ടപ്പെട്ടവര്‍, ബുദ്ധിഭ്രമമുള്ളവര്‍, തീരാരോഗികള്‍, ചലന സാധ്യത തീര്‍ത്തും കുറവുള്ളവര്‍ എന്നിങ്ങനെ വിവിധ രീതിയിലുള്ള രോഗികളുമായുള്ള ഇടപെടലും സഹവാസവും നഴ്സിംഗ് മേഖലയെ കൂടുതല്‍ അധ്വാനം വേണ്ട ജോലിയാക്കുന്നു.
50 ശതമാനമോ അതിലധികമോ ജോലി സമയമുള്ള പാര്‍ട്ട്-ടൈം നഴ്സുമാരെയും ഭാവിയില്‍ ഈ ഗണത്തില്‍ പരിഗണിക്കും. പുതിയ നിയമ പ്രകാരം ഒരു മാസത്തില്‍ ആവശ്യമായ കഠിനാധ്വാന ദിനങ്ങളുടെ എണ്ണം 15 ല്‍ നിന്ന് 12 ആയി കുറയ്ക്കും. അതായത്, ഒരു മാസത്തില്‍ 12 ദിവസം നഴ്സിങ് ജോലി ചെയ്താല്‍ ആ മാസം പൂര്‍ണമായ ഒരു കഠിനജോലി ഇന്‍ഷുറന്‍സ് മാസമായി കണക്കാക്കും.
പുതിയ നിയമപ്രകാരം, ജോലിക്കാലം മുഴുവന്‍ നഴ്സിംഗില്‍ തുടരുകയും 45 സോഷ്യല്‍ ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് 60 വയസില്‍ വിരമിക്കാന്‍ കഴിയും. അതേസമയം ആരെങ്കിലും മറ്റൊരു മേഖലയില്‍ ജോലി ചെയ്തിരുന്നാലും, അവസാന 20 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 വര്‍ഷം നഴ്സിങ് ചെയ്താല്‍ മതി ഈ നിയമം ഉപകാരപ്പെടുത്താം.
നിലവില്‍ ഓസ്ട്രിയയില്‍ ജോലിചെയ്യുന്ന ഭൂരിപക്ഷം മലയാളികള്‍ക്കും (നന്നേ ചെറുപ്പത്തില്‍ ജോലിയില്‍ പ്രവേശിച്ച് കുറച്ചു പേരൊഴികെ) പുതിയ നിയമത്തിന്റെ മുഴുവന്‍ ആനുകൂല്യം ലഭിച്ചില്ലെങ്കിലും, ചെറുപ്പത്തിലേ നഴ്സിംഗ് തിരഞ്ഞെടുക്കുന്ന പുതിയ തലമുറയ്ക്ക് നിയമം സഹായമാകും.
Content Highlights: Nurses in Austria: A New Era of Recognition and Reduced Workload Under New Law