നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന ദിനം ആചരിച്ചു

ന്യൂയോർക്ക്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച 'ഭദ്രാസന ദിനം' വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും നടന്നു.

ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവിധ ഇടവകകളിൽ 'പുൾപിറ്റ് എക്‌സ്‌ചേഞ്ച്' നടന്നു. വികാരിമാർ മറ്റു ഇടവകകളിൽ പോയി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കുകയും ചെയ്തു. ഭദ്രാസനത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനാക്രമമാണ് എല്ലാ ഇടവകകളിലും ഉപയോഗിച്ചത്.

ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്ക് ഹൂസ്റ്റണിൽ നിന്നുള്ള വികാരി സോനു സ്‌കറിയാ വര്ഗീസ് കാർമികത്വം വഹിച്ചു. ജെഫ് തോമസ്, ഫിൽ മാത്യു, രാജു വർഗീസ്, സജി ജോർജ്, ജയാ ജോർജ് എന്നിവർ സഹകാർമികരായിരുന്നു.

ഭദ്രാസന എപ്പിസ്‌കോപ്പ ഡോ.എബ്രഹാം മാർ പൗലോസ് വിശ്വാസികൾക്കായി നൽകിയ സന്ദേശത്തിൽ, ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ പ്രയത്‌നിച്ച പൂർവികരെ നന്ദിയോടെ സ്മരിച്ചു.

നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാർത്തോമ്മാ വിശ്വാസികളുടെ ഐക്യവും സഭയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ഭദ്രാസന ദിനാചരണം.

വാർത്തയും ഫോട്ടോയും : പി.പി.ചെറിയാൻ

Content Highlights: North America-Europe Mar Thoma Diocese Day Celebrated Across Parishes