'സെവന്‍ ബീറ്റ്സ്-സര്‍ഗ്ഗം സ്റ്റീവനേജ്' സംഗീതോത്സവം സംഘടിപ്പിച്ചു

.
.

സ്റ്റീവനേജ്: സെവന്‍ ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ നിറഞ്ഞു കവിഞ്ഞ കലാസ്‌നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങില്‍ വിരിഞ്ഞത് വര്‍ണ്ണാഭമായ മഴവില്‍ കലാ വസന്തം. നൂറു കണക്കിന് ആസ്വാദക ഹൃദയങ്ങളെ സാക്ഷി നിറുത്തി സ്റ്റീവനേജിലെ വെല്‍വിനില്‍ അരങ്ങേറിയ സംഗീത-നൃത്തോത്സവത്തെ സദസ്സ് വരവേറ്റത് ഗംഭീരമായ കലാ വിരുന്നിനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പത്തരവരെ നീണ്ടു നിന്നു.

സ്റ്റീവനേജ് മേയര്‍ കൗണ്‍സിലര്‍ മൈല ആര്‍സിനോ സംഗീതോത്സവ വേദി സന്ദര്‍ശിക്കുകയും, പരിപാടികള്‍ കുറച്ചു നേരം ആസ്വദിക്കുകയും ചെയ്ത ശേഷം ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. യു.കെയിലെ ആദ്യകാല ചെണ്ട മേള ടീമും, നിരവധിയായ വേദികളില്‍ അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുമുള്ള 'സര്‍ഗ്ഗ താളം' സ്റ്റീവനേജ് വേദിയില്‍ തകര്‍ത്താടിയ 'ശിങ്കാരി മേളം' സംഗീതോത്സവത്തിലെ ഹൈലൈറ്റായി. ജോണി കല്ലടാന്തി, ഷെര്‍വിന്‍ ഷാജി, സോയിമോന്‍ അടക്കം പ്രഗത്ഭരായ നിരയാണ് ശിങ്കാരി മേളം നയിച്ചത്.

7 ബീറ്റ്‌സിന്റെ സംഗീതോത്സവ ഉദ്ഘാടന വേദിയില്‍ കോര്‍ഡിനേറ്റര്‍ സണ്ണിമോന്‍ മത്തായി അധ്യക്ഷത വഹിച്ചു. ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതവും, ഡോ.ശിവകുമാര്‍ 'സ്വരം' മാഗസിന്‍ പ്രകാശനം ചെയ്ത്, ഒഎന്‍വി അനുസ്മരണ പ്രഭാഷണവും നടത്തി.

യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരായ കലാപ്രതിഭകളുടെ മികവുറ്റ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു. ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം നടത്തിയ റാഫില്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്‌പോണ്‍സറായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഭാഗ്യക്കുറി നറുക്കെടുപ്പും ഭാഗ്യശാലികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. കറി വില്ലേജ് ഒരുക്കിയ ഫുഡ് സ്റ്റോള്‍ വിഭവങ്ങള്‍, ഏറെ സ്വാദിഷ്ടവും രുചികരവുമായി.

ലണ്ടനില്‍ നിന്നുള്ള ജിഷ്മാ മെറി, സാലിസ്ബറിയില്‍ നിന്നുള്ള പപ്പന്‍, ലൂട്ടനില്‍ നിന്നുള്ള വിന്യാ രാജ് എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റ് സമാപിച്ചു. 

പത്മശ്രീ ഡോ.ഒഎന്‍വിയുടെ അനുസ്മരണ വേദിയില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും കവിതകളും ഫോട്ടോകളും കോര്‍ത്തിണക്കി കൗണ്‍സിലര്‍ ഡോ.ശിവകുമാര്‍ തയ്യാറാക്കിയ സ്വരം മാഗസിന്‍ സെവന്‍ ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ വെച്ച് പ്രകാശനം ചെയ്തു. ഡോ. കെ ജെ യേശുദാസ്, പെരുമ്പടവം ശ്രീധരന്‍, ഡോ. ജയകുമാര്‍ ഐ എ എസ്, പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂര്‍, അപര്‍ണ്ണാ രാജീവ്, രവി മേനോന്‍ അടക്കം മലയാള സാഹിത്യ ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ എഴുതിയ ലേഖനങ്ങളും സ്മരണകളും ചിത്രങ്ങളും ചേര്‍ത്താണ് 'സ്വരം' മാഗസിന്‍ തയ്യാറാക്കിയത്. 

യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ യുവഗായകര്‍ ഒഎന്‍വിയുടെ ഗാനങ്ങള്‍ ആലപിച്ചു. ഒഎന്‍വി ഗാനങ്ങള്‍ കോര്‍ത്തിണക്കി സര്‍ഗ്ഗം സ്റ്റീവനേജ് 'ടീന്‍സ്' സംഘനൃത്തവും അവതരിപ്പിച്ചു.

യു കെ മലയാളിയും പ്രശസ്ത കലാകാരനുമായ ജിന്‍സണ്‍ ഇരിട്ടി രചനയും സംവിധാനവും ചെയ്തു നിര്‍മ്മിച്ച 'ബിഹൈന്‍ഡ്' മൂവിയുടെ ഫസ്റ്റ് ടീസര്‍ റിലീസിങും സംഗീതോത്സവ വേദിയില്‍ നടന്നു. യു കെ മലയാളി രശ്മി പ്രകാശ് ഗാനമെഴുതി പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ആദ്യമായി സംഗീതം നല്‍കി ആലപിച്ച ഗാനവും, ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ആന്‍ ജോമോന്‍ ആലപിച്ചഭിനയിച്ച ഗാനവും ബിഹൈന്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബീനാ റോയി എഴുതിയ പാട്ടും സെവന്‍ ബീറ്റ്‌സിന്റെ കോര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ അഭിനേതാവായും എത്തുന്നു.

രാഷ്ട്രീയ, സാമൂഹ്യ, ജീവ കാരുണ്യ, സംരംഭക തലങ്ങളില്‍ ആര്‍ജ്ജിച്ച മികവിന്റേയും സംഭാവനകളുടെയും അംഗീകാരമായി ഷൈനു ക്ലെയര്‍ മാത്യൂസ്, ലേഖനം, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായി രശ്മി പ്രകാശ് രാജേഷ്, ആതുര സേവനത്തിന് ലഭിക്കാവുന്ന ഉന്നത ബഹുമതിയായ 'ചീഫ് നേഴ്‌സിങ് ഓഫീസര്‍' എന്ന ദേശീയ എന്‍ എച്ച് എസ് പുരസ്‌കാരം നേടിയതിലുള്ള അംഗീകാരമായി ലിന്‍ഡാ സര്‍ജു, നിയമ മേഖലകളില്‍ പുലര്‍ത്തുന്ന പ്രാവീണ്യവും, ഉത്തമവും വിശ്വസ്തതവുമായ സേവനവും പരിഗണിച്ച് മികച്ച സോളിസിറ്റര്‍ സ്ഥാപനത്തിനുള്ള അവാര്‍ഡ് പോള്‍ ജോണ് എന്നിവര്‍ ഏറ്റുവാങ്ങി.

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ

Content Highlights: music event