ഈജിപ്തില്‍ സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഹമദ് രാജാവ് തിരിച്ചെത്തി

മനാമ: ഷാം എല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തിരിച്ചെത്തി. ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കുന്നതിന് സാക്ഷ്യം വഹിച്ചതിനും ശേഷമാണ് മടക്കം.
ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുടെ ക്ഷണപ്രകാരമാണ് രാജാവ് പങ്കെടുത്തത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല തന്ത്രപരമായ ബന്ധങ്ങളും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും രാജാവും യുഎസ് പ്രസിഡന്റും അവലോകനം ചെയ്തു. ഈ സമാധാന കരാറിലെത്തുന്നതിലും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ രാജാവിന്റെ ശ്രമങ്ങളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു.
ഷാം എല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പങ്കാളിത്തം മിഡില്‍ ഈസ്റ്റില്‍ ശാശ്വത സുരക്ഷ, സ്ഥിരത, സമഗ്ര സമാധാനം എന്നിവ കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രാജകീയ കാഴ്ചപ്പാടിനെ പ്രകടമാക്കുന്നുവെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി നടന്ന ഈ ചരിത്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ രാജ്യത്തിന്റെ നന്ദി ഡോ.അല്‍ സയാനി അറിയിച്ചു. പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിലും പ്രാദേശിക, അന്തര്‍ദേശീയ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതില്‍ അതിന്റെ നേതൃപരമായ പങ്കിനെക്കുറിച്ചും അദ്ദേഹം അടിവരയിട്ടു. ഗാസ കരാറിനെക്കുറിച്ചുള്ള സമഗ്രരേഖയ്ക്ക് ബഹ്റൈന്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍, തടവുകാരുടെ കൈമാറ്റം, മാനുഷിക സഹായം ലഭ്യമാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.