കൈരളി യുകെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദരവ്

.
.

യുകെയില്‍ ഉടനീളം സ്റ്റെം സെല്‍ ഡോണര്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതില്‍ കൈരളി യുകെ നടത്തിയ പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ആദരവ്. അവയവദാന വാരത്തില്‍, സീമ മല്‍ഹോത്ര എം.പി, ഡികെഎംഎസ് യുകെ, ആന്റണി നോളന്‍ ട്രസ്റ്റ്, എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് എന്നിവയ്ക്കൊപ്പം ഉപഹാര്‍ ചാരിറ്റിയും പാര്‍ലമെന്റിലെ അവരുടെ സന്നദ്ധപ്രവര്‍ത്തകരും ദക്ഷിണേഷ്യന്‍ സമൂഹത്തില്‍ അവയവദാനത്തിന്റെ പ്രാധാന്യത്തെ ബഹുമാനിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനും വഹിച്ച പങ്കിനാണ് കൈരളി യുകെ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചത്.

കൈരളി യുകെ ഉപഹാറിനൊപ്പം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂല കോശ ദാനത്തെപ്പറ്റി അവബോധം വളര്‍ത്തുക മാത്രമല്ല, രജിസ്റ്റര്‍ ചെയ്ത സ്റ്റെം സെല്‍ ദാതാക്കളില്‍ ഗണ്യമായ വര്‍ധനവിന് കാരണമാവുകയും ചെയ്തു. ഉപഹാര്‍ ഇതിനകം തന്നെ 7000 ദാതാക്കളുമായി ഒപ്പുവച്ചു. കൈരളി യുകെ ഒരു വര്‍ഷത്തിലേറെയായി ഉപഹാറിനൊപ്പം സന്നദ്ധസേവനം നടത്തുകയും യുകെയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.

കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജന്‍, ജോയിന്‍ സെക്രട്ടറി നവീന്‍ ഹരികുമാര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജോയ് സെബാസ്റ്റ്യന്‍, ബര്‍മിങ്ഹാം യൂണിറ്റ് സെക്രട്ടറി അഡ്വ.ഷാഹിന മക്ദും ഷാ, സന്തോഷ് ആന്റണി പ്ലാശ്ശേരി, സെബാസ്റ്റ്യന്‍ ജോസഫ്, ദിവ്യ ക്ലമന്റ് എന്നിവര്‍ കൈരളിയെ പ്രതിനിധീകരിച്ചു ചടങ്ങില്‍ പങ്കെടുത്തു.

യുകെയില്‍ സ്ഥിരതാമസമാക്കിയ യുപി സ്വദേശിക്ക് കാന്‍സര്‍ ഭേദമാക്കുവാന്‍ മൂല കോശ ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അനുയോജ്യരായ രോഗിയുടെ ജനിതകത്തോട് ചേര്‍ച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നടത്തുന്ന സാമ്പിള്‍ ശേഖരണത്തിനാണ് കൈരളി, ഡികെഎംഎസ് യുകെ, ഉപഹാര്‍ എന്നീ ബ്ലഡ് കാന്‍സര്‍ ചാരിറ്റിയുമായി കൈകോര്‍ത്തത്. പിന്നീട് യുകെയിലെ വിവിധ ഭാഗങ്ങളില്‍ സ്റ്റെം സെല്‍ ഡോണര്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുവാന്‍ കൈരളിക്ക് കഴിഞ്ഞു. രക്താര്‍ബുദം, ലിംഫോമ, മറ്റ് രക്ത സംബന്ധമായ അസുഖങ്ങള്‍ എന്നിവയുമായി പൊരുതുന്ന രോഗികള്‍ക്ക് സ്റ്റെം സെല്‍ ചികിത്സ ജീവന്‍ രക്ഷിക്കാനുള്ള പ്രക്രിയയാണ്. കൈരളി യുകെ ദേശീയ കമ്മിറ്റി കഴിഞ്ഞ കാലങ്ങളില്‍ ക്യാമ്പയിനുകളോട് സഹകരിച്ച എല്ലാവര്‍ക്കും, ഉപഹാര്‍ ചാരിറ്റി ട്രസ്റ്റി ഡോ.അജിമോള്‍ പ്രദീപിനും നന്ദി അറിയിക്കുകയും ഭാവിയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

Content Highlights: kairali UK