ജപ്പാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടോം ജേക്കബിന് സ്വർണം

ഗ്ലാസ്ഗോ: ജപ്പാനില് ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയില് നടന്ന ഇന്റര്നാഷണല് കരാട്ടെ ചാമ്പ്യന്ഷിപ്പില് സ്വര്ണമെഡൽ നേടി യുകെ മലയാളിയായ ടോം ജേക്കബ്.
മാര്ഷ്യല് ആര്ട്സില് ഏറ്റവും ഉയര്ന്ന റാങ്കിങ്ങായ എട്ടാം ഡാന് നേടിയ ടോമിന് കരാട്ടെ ഗ്രാന്ഡ് മാസ്റ്റര് റാങ്കുണ്ട്. കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, സാങ്കേതികത്വം, സ്വഭാവം, അച്ചടക്കം, പെരുമാറ്റം അടക്കം വ്യക്തിഗത മാനദണ്ഡങ്ങള് കണക്കില് എടുത്താണ് 8 ഡാന് ബ്ലാക്ക് ബെല്റ്റ് ടെസ്റ്റിനു യോഗ്യതയും റാങ്കിങ്ങും പരിഗണിക്കുന്നത്.
കരാട്ടെ ആയോധന കലയിലെ ഏറ്റവും ഉയര്ന്ന 'ഹാന്ഷി' സീനിയര് മാസ്റ്റര് തിലകം (മോഡല് മാസ്റ്റര് ഓഫ് മാസ്റ്റേഴ്സ്) കരസ്ഥമാക്കിക്കൊണ്ടാണ് ടോം ജപ്പാനില് നിന്നും മടങ്ങുന്നത്. ഷോട്ടോകാന് കരാട്ടെ ആഗോള ചെയര്മാനായ ഗ്രാന്ഡ് മാസ്റ്റര് കെന്ജി നുമ്രയുടെ (10th ഡാന് റഡ്ബെല്റ്റ്) കൈകളില് നിന്നും ഈ അംഗീകാരം ഏറ്റുവാങ്ങുവാന് കഴിഞ്ഞത് വലിയ സ്വപ്ന സാക്ഷാത്കാരമായെന്ന് ടോം പറഞ്ഞു. 'ഹാന്ഷി' അംഗീകാരം നേടിയ ടോമിന്, കരാട്ടെയിലെ ഏറ്റവും ഉയര്ന്ന റാങ്കായ റെഡ് ബെല്റ്റ് ധരിച്ചു കൊണ്ട് പരിശീലനം നല്കുവാനും കഴിയും.
ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയാണ് ടോം. 20 വര്ഷം മുമ്പാണ് സ്കോട്ലന്ഡിലെ ഇന്വര്ക്ലൈഡിലേക്ക് എത്തുന്നത്. മാര്ക്കറ്റിങ്ങില് എംബിഎ പോസ്റ്റ്ഗ്രാജ്വേഷന് പഠനത്തിനെത്തിയ ടോം പഠനത്തോടൊപ്പം ആയോധനകലയിലെ പരിശീലനവും തുടരുകയായിരുന്നു.
ഗ്ലാസ്ഗോ, കിംഗ്സ്റ്റണ് ഡോക്കില് ഭാര്യ ജിഷ ഗ്രിഗറിക്കും (എന്എച്ചസ് കമ്മ്യൂണിറ്റി നേഴ്സ്) മകന് ലിയോണിനുമൊപ്പം (സ്കോട്ലന്ഡ് ബോക്സിംഗ് ചാമ്പ്യന്) കുടുംബസമേതം താമസിച്ചുവരുന്നു.
വാര്ത്തയും ഫോട്ടോയും : അപ്പച്ചന് കണ്ണഞ്ചിറ
Content Highlights: Jappan Karate Championship