ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ മലേഷ്യ സന്ദര്‍ശിക്കാം: സൗജന്യ വിസ കാലാവധി നീട്ടി

ക്വലാലമ്പൂര്‍: ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ ഇളവ് രണ്ടു വര്‍ഷത്തേക്ക് കൂടി വര്‍ധിപ്പിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ കൂടുതലിഷ്ടപ്പെടുന്ന മുന്‍നിര ഏഷ്യന്‍ രാജ്യങ്ങളില്‍പ്പെടുന്ന മലേഷ്യയില്‍ കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഇന്ത്യ, ചൈന തുടങ്ങി രാജ്യക്കാര്‍ക്ക് വേണ്ടി ഒരു വര്‍ഷത്തേക്കുള്ള സൗജന്യ സന്ദര്‍ശക വിസ സൗകര്യം ഏര്‍പ്പെടുത്തിയത്. 2024 ഡിസംബര്‍ 31 ന് നിലവിലെ വിസ ഇളവ് അവസാനിക്കാനിരിക്കെയാണ് 2026 ഡിസംബര്‍ 31 വരെ പ്രസ്തുത സൗകര്യം ദീര്‍ഘിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവായത്. ഇതോടെ വീണ്ടും രണ്ട് വര്‍ഷത്തേക്ക് കൂടി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി മലേഷ്യ സന്ദര്‍ശിക്കാനാകും. ഡിസംബര്‍ 20 വെള്ളിയാഴ്ച ചേര്‍ന്ന പത്രസമ്മേളനത്തില്‍ മലേഷ്യയുടെ ആഭ്യന്തര സെക്രട്ടറി ജനറല്‍ ദത്തൂക്ക് അവാങ് അലിക് ജെമാന്‍ ആണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയത്.
നിലവില്‍ നിരവധി ഇന്ത്യക്കാരാണ് മലേഷ്യന്‍ ടൂറിസം ആസ്വദിക്കാനായി സന്ദര്‍ശക വിസ ഇളവ് പ്രയോജനപ്പെടുത്തുന്നത്. 2023 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഗവണ്‍മെന്റിന്റെ വിസാ ഉദാരവല്‍ക്കരണ പദ്ധതിയിലൂടെ ദേശീയ സുരക്ഷ നിലനിര്‍ത്തിക്കൊണ്ട് മലേഷ്യയിലെ വിനോദസഞ്ചാരം കൂടുതല്‍ സൗഹൃദപരമാക്കുന്നതോടൊപ്പം രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയും, രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം മേഖലകളെ ഉത്തേജിപ്പിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയോടൊപ്പം ചൈനയില്‍ നിന്നുമുള്ള ടൂറിസ്റ്റുകള്‍ക്കും രണ്ട് വര്‍ഷത്തേക്ക് കൂടി സൗജന്യ വിസാ കാലാവധി കൂട്ടി നല്‍കിയിട്ടുണ്ട്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ദ്വീപുകളും, ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുമടക്കം മലേഷ്യയില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ഒട്ടനവധി ഡെസ്റ്റിനേഷനുകളുണ്ട്.തലസ്ഥാന നഗരിയായ ക്വലാലമ്പൂരിലെ പ്രസിദ്ധമായ 88 നിലകളുള്ള പെട്രോനാസ് ഇരട്ട ഗോപുരങ്ങളും, ലോകത്തിലെ തന്നെ ഏഴാമത്തെ ഏറ്റവും ഉയരമുള്ള ടെലികമ്മ്യൂണിക്കേഷന്‍ ടവറായ കെ.എല്‍ ടവറും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. ഇതിന് പുറമെ, ഏറ്റവും പ്രശസ്തമായ ഹിന്ദു ആരാധനാലയവും ഗുഹാക്ഷേത്രവുമായ 'ബത്തു കേവ് മുരുകന്‍ ക്ഷേത്രവും, 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ഹില്‍ സ്റ്റേഷനായ ഗെണ്ടിങ് ഹൈലാന്‍ഡും, കേബിള്‍ കാര്‍ സവാരിയുമൊക്കെ ആസ്വദിക്കാനായി ദൈനം ദിനം ആയിരക്കണക്കിന് സഞ്ചാരികളാണ് മലേഷ്യയിലെത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച, അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മലേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രമാണ് വടക്കേ സംസ്ഥാനമായ പെനാങ്. സമുദ്രനിരപ്പില്‍ നിന്ന് 660 മീറ്റര്‍ ഉയരത്തിലുള്ള ലങ്കാവിയിലെ സ്‌കൈ ബ്രിഡ്ജ് മറ്റൊരു മുഖ്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്.
നിരവധി ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ഛയങ്ങള്‍ നിറഞ്ഞ മലാക്ക സിറ്റിയും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മലേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ഇവ കൂടാതെ നൂറുകണക്കിന് കൊച്ചു ദ്വീപുകളും മലേഷ്യയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പൊതുവെ ഭക്ഷണപ്രിയരുടെ രാജ്യമായ മലേഷ്യയില്‍ ചൈനീസ്, ഇന്ത്യന്‍, തായ്, മലായ്, അറബ് തുടങ്ങി തനത് രുചിയോടെ സ്വാദിഷ്ടമായ ഭക്ഷണങ്ങളും സുലഭമാണ്. മലേഷ്യയുടെ ടൂറിസ്റ്റ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വിസാ ഇളവ് പ്രഖ്യാപിച്ച ശേഷം 2024 ജനുവരി മുതല്‍ നവംബര്‍ വരെ പത്തുലക്ഷത്തിലധികം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് രാജ്യം സന്ദര്‍ശിച്ചത്. ഇത് മുന്‍കാല കണക്കുകളെ അപേക്ഷിച്ച് 47 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഏഷ്യയിലെ ഒരു ട്രാവല്‍ ഹബ് കൂടിയായ മലേഷ്യ സന്ദര്‍ശിക്കുന്നതോടൊപ്പം അയല്‍ രാജ്യങ്ങളായ സിംഗപ്പൂരും തായ്ലാന്‍ഡും ഇന്തോനേഷ്യയും കൂടി സന്ദര്‍ശിക്കുന്ന വിധം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് താരതമ്യേന മൊത്തം ചിലവില്‍ ഗണ്യമായ തുക മിച്ചം നേടാനാകും. വിസാരഹിത എന്‍ട്രിയാണെങ്കിലും ഓരോ യാത്രക്കാരനും സന്ദര്‍ശക വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള മലേഷ്യന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം. പഴുതടച്ച എമിഗ്രേഷന്‍ നടപടികളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പ്രവേശനാനുമതി. മടക്കയാത്രക്കുള്ള വിമാന ടിക്കറ്റും രാജ്യത്ത് തങ്ങുന്ന മുഴുവന്‍ ദിവസങ്ങളിലേക്കുമുള്ള താമസസൗകര്യങ്ങളുടെ വിവരങ്ങളും സന്ദര്‍ശക വേളയില്‍ ചിലവിടാനുള്ള പണവും മുന്‍കൂറായി കരുതണം. യാത്ര പുറപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് മലേഷ്യന്‍ എമിഗ്രെഷന്റ വെബ്സൈറ്റില്‍ യാത്രക്കാരന്റെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡും നിര്‍ബന്ധമായും മേല്‍പ്പറഞ്ഞ രേഖകളുടെ കൂടെ എമിഗ്രെഷന്‍ നടപടികള്‍ക്കായി ഹാജരാക്കണം.
തിരുവനന്തപുരം, കൊച്ചി എയപര്‍പോര്‍ട്ടുകള്‍ക്ക് പുറമെ, കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കോഴിക്കോട് നിന്നും മലേഷ്യയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നും ദിവസേന വ്യത്യസ്ത എയര്‍ലൈന്‍സുകളിലായി അഞ്ചോളം സര്‍വീസുകളും തിരുവനനതപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഏഷ്യയും മലേഷ്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
വാര്‍ത്തയും ഫോട്ടോയും : ആത്മേശന്‍ പച്ചാട്ട്
Content Highlights: Indians Can Visit Malaysia Without Visa: Malaysia Extends Free Visa