ഹൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം പ്രൗഢോജ്വലമായി

ഹൂസ്റ്റൻ: ഹൂസ്റ്റൻ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വിശ്വാസികൾ തിരുവേണം പ്രൗഢോജ്വലമായി ആഘോഷിച്ചു. മാവേലിത്തമ്പുരാനെ സ്വീകരിക്കാനായി നാലായിരത്തിലധികം പ്രജകളാണ് എത്തിച്ചേർന്നത് താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ്, മറ്റു വിവിധ ഇനം കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മഹാബലിയെ എതിരേറ്റത്.
ഇരുനൂറ്റി എഴുപതുപേർ ഒരേ വേഷത്തിൽ, ഒരേ ഭാവത്തിൽ, ഒരേ താളത്തിൽ, ഒരേ അംഗചലനങ്ങളോടെ അവതരിപ്പിച്ച മെഗാ തിരുവാതിര വർണ്ണനാതീതമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മഞ്ജുനാഥ്, ജഡ്ജ് സുരേന്ദ്രൻപട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ, എന്നിവർ മുഖ്യാതിഥികളായിരുന്നു.
അമ്പലപ്പറമ്പിലെ കൃഷിത്തോട്ടത്തിലെ പച്ചക്കറി ഉപയോഗിച്ചുള്ള ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മുപ്പത്തഞ്ചോളം വിഭവങ്ങളോട് കൂടിയുള്ള മെഗാ സദ്യ പുത്തൻ അനുഭവമായി. ത്രൃശൂർ അമ്പിസ്വാമിയുടെ പാലടപ്രഥമനും ചേർന്ന് രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെ നാലായിരത്തി ഇരുനൂറോളം അതിഥികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ അവസരമൊരുക്കി.
വിവിധ ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, സ്കിറ്റുകൾ മറ്റു കലാരൂപങ്ങൾ എന്നിവ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ക്ഷേത്രത്തോട് ചേർന്നുള്ള 8.5 മില്യൺ ഡോളർ വിലയുള്ള 8.5 ഏക്കർ സ്ഥലം മാധവൻപിള്ള CPA ഹൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു സംഭാവനയായി നൽകിയത് കരഘോഷത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്.
സീനിയർ ലൈഫ് മെമ്പേഴ്സിനെ ജീവൻ സാധന പുരസ്കാരം നൽകി ആദരിക്കുകയും അവരുടെ സംഭാവനയെ ഓർമ്മപ്പെടുത്തുകയും ചെയ്തു. പ്രസിഡന്റ് ഡോ. രാമദാസ്, സുനിൽ നായർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ഓണാഘോഷം വൻ വിജയമാക്കിയ എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്റ്റൻ
Content Highlights: Over 4,000 devotees gathered at the Epic Center in Rosenberg, Houston, to celebrate Onam., A record-breaking 270 participants performed a synchronized mega Thiruvathira., A traditional Onasadya with 35 dishes was served to approximately 4,200 guests., Madhavan Pillai CPA donated 8.5 acres of land valued at $8.5 million to the temple.