ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാനയുടെ ചടങ്ങുകളോടെ വിശുദ്ധവാര കര്‍മങ്ങള്‍ക്ക് തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളില്‍ നടത്തപ്പെട്ട നാല് വിശുദ്ധ കുര്‍ബാനകളില്‍ ഇടവക സമൂഹം പങ്കു ചേര്‍ന്നു.
വികാരി ഫാ.സിജു മുടക്കോടിയില്‍, ഫാ.ബിബിന്‍ കണ്ടോത്ത് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. കുരുത്തോല വിതരണവും വിശുദ്ധ കുര്‍ബാനയും, മലയാളത്തിലും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക്, വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ്, കൈക്കാരന്‍മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, അള്‍ത്താര ശുശ്രുഷികള്‍, ഗായകസംഘം എന്നിവര്‍ സജീവമായി നേതൃത്വം നല്‍കി.
വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി വ്യഴാഴ്ച വൈകീട്ട് ഏഴുമണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹാ ആചാരണവും നടത്തപ്പെടും. ദുഃഖവെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലും, മുതിര്‍ന്നവര്‍ക്കായി ഏഴുമണിക്ക് മലയാളത്തിലും പീഡാനുഭവശുശ്രൂഷയും കുരിശിന്റെ വഴിയും നടത്തപ്പെടും. ദുഃഖശനിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 8.15 നും ആഘോഷമായ ഈസ്റ്റര്‍ വിജില്‍ സര്‍വീസ് ശനിയാഴ്ച വൈകീട്ട് 5 മണിക്കും (ഇംഗ്ലീഷ്), ഏഴുമണിക്കും (മലയാളം) നടത്തപ്പെടും. ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ പത്തുമണിക്കും വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും.
പ്രാര്‍ത്ഥനാ ചൈതന്യത്തിലും വിശ്വാസനിറവിലും വിശുദ്ധവാരത്തിന്റെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്ക് വേണ്ടി വികാരി. ഫാ.സിജു മുടക്കോടിയില്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തിക്കുന്നേല്‍
Content Highlights: Holy Week Begins at St. Mary`s Knanaya Church, Chicago