ബഹ്‌റൈനില്‍ 'ജിപിസിഎ ഫോറം' ഉദ്ഘാടനം ചെയ്തു

#അശോക് കുമാര്‍
ബഹ്‌റൈനില്‍ 'ജിപിസിഎ ഫോറം' ഉദ്ഘാടന ചടങ്ങില്‍ രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിൻ ഹമദ് അല്‍ ഖലീഫ
ബഹ്‌റൈനില്‍ 'ജിപിസിഎ ഫോറം' ഉദ്ഘാടന ചടങ്ങില്‍ രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിൻ ഹമദ് അല്‍ ഖലീഫ

മനാമ: 'തന്ത്രപരമായ പങ്കാളിത്തത്തിലൂടെ മത്സരക്ഷമത വര്‍ധിപ്പിക്കുക' എന്ന വിഷയത്തില്‍ 19-ാമത് വാര്‍ഷിക ഗള്‍ഫ് പെട്രോകെമിക്കല്‍സ് ആന്‍ഡ് കെമിക്കല്‍സ് അസോസിയേഷന്‍ (ജിപിസിഎ) ഫോറം ബാപ്കോ എനര്‍ജിസ് ചെയര്‍മാന്‍, മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ (സാബിക്) ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് സൗദ് ബിന്‍ അബ്ദുല്ല ബിന്‍ അല്‍ സൗദും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ പ്രാദേശിക, അന്തര്‍ദേശീയ വ്യാവസായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ വിശാലമായ പങ്കാളിത്തവും ഉണ്ടായിരുന്നു.

ബഹ്റൈന്‍ ആദ്യമായി ഈ ആഗോള വ്യാവസായിക പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയുടെ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും പ്രധാന അന്താരാഷ്ട്ര പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിവുള്ള ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുമെന്നും ഷെയ്ഖ് നാസര്‍ ഊന്നിപ്പറഞ്ഞു. നൂതനാശയങ്ങളും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും ദ്രുതഗതിയിലുള്ള ആഗോള മാറ്റങ്ങളെ നേരിടാന്‍ കൂടുതല്‍ സജ്ജമായ ഒരു വ്യാവസായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഫോറം പ്രതിഫലിപ്പിക്കുന്നുവെന്ന് ഹിസ് ഹൈനസ് അഭിപ്രായപ്പെട്ടു.

300-ലധികം അന്താരാഷ്ട്ര കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള ഈ പ്രത്യേക പ്രദര്‍ശനം, പെട്രോകെമിക്കല്‍, കെമിക്കല്‍ മേഖലകളിലെ വ്യാവസായിക കണ്ടുപിടുത്തങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്‍ രാജ്യത്തിന്റെ വളര്‍ന്നുവരുന്ന നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നാസര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ ഗള്‍ഫ് പെട്രോകെമിക്കല്‍സ് ആന്‍ഡ് കെമിക്കല്‍സ് അസോസിയേഷന്‍ (ജിപിസിഎ) ചെയര്‍മാനും സാബിക് സിഇഒയും ബോര്‍ഡ് അംഗവുമായ അബ്ദുള്‍റഹ്‌മാന്‍ അല്‍ ഫഗീഹ് പ്രസംഗിച്ചു. തുടര്‍ന്ന് എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക ദൂതനുമായ ഡോ.മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദിന പ്രസംഗിച്ചു.

സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന സ്റ്റാര്‍ട്ട്-അപ്പ് നെക്‌സസ്, ജിപിസിഎയുടെ സൊല്യൂഷന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ്, ജിപിസിഎയുടെ സുസ്ഥിരതാ പവലിയന്‍, ലോകമെമ്പാടുമുള്ള 300 ലധികം കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള അനുബന്ധ പ്രദര്‍ശനം എന്നിവയുള്‍പ്പെടെ നിരവധി സൈഡ് ഇവന്റുകളും സംരംഭങ്ങളും ഫോറത്തില്‍ ഉള്‍പ്പെടുന്നു. ജിപിസിഎ ഫോറം ഡിസംബര്‍ 11 വരെ തുടരും.

Content Highlights: GPCA forum inauguration