ഫാ. ഇമ്മാനുവേൽ കല്ലറയ്ക്കലിന് വാട്ടർഫോർഡ് സീറോ മലബാർ സമൂഹം വിട നൽകി

ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ അന്തരിച്ച ഹോളിക്രോസ് സന്യാസസഭയുടെ വികാർ ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായിരുന്ന ഫാ. ഇമ്മാനുവേൽ കല്ലറയ്ക്കലിന് (സിഎസ്‌സി) വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ സമൂഹം കണ്ണീരോടെ വിട നൽകി. സംസ്‌കാരം പിന്നീട് ഇന്ത്യയിലെ ത്രിപുര അഗർത്തലയിൽ നടക്കും.
വാട്ടർഫോർഡ് ന്യൂടൗണിലെ സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ബെനിൽഡസ് പള്ളിയിൽ നടന്ന പൊതുദർശനത്തിലും പ്രാർഥനാ ശുശ്രൂഷകളിലും നിരവധി മലയാളികൾ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു. ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വലിയ ഒപ്പീസ് നടത്തി. ഹോസ്പിറ്റൽ ചാപ്ലയിൻസ് ഫാ. ജോൺ ഫിലിപ്പ്, ഫാ. റസൽ ജേക്കബ്, ഹോളിക്രോസ് സന്യാസസഭയിലെ വൈദികരായ ഫാ. അജി, ഫാ. വലേറിയൻ എന്നിവർ സഹകാർമ്മികരായിരുന്നു.
റോം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാ. ഇമ്മാനുവേൽ കല്ലറയ്ക്കൽ അയർലൻഡിലുള്ള സഹോദരീ പുത്രി ജൈസി ജിജോയെ സന്ദർശിക്കുന്നതിനായി വാട്ടർഫോർഡിലെത്തിയപ്പോഴാണ് ഓഗസ്റ്റ് 29-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇടുക്കി ജില്ലയിലെ തൊടുപുഴ, തെന്നത്തൂർ സ്വദേശിയാണ്. കല്ലറയ്ക്കൽ പരേതരായ ജോസഫ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബേബി (തെന്നത്തൂർ), സിസ്റ്റർ ശാലിനി, മരിയ (രാമപുരം), റോസിലി (ന്യൂസിലൻഡ്), ജെസി (അടിമാലി), പരേതരായ ഫാ. ജയിംസ് കല്ലറയ്ക്കൽ ഒഎഫ്എം, സിസ്റ്റർ ഇസിദോർ സിഎംസി.
ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻഷ്യലായിരുന്ന അദ്ദേഹം നേരത്തെ ത്രിപുര അഗർത്തലയിലെ ഹോളിക്രോസ് സ്‌കൂൾ പ്രിൻസിപ്പലായും ഹോളിക്രോസ് കോളജിന്റെ സ്ഥാപക പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ഹോളിക്രോസ് സഭാ സമൂഹം അറിയിച്ചു.
Content Highlights: Fr. Emmanuel Kallarackal (CSC) passed away due to cardiac arrest in Waterford, Ireland on August 29., Public viewing and prayer services were held at St. Joseph's and St. Benildus Church, Waterford., Funeral arrangements will be held in Agartala, Tripura, India., He served as the Vicar General and First General Assistant of the Holy Cross Congregation, and founder principal of Holy Cross College, Tripura.