സ്റ്റീവനേജ് കൊമ്പന്‍സ്-ഹോക്‌സ് എലൈറ്റ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ് ചാമ്പ്യന്‍സ്

സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പന്‍സും ലൂട്ടന്‍ ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ഓള്‍ യുകെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ്, ലൂട്ടന്‍ ചാമ്പ്യന്മാരായി. സ്റ്റീവനേജില്‍ ആദ്യമായി നടത്തപ്പെട്ട ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ പ്രസിഡന്റും അമ്പയറും ബൗളറുമായ ജോബിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് അതിഥി അപ്പച്ചന്‍ കണ്ണഞ്ചിറക്ക് ബൗള്‍ ചെയ്തുകൊണ്ടാണ് ജോബിന്‍ ജോര്‍ജ്ജ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.

തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ്, വിജയികള്‍ക്കുള്ള ആയിരത്തി ഒന്ന് പൗണ്ട് കാഷ് പ്രൈസും ട്രോഫിയും കരസ്ഥമാക്കി. റണ്ണറപ്പായ നോര്‍വിച്ചില്‍ നിന്നുള്ള 'നാം' അഞ്ഞൂറ്റി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും നേടി.

മൂന്നു മത്സരങ്ങളില്‍ നിന്നും 80 റണ്‍സും 6 ഓവറുകളിലായി 38 റണ്ണിന് 5 വിക്കറ്റും നേടിയ 'നാം' നോര്‍വിച്ചിലെ അജേഷ് ജോസ് ടൂര്‍ണമെന്റിലെ മികച്ച ഓള്‍റൗണ്ടറായി. മൂന്നു മത്സരങ്ങളിലായി 146 റണ്‍സ് അടിച്ചെടുത്ത് തണ്ടര്‍സ് ഫാല്‍ക്കന്‍സിലെ മഹിമ കുമാര്‍ ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിനും, മികച്ച ബാറ്‌സ്മാനുമുള്ള ട്രോഫിയും കാഷ് പ്രൈസും നേടി. 5 ഓവറില്‍ 33 റണ്‍സ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് എടുത്ത തണ്ടേഴ്‌സ് ഫാല്‍ക്കന്‍സിലെ ഗോപീ കൃഷ്ണ ബൗളര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റിനുള്ള കാഷ് പ്രൈസും, ട്രോഫിയും നേടി.

സ്റ്റീവനേജ് കൊമ്പന്‍സ്- ലൂട്ടന്‍ ഹോക്‌സ് എലൈറ്റ്‌സ് ബിഎംസിസി ബെഡ്‌ഫോര്‍ഡ്, മേര്‍ത്യര്‍ ടൈറ്റന്‍സ് കാര്‍ഡിഫ്, യുണൈറ്റഡ് സ്ട്രൈക്കേഴ്സ് എന്നീ നാലു ടീമുകള്‍ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി പുറത്താവുകയായിരുന്നു. ടൂര്‍ണമെന്റില്‍ ബേസില്‍ രാജു (മീഡിയ കോര്‍ഡിനേറ്റര്‍), ബേസില്‍ ജോയി (സെക്രട്ടറി), ബേബി പോള്‍, റെക്‌സ് സുരേന്ദ്രന്‍ എന്നിവര്‍ സ്‌കോര്‍ ബോര്‍ഡിലും, ശരത് സൂദന്‍ (ഹോക്‌സ് ക്യാപ്റ്റന്‍), മിഥുന്‍ മധുസൂദന്‍, സ്റ്റെബിന്‍ തര്യന്‍, അഭിലാഷ് എന്നിവര്‍ ലെഗ് അമ്പയറിങ്ങിലും കളി നിയന്ത്രിച്ചു.

ഏറെ വിജയപ്രദമായി നടന്ന ടൂര്‍ണമെന്റിന് കൊമ്പന്‍സിന്റെ മെല്‍വിന്‍ അഗസ്റ്റിന്‍ (പ്രസിഡന്റ്), ലൈജോണ്‍ ഇട്ടീര (വൈസ് പ്രസിഡന്റ്), തേജിന്‍ തോമസ് (ക്യാപ്റ്റന്‍), ജിന്റോ തോമസ് (വൈസ് ക്യാപ്റ്റന്‍), സാംസണ്‍ ജോസഫ് (ജോ.സെക്രട്ടറി), അമല്‍ (ട്രഷറര്‍), ദീപു ജോര്‍ജ്ജ്, ജില്‍ജു, അനിഷില്‍, സുധീപ് വാസുദേവന്‍, രൂപേഷ് (വൈസ് ക്യാപ്റ്റന്‍), ഗോകുല്‍, ഷിജില്‍, അഭിലാഷ്, ആനന്ദ് മാധവ് എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി നേതൃത്വം നല്‍കി. ലണ്ടനില്‍ നിന്നുള്ള നദീം, നെബ് വര്‍ത്ത് സിസിയുടെ അരുണ്‍ ദേശായി എന്നിവര്‍ അമ്പയര്‍മാരും നെബ് വര്‍ത്ത് സിസിയുടെ തന്നെ ക്രിസ് ഗ്രൗണ്ട് ചാര്‍ജും ആയിരുന്നു.

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ

Content Highlights: cricket tournament