'ഓള്‍ യു കെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്‍ഡണ്‍ ടൂര്‍ണമെന്റ്' രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു

.
.

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരായിരുന്ന ഉമ്മന്‍ ചാണ്ടിയുടെയും, പി.ടി തോമസിന്റെയും സ്മരണാര്‍ത്ഥം ഒ.ഐ.സി.സി (യു കെ) പ്രഥമ ഷട്ടില്‍ ബാഡ്മിന്‍ഡണ്‍ ഡബിള്‍സ്
ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സ്റ്റോക് ഓണ്‍ ട്രെന്റില്‍ വച്ച് സംഘടിപ്പിച്ച ബാഡ്മിന്‍ഡണ്‍ ടൂര്‍ണമെന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, കളിച്ചുകൊണ്ട് ടൂര്‍ണമെന്റ് ഔപചാരിക ഉദ്ഘാടനം ചെയ്തു.

ഒഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നീതു ജസ്റ്റിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് നാഷണല്‍ വക്താവ് റോമി കുര്യാക്കോസ് ആമുഖ പ്രസംഗവും, ജോയിന്റ് സെക്രട്ടറിയും ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്ററുമായ വിജീ കെ പി സ്വാഗതവും ആശംസിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ് ആശംസയും, സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റ് പ്രസിഡന്റ് ജോഷി വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഐന അബിന്‍, എയ്ഞ്ചല്‍ ഷെബിന്‍, എയ്ഞ്ചല്‍ നെബു, ഒലിവിയ സന്തോഷ്, ലൗറ ഷെബിന്‍ എന്നിവര്‍ ചേര്‍ന്ന് 'വെല്‍ക്കം ഡാന്‍സ്' അവതരിപ്പിച്ചു.

ഇന്റര്‍മീഡിയേറ്റ് കാറ്റഗറിയില്‍ നടത്തിയ മെന്‍സ് ഡബിള്‍സില്‍ ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ കപ്പുയര്‍ത്തിയത് ജെറമി - അക്ഷയ് കൂട്ടുകെട്ടാണ്. വാശിയേറിയ ഇഞ്ചോടിച്ചു പോരാട്ടത്തില്‍ രണ്ടാം സ്ഥാനം:
സുദീപ് - അംഗത് കൂട്ടുകെട്ടും, മൂന്നാം സ്ഥാനം പ്രിന്‍സ് - ഷിന്റോ ജോഡിയും നേടിക്കൊണ്ട് ട്രോഫികളും, കാഷ് പ്രൈസുകളും  കരസ്ഥമാക്കി.

40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ ബാഡ്മിന്‍ഡണ്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റില്‍ സുരേഷ് - ഡോണ്‍ ടീം ചാമ്പ്യന്‍ന്മാരായി പി.ടി തോമസ് മെമ്മോറിയല്‍  ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരത്തില്‍ രണ്ടാം സ്ഥാനം പ്രകാശ് - സുഷില്‍ കൂട്ടുകെട്ടും, മൂന്നാം സ്ഥാനം ഹെര്‍ലിന്‍ - വിക്രാന്ത് ടീമും കരസ്ഥമാക്കി. 6 കോര്‍ട്ടുകളില്‍ ആയി നടത്തിയ മത്സരങ്ങളില്‍ ഇരു കാറ്റഗറിയിലുമായി 60 ഓളം ടീമുകള്‍ മാറ്റുരച്ചു. വീറും വാശിയും ഇടകലര്‍ന്ന മത്സരങ്ങള്‍ക്ക് സാക്ഷിയാകാന്‍ വലിയ ജനാവലിയാണ് സ്റ്റോക് ഓണ്‍ ട്രെന്റില്‍ എത്തിച്ചേര്‍ന്നത്.

രാത്രി എട്ടു മണിവരെ നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ഒഐസിസി(യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ്, കോവന്‍ട്രി യൂണിറ്റ് പ്രസിഡന്റ് ജോഷി വര്‍ഗീസ്, സംഘാടക സമിതി അംഗം അജി എന്നിവരും ക്യാഷ് പ്രൈസുകള്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി വിജി കെ.പി, സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റ് ഭാരവാഹികളായ തോമസ് ജോസ്, തോമസ് പോള്‍, മുരളീ ഗോപാലന്‍, സിബി ജോസ്, ഷിജോ മാത്യു എന്നിവര്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ വിജി കെ പി, സംഘാടക സമിതി അംഗം അജി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി തോമസ് പോള്‍ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ

Content Highlights: all uk mens doubles badminton tournament