സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ബാഗിൽ നിരോധിത മരുന്ന് കണ്ടെത്തിയെന്ന് ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവി–ശെൽവി ദമ്പതിമാരുടെ മകളാണ് 32-കാരിയായ ഫിലോമിന. കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലിചെയ്തുവരികയാണ്.
വാർഷികാവധി കഴിഞ്ഞ് ഈമാസം പത്തിനാണ് ഫിലോമിന ബെംഗളൂരുവിൽനിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദസന്ദേശമയച്ചിരുന്നു.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം കടുത്ത ആശങ്കയിലായി.
റിയാദിലെ ആശുപത്രി അധികൃതരെയും സഹപ്രവർത്തകരെയും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം സ്ഥിരീകരിച്ചത്.
ഫിലോമിനയുടെ വിഷയത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടിട്ടുണ്ട്. സാമൂഹികപ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികളും തുടർനീക്കങ്ങളും പുരോഗമിക്കുകയാണ്.
Content Highlights: Philomina, a 32-year-old nurse from Wayanad, went missing at Jeddah Airport., She was returning to Riyadh after her annual leave from Bengaluru.