യെമെൻ അതിർത്തിക്കടുത്ത് സൗദി സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു, ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം | ഫോട്ടോ - Getty Images
പ്രതീകാത്മക ചിത്രം | ഫോട്ടോ - Getty Images

റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ പ്രദേശമായ നജ്റാനിൽ സഖ്യസേനയുടെെ നിരീക്ഷണ ഹെലികോപ്റ്റർ തകർന്ന് രണ്ടുമരണം. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സാങ്കേതിക തകരാറാണെന്നാണ് സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചത്. എ.എച്ച്.-6i എന്ന നിരീക്ഷണ ഹെലികോപ്റ്ററാണ് സൗദി അതിർത്തിക്കുള്ളിൽ തകർന്നുവീണത്. യെമെൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണ് നജ്‌റാൻ.

സാങ്കേതികത്തകരാറിനെത്തുടർന്നാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് തുർക്കി അൽ മാലിക്കി സാമൂഹിക മാധ്യമമായ എക്‌സിൽ അറിയിച്ചു.

ഹൂതികൾ നിരന്തരമായി ആക്രമണം നടത്തിവരുന്ന പ്രദേശംകൂടിയാണ് നജ്‌റാൻ.

അതിനിടെ ഞായറാഴ്ച രാവിലെ ഖമീസ് മുഷൈത്തിനുനേരെ തൊടുത്ത രണ്ട് മിസൈലുകളും റിയാദ് ലക്ഷ്യമിട്ടെത്തിയ ഒരു ഡ്രോണും സഖ്യസേനയുടെ വ്യോമ പ്രതിരോധവിഭാഗം തടഞ്ഞ് നശിപ്പിച്ചതായി അൽ മാലിക്കി അറിയിച്ചു.