സൗദി അറേബ്യയിൽ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം കൂടുതൽ ശക്തമാക്കുന്നു

ജിദ്ദ: കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടുന്നതിനും കാലാവസ്ഥാ ദുരന്തങ്ങളിൽനിന്ന് ജനങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികളുമായി ഏകോപനം ശക്തമാക്കുകയും കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യത മെച്ചപ്പെടുത്തുകയും പൊതുജനങ്ങളിൽ കാലാവസ്ഥാ വ്യതിയാന അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കുകയും ചെയ്തുവരികയാണ്.
എല്ലാവർഷവും സെപ്റ്റംബർ 15-ന് ആചരിക്കുന്ന അറബ് കാലാവസ്ഥാ ദിനത്തിൽ സൗദി അറേബ്യയും പങ്കെടുത്തു. കാലാവസ്ഥാ നിരീക്ഷണ രംഗത്തെ സാങ്കേതികവിദ്യയിലും മാനവവിഭവശേഷിയിലും നിക്ഷേപം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ദിനാചരണം ഉയർത്തിക്കാട്ടുന്നത്. ആധുനിക സാങ്കേതികവിദ്യയും വിദഗ്ധരുടെ കഴിവുകളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടുന്നതിനും മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും സഹായിക്കും.
അറബ് കാലാവസ്ഥാദിനം സ്ഥാപിക്കാനുള്ള നിർദേശം 2019-ൽ സൗദി അറേബ്യയാണ് അറബ് സ്ഥിരം കാലാവസ്ഥാ സമിതിക്ക് മുന്നിൽ അവതരിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ 15 വാർഷിക ദിനമായി സമിതി അംഗീകരിക്കുകയായിരുന്നു.
ലോകമെമ്പാടുമുള്ള എല്ലാവർക്കും ഫലപ്രദമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ നടപ്പാക്കുന്ന ‘Early Warnings for All’ പദ്ധതിക്കും 2027-ഓടെ പൂർണമായ സംരക്ഷണം ഉറപ്പാക്കാനുള്ള ആഗോള ശ്രമങ്ങൾക്കും സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലും സുരക്ഷിതവും സുസ്ഥിരവുമായ ഭാവിക്കായുള്ള ആഗോള പ്രവർത്തനങ്ങളിലും രാജ്യത്തിന്റെ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.