മദീന ബസ് അപകടം: ഹൈദരാബാദില്‍ നിന്നുള്ള മുഴുവന്‍ ഉംറ തീര്‍ത്ഥാടകരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം | Photo: AI
പ്രതീകാത്മക ചിത്രം | Photo: AI

മദീന: സൗദി അറേബ്യയിലെ മദീനയില്‍ ബസ് കത്തിയുണ്ടായ അപകടത്തില്‍ മരിച്ച 46 ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. മദീനയിലെ ജന്നത്തുല്‍ ബകീഹ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. ചടങ്ങില്‍ ഇന്ത്യക്കാരടക്കമുള്ള നിരവധിപേര്‍ പങ്കെടുത്തു.കഴിഞ്ഞ ഞായറാഴ്ച രാത്രി മക്കയില്‍ നിന്നും ഉംറ കഴിഞ്ഞ ശേഷം മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട ഹൈദരാബാദ്കാരായ ഉംറ സംഘം സഞ്ചരിച്ച ബസ്സ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് ടാങ്കര്‍ ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരായ 45 ഉംറ തീര്‍ത്ഥാടകരും ഒരു സന്ദര്‍ശക വിസയിലുള്ള ആളുമടക്കം 46 പേരാണ് മരിച്ചത്.

ഡി എന്‍ എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കെ തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍, ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രധിനിധി സംഘവും മദീനയിലെത്തിയിട്ടുണ്ട്.

അതേസമയം അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട് 25 കാരനായ മുഹമ്മദ് അബ്ദുള്‍ ശുഹൈബ് ചികിത്സയില്‍ തുടരുകയാണ്.

Content Highlights: Madina Bus Tragedy: Funeral for All Hyderabad Umrah Pilgrims Set for Saturday