കുവൈത്തിലേക്ക് 32 ടൺ ഭക്ഷ്യവസ്തുക്കളുമായി ലുലുവിന്റെ പ്രത്യേക വിമാനസർവീസ്

#പ്രവാസി ഡെസ്ക്

കുവൈത്ത് സിറ്റി: ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് പുതിയ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. കൊച്ചി, ഡൽഹി വിമാനത്താവളങ്ങൾ വഴിയാണ് സേവനം ഒരുക്കിയിരിക്കുന്നത്. കുവൈത്ത് ഏയർവേയ്‌സിന്റെ സഹകരണത്തോടെയാണ് ലുലു ഗ്രൂപ്പ് പഴങ്ങൾ, പച്ചക്കറികൾ, മാംസ ഉൽപന്നങ്ങൾ എന്നിവ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. കുവൈത്തിൽ നിന്ന് യാത്രക്കാരോ കാർഗോയോ ഇല്ലാതെ ബുധനാഴ്ച കൊച്ചിയിലെത്തിയ എയർബസ് 330-200 വിമാനം, വ്യാഴാഴ്ച രാവിലെ 10.40ന് 32 ടൺ പഴങ്ങളും പച്ചക്കറികളുമായി കുവൈത്തിലേക്ക് തിരിച്ചു. ലൂലു ഗ്രൂപ്പിന്റെ വിഭാഗമായ ഫെയർ എക്‌സ്‌പോർട്ട്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡാണ് കയറ്റുമതി ഏകോപിപ്പിച്ചത്.

ഡൽഹിയിൽ നിന്ന് കുവൈത്തിലേക്ക് മാംസ ഉൽപന്നങ്ങൾ എത്തിക്കുന്നതിനായുള്ള മറ്റൊരു പ്രത്യേക വിമാനവും ലൂലു ഗ്രൂപ്പ് ക്രമീകരിച്ചു. ബോയിങ് 777 വിമാനത്തിൽ 50 ടൺ പുതിയ മാംസമാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുവൈത്തിലേക്ക് കൊണ്ടുപോയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ മറ്റ് മേഖലകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനായി കൂടുതൽ കാർഗോ വിമാനങ്ങൾ ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച യു.എ.ഇയിലേക്ക് ഭക്ഷ്യ ഉൽപന്നങ്ങൾ കൊച്ചി, ഡൽഹി, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ എത്തിച്ചിരുന്നു.

Content Highlights: Lulu Group initiates special cargo flights from India to Kuwait, transporting 32 tons of fresh produce.