സുധാകരനെ ഐ.സി.യു.വിൽ കയറി കണ്ട് മകൻ; ഡിസ്ചാർജ് ചെയ്ത് ഡൽഹിയിലെത്തിക്കാൻ ശ്രമം

#ന്യൂസ് ഡെസ്ക്
കെ. സുധാകരൻ | Photo: Mathrubhumi
കെ. സുധാകരൻ | Photo: Mathrubhumi

ദുബായ്: ദുബായിലെ ആശുപത്രിയിലുള്ള കോൺഗ്രസ് എം.പി. കെ. സുധാകരനെ തീവ്ര പരിചരണ വിഭാഗത്തിൽ കയറി കണ്ട് മകൻ സംജോഗ് സുധാകരൻ. പിതാവിനെ കാണാൻ സംജോഗിന് ആശുപത്രി അധികൃതർ അനുമതി നൽകുകയായിരുന്നു. ഇന്നുതന്നെ സുധാകരനെ ഡിസ്ചാർജ് ചെയ്യാനാണ് ശ്രമം. മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെ തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്താൻ പാർട്ടി നിർദേശിച്ച പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം.

രാവിലെമുതൽ സുധാകരനെ കാണാൻ ഭാര്യയും മകൻ സംജോദും ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ അനുമതി നൽകിയിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡൽഹിയിലേക്ക് എത്തിക്കാനാണ് ശ്രമം. അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായി മകൻ സംജോഗ് സുധാകരൻ നേരത്തേ പറഞ്ഞിരുന്നു. 

സുധാകരനെ കാണാൻ ഇൻകാസിന്റെ ചില നേതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, അനുമതി നൽകാൻ ഡോക്ടർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സുധാകരന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് ‘ബോസ്’ വിളിച്ചു പറഞ്ഞെന്നും പറഞ്ഞു. എന്നാൽ, ആരാണ് ‘ബോസ്’ എന്ന് ചോദിച്ചപ്പോൾ, അമിത് ഷാ വിളിച്ചിരുന്നെന്ന് ഡോക്ടർ പറഞ്ഞുവെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു. എന്തിനാണ് അമിത് ഷാ വിളിച്ചതെന്ന് ചോദിച്ചപ്പോൾ, പലയാളുകളും വിളിച്ചെന്ന് ഡോക്ടർ തിരുത്തിയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Content Highlights: Congress MP K. Sudhakaran is admitted to a hospital in Dubai., His son, Sanjog Sudhakaran, was granted permission to visit him in the ICU.