കുവൈത്തിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരിക്ക്, ഒരാൾക്ക് കൈ നഷ്ടപ്പെട്ടു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നൈസിൽ സുനിൽ എന്ന നഴ്‌സിന് ഒരു കൈ നഷ്ടപ്പെട്ടു . മറ്റ് പത്ത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്.

Content Highlights: Eleven Malayali nurses were injured when their transport bus crashed while commuting to Farwaniya Hospital in Kuwait, leaving one nurse with a severed hand while others received treatment for minor injuries.