ശ്രാവണം 2026 ഓണാഘോഷം: സെപ്റ്റംബറിൽ വിപുലമായ പരിപാടികൾ

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026' ആവേശകരമായി തുടരുന്നുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ സംഗീതം, നൃത്തം, പാരമ്പര്യ കലകൾ, മത്സരങ്ങൾ, സിനിമ, സാഹിത്യം, ഭക്ഷണസംസ്‌കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ അരങ്ങേറുന്നത്. സെപ്റ്റംബർ 4-ന് വൈകീട്ട് 4 മുതൽ കേരളത്തിന്റെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തനത് രുചിവൈവിധ്യങ്ങൾ ഒരേ വേദിയിൽ പരിചയപ്പെടുത്തുന്ന 'രുചിമേള' സംഘടിപ്പിക്കും. പ്രശസ്ത പിന്നണി ഗായിക അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് ബാൻഡും പ്രമുഖ അവതാരകൻ രാജ് കലേഷ് നേതൃത്വം നൽകുന്ന പരിപാടികളും ഫ്‌ലാഷ് മോബ്, വിവിധ രുചികരമായ ഭക്ഷണവിഭവങ്ങളും രുചിമേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
സെപ്റ്റംബർ 5-ന് ഫ്‌ലാഷ് മോബ് മത്സരം നടക്കും. സെപ്റ്റംബർ 10-ന് വൈകിട്ട് 7.30-ന് വയലിൻ സെൻസേഷൻ കുമാരി ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയും അരങ്ങേറും. സെപ്റ്റംബർ 11-ന് നൂറിലധികം വനിതകളുടെ പങ്കാളിത്തത്തോടെ മെഗാ തിരുവാതിര, സെപ്റ്റംബർ 12-ന് പായസമത്സരവും ഓണപ്പുടവ മത്സരവും, 13-ന് ഓണപ്പാട്ട് മത്സരവും നടക്കും. സെപ്റ്റംബർ 16-ന് ആരവം മാരം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാകും. സെപ്റ്റംബർ 17-ന് വൈകിട്ട് 7.30-ന് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനസന്ധ്യ അരങ്ങേറും. സെപ്റ്റംബർ 18-ന് വൈകിട്ട് 7 മണി മുതൽ മാസ്റ്റർ നീൽഗ്രീവ് അവതരിപ്പിക്കുന്ന 'വീണാ റിവീരാ' സംഗീതപരിപാടിയും തുടർന്ന് മെഗാ ചരടുപിന്നിക്കളിയും അരങ്ങേറും
സെപ്റ്റംബർ 22-ന് മലയാള സിനിമയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം നടക്കും. സെപ്റ്റംബർ 24-ന് വൈകിട്ട് 7.30-ന് സ്റ്റാർ സിങ്ങർ ഫെയിം പ്രശസ്ത ഗായകരായ മെറിൻ ഗ്രിഗറി, ദിഷാ പ്രകാശ്, ഗോകുൽ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. ശ്രാവണം 2026-ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ 'ചിത്രാഞ്ജലി' സെപ്റ്റംബർ 25-ന് വൈകിട്ട് 6.30-ന് നടക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക കെ.എസ്. ചിത്ര അവതരിപ്പിക്കുന്ന ഈ സംഗീതവിരുന്നിൽ നിഷാദ്, അനാമിക, അർജുൻ എന്നിവർ ചിത്രയോടൊപ്പം ഗാനങ്ങൾ ആലപിക്കും. സെപ്റ്റംബർ 25-ന് രാവിലെ 10 മണിക്ക് പൂക്കളമത്സരം, സെപ്റ്റംബർ 26-ന് തിരുവാതിര മത്സരം, സെപ്റ്റംബർ 27-ന് സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടക്കും.
ഒക്ടോബർ 2-ന് പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിപുലമായ ഓണസദ്യ ഒരുക്കും. കേരളത്തിന്റെ തനത് ഓണവിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സമൃദ്ധമായ ഓണസദ്യയിൽ ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് ഒന്നിച്ചിരുന്ന് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കും. കല, സംഗീതം, നൃത്തം, സാഹിത്യം, കായികം, കേരളീയ ഭക്ഷണസംസ്‌കാരം എന്നിവയെ ഒരേ ആഘോഷവേദിയിൽ സമന്വയിപ്പിക്കുന്ന ശ്രാവണം 2026, ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് കേരളത്തിന്റെ ഓണസ്മരണകൾ പുതുക്കാനും കുടുംബസമേതം ആഘോഷിക്കാനും അവസരമൊരുക്കുന്ന മഹോത്സവമായി മാറുകയാണ്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ നേതൃത്വം നൽകുന്ന സംഘാടക സമിതി എല്ലാ പരിപാടികളിലേക്കും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തെ ഹൃദയപൂർവം സ്വാഗതം ചെയ്തു. ശ്രാവണം 2026-ന്റെ ഭാഗമായി നടക്കുന്ന എല്ലാ പരിപാടികൾക്കും പ്രവേശനം സൗജന്യമായിരിക്കും.