സ്വപ്നങ്ങളെ നിർമിത ബുദ്ധിയിൽനിന്ന് തിരിച്ചുപിടിക്കാനുള്ളഇടമായി കല മാറണമെന്ന് കദേർ അത്തിയ

മുംബൈ : നിർമിത ബുദ്ധിയുടെ പ്രവചനീയയുക്തിയെ ചെറുക്കാൻ കഴിവുള്ള പ്രവചനാതീത ഇടങ്ങളായി കലയും സ്വപ്നങ്ങളും മാറണമെന്ന് ഏഴാമത് കൊച്ചി-മുസിരിസ് ബിനാലെ ക്യുറേറ്ററും അൾജീരിയൻ-ഫ്രഞ്ച് കലാകാരനുമായ കദേർ അത്തിയ. നമ്മുടെ സ്വപ്നങ്ങളുടെ ഉറവിടങ്ങൾക്കുമേലുള്ള പരമാധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കലാനുഭവങ്ങളെയായിരിക്കും ഏഴാമത് ബിനാലെ അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയയിൽ ബിനാലെയുടെ ആദ്യ ആശയാവതരണം നടത്തുകയായിരുന്നു കദേർ അത്തിയ.

സ്വപ്നങ്ങളെയും അവ രൂപപ്പെടുന്ന ഓർമ്മയുടെ ശേഷിപ്പുകളെയും പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം അടുത്ത ബിനാലെയുടെ ആശയത്തിനു തുടക്കമിട്ടത്. ആശയാവതരണത്തിൽ കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്, ഫൗണ്ടേഷൻ ട്രസ്റ്റികൾ, രക്ഷാധികാരികൾ തുടങ്ങിയവർക്കൊപ്പം സമകാലീന കലയുമായി ബന്ധപ്പെട്ട പ്രമുഖരും സംബന്ധിച്ചു.

ഓർമ്മയുടെ ശേഷിപ്പുകൾ വ്യക്തിയുടെ ചുറ്റുമുള്ള സാമൂഹികഘടന രൂപപ്പെടുത്തുന്നതാണ്. പ്രകൃതിയുടെ വന്യതയെ അതിജീവിക്കാൻ, ശാരീരികമായി ദുർബലരായ മനുഷ്യർ പലതരം സാങ്കേതിക വിദ്യയിലൂടെ സാംസ്കാരികമായും ഭൗതികമായും ബൗദ്ധികമായും ഓർമ്മകളെ ശേഖരിക്കാനും പങ്കുവെക്കാനും തുടങ്ങി. എന്നാൽ സാങ്കേതികവിദ്യ കൂടുതൽ ശക്തമാകുന്നതിനനുസരിച്ച് മനുഷ്യന് അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയാണ്. അൽഗോരിതങ്ങളും നിർമിത ബുദ്ധിയും നമ്മുടെ ഓർമ്മകളെ ചൂഷണം ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ, ഡിജിറ്റൽ ലോകത്ത് സ്വപ്നങ്ങളുടെ ഉറവിടങ്ങൾക്ക് മേലുള്ള അധികാരം നമുക്ക് നഷ്ടപ്പെടുകയാണ് -കദേർ അത്തിയ അഭിപ്രായപ്പെട്ടു. ഈ ആശയങ്ങളെ കൊച്ചിയുടെ ചരിത്രവുമായി ചേർത്തുെവച്ചാകും ബിനാലെയ്ക്ക് അടിത്തറയിടുക.

സാങ്കേതികവിദ്യയിലൂടെ നമ്മുടെ ആന്തരിക ജീവിതം പിടിച്ചെടുക്കപ്പെടുകയും അനുകരിക്കപ്പെടുകയും പ്രവചനീയമായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ സ്വപ്നങ്ങളുടെ ഉടമസ്ഥർ ആരാണെന്ന പ്രസക്തമായ ചോദ്യമാണ് കദേർ അത്തിയ ഉയർത്തുന്നതെന്ന് ജിതീഷ് ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളുടെ സാംസ്കാരിക വിനിമയങ്ങളാൽ രൂപപ്പെട്ട കൊച്ചി എന്ന തുറമുഖം ആ ചോദ്യത്തിന് സവിശേഷമായ മാനം നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കദേർ അത്തിയയുടെ ബഹുമുഖ സ്പർശിയായ പ്രമേയം 2027-ലെ ബിനാലെയ്ക്ക് മികച്ച ദിശാബോധം നൽകുന്നുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വി. വേണു പറഞ്ഞു.