വിപുലമായ പരിപാടികളോടെ പുണെയിൽഇന്ന് പ്രകൃതിചികിത്സാ ദിനാഘോഷം

പുണെ : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒൻപതാമത് ദേശീയ പ്രകൃതിചികിത്സാ ദിനം പുണെ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെടും.

പല ഘട്ടങ്ങളിലായി 156 ദിവസങ്ങളോളം പ്രകൃതി ചികിത്സയ്ക്കായി ഗാന്ധിജി താമസിച്ചിരുന്ന പുണെ ബാപ്പു ഭവൻ കേന്ദ്രമായുള്ള ഓൾ ഇന്ത്യ നേച്ചർ ക്യൂർ ഫൗണ്ടേഷന് ഗാന്ധിജി തുടക്കം കുറിച്ചത് 1945 നവംബർ 18-നാണ്. ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് നാച്ചുറോപതി’ എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പിന്നിട് പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിന്റെ ഗാന്ധിസ്മരണയെ ആസ്പദമാക്കിയാണ് നവംബർ 18 പ്രകൃതി ചികിത്സാ ദിനമായി 2018-ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പ്രകൃതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, രോഗപ്രതിരോധ ആരോഗ്യപരിപാലനത്തിന് പ്രോത്സാഹനം നൽകുക, ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നിവയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കർണാടകയിലെ നാഗമംഗളയിലുള്ള സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആൻഡ് നാച്ചുറോപ്പതിയാണ് പരിപാടികളുടെ ഈ വർഷത്തെ പ്രധാന വേദി. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയുടെ (എൻ.ഐ.എൻ.) സഹകരണത്തോടെയാണ് പരിപാടികൾ നടക്കുന്നത്. എൻ.ഐ.എന്നിന്റെ കീഴിലുള്ള പുണെയിലെ നിസർഗ് ഗ്രാമിലും പ്രകൃതിചികിത്സയുടെ പ്രാധാന്യവും ആരോഗ്യപരിപാലനരംഗത്തെ സംഭാവനകളും ഉയർത്തിക്കാട്ടുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൗജന്യ പ്രകൃതിചികിത്സാ കൺസൾട്ടേഷൻ, രക്തസമ്മർദ പരിശോധന, ആരോഗ്യപരിപാലന പ്രദർശനങ്ങൾ, വിവിധ ചികിത്സാ സേവനങ്ങൾ എന്നിവയും പുണെയിൽ ഒരുക്കിയിട്ടുണ്ട്. ഒ.പി.ഡി. വിഭാഗത്തിലെ പ്രകൃതിചികിത്സാ സേവനങ്ങൾക്ക് 25 ശതമാനം പ്രത്യേക ഇളവും ബുധനാഴ്ച ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.