ഗ്യാനേഷ് കുമാർ രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധവുമായി സി.ജെ.പി.

മുംബൈ : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരേ ക്രിമിനൽകേസ് രജിസ്റ്റർചെയ്യണമെന്നും കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. ഈ ആവശ്യങ്ങളുമായി വെള്ളിയാഴ്ച ദാദർ ശിവാജി പാർക്കിൽ പാർട്ടി പ്രക്ഷോഭത്തിന് തുടക്കംകുറിക്കും. തുടർന്ന് രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഒക്ടോബർ അവസാനംമുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തും.

മുംബൈക്ക്‌ പുറമെ അടുത്തദിവസങ്ങളിൽ ഗോവ, കർണാടക, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ത്ധാർഖണ്ഡ് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. മഹാരാഷ്ട്ര നവനിർമാൺ സേനയും, ഉദ്ധവ് പക്ഷ ശിവസേനയും ഒക്ടോബർ നാലിന് മുംബൈയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ മാർച്ച് നടത്തുന്നുണ്ട്.

ശിവാജി പാർക്കിൽ ഇന്ന് ജയിൽനിറയ്ക്കൽ സമരം

മുംബൈ : തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ച ‘ജയിൽ ഭരോ ആന്ദോളൻ’ വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തിൽ മുംബൈ ശിവാജി പാർക്കിൽ ആരംഭിക്കും. സമരത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചെങ്കിലും പിന്മാറില്ലെന്ന് ദീപ്‌കെ വ്യക്തമാക്കി.

ദാദറിലെ ശിവാജി പാർക്കിന്റെ ആറാം നമ്പർ ഗേറ്റിലാണ് സമരം. വൈകുന്നേരം നാലുമണിക്കാണ് സമരത്തിന് തുടക്കമാവുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം രാജ്യതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന് ആരോപിച്ച അദ്ദേഹം, കമ്മിഷന്റെ ഏകാധിപത്യ നിലപാട് ആശങ്കയുളവാക്കുന്നതാണെന്നും മാറ്റത്തിന് കൂട്ടായ ശ്രമം വേണമെന്നും പറഞ്ഞു. സമരത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയാണ് സമരം.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ കമ്മിഷന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച പാർട്ടിയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം. എസ്.ഐ.ആറിനെതിരേ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദീപ്‌കെയുടെ പ്രഖ്യാപനം.

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവും ശക്തമാണ്. ‘ഗ്യാനു മസ്റ്റ് ഗോ’ എന്ന് ദീപ്‌കെ എക്‌സിൽ കുറിച്ചിരുന്നു. ഗാന്ധിജയന്തിയുമായി ബന്ധിപ്പിച്ച് ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

ശിവാജി പാർക്കിലെ ഒത്തുചേരലുകൾക്ക് അനുമതി നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്നാണ് മുംബൈ പോലീസിന്റെ നിലപാട്. 2013 ജനുവരി നാലിലെ ബോംബെ ഹൈക്കോടതി വിധിയും 2016 ജനുവരി 20 ലെ സംസ്ഥാന സർക്കാർ ഉത്തരവും ചൂണ്ടിക്കാട്ടിയാണിത്.

മറ്റൊരു വേദി കണ്ടെത്തി അവിടെ അനുമതിക്ക് അപേക്ഷിക്കാൻ സംഘാടകരോട് നിർദേശിച്ചതായും പോലീസ് അറിയിച്ചു. സാധാരണ പ്രതിഷേധത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം ‘ജയിൽ ഭരോ’ രൂപത്തിൽ നടത്തുന്നതെന്നാണ് വിവരം.

സമരത്തിനെതിരേ പ്രദേശവാസികളിൽ ഒരു വിഭാഗം രംഗത്തെത്തി. എങ്കിലും അതേസ്ഥലത്തുതന്നെ സമരം നടത്തുമെന്ന നിലപാടിലാണ് ദീപ്‌കെ. എതിർപ്പുന്നയിച്ചവർ ‘പ്രദേശവാസികൾ’ അല്ല, ബി.ജെ.പി. പ്രവർത്തകരാണെന്ന വാദമുയർന്നതോടെ വിഷയം രാഷ്ട്രീയ വിവാദമായി. ഇതുമായി ബന്ധപ്പെട്ട ചിത്രം പങ്കുവെച്ച് ദീപ്‌കെ പരിഹസിച്ചു.