ഭക്ഷ്യഎണ്ണ നിർമാണശാലയിൽ വൻ തീപ്പിടിത്തം; ആളപായമില്ല

താനെ : നവി മുംബൈയിലെ വാഷിയിൽ ഭക്ഷ്യഎണ്ണ നിർമാണശാലയിൽ ഞായറാഴ്ച രാത്രി വൻ തീപ്പിടിത്തം. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.സെക്ടർ 18-ലെ പ്ലോട്ട് നമ്പർ 38-ൽ രാത്രി 10.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (എൻ.എം.എം.സി.) അഞ്ച് അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. സമീപത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങളിൽനിന്നും സഹായം തേടിയതായി റീജണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ മേധാവി സച്ചിൻ കദം പറഞ്ഞു.രാത്രിമുഴുവൻ അഗ്നിശമന പ്രവർത്തനങ്ങൾ തുടർന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെ 95 ശതമാനത്തോളം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ഥലത്ത് തീ അണയ്ക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. തീ പടർന്ന് സമീപത്തെ ഗോകുൽ ഡയറി യൂണിറ്റിലേക്കും കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിലേക്കും വ്യാപിക്കുന്നത് അഗ്‌നിരക്ഷാസേന തടഞ്ഞു.