കാട്ടിനുള്ളിലെ ഒറ്റ വിളക്ക്

കോലാപുർ : വന്യമൃഗങ്ങളുടെ ഭീഷണിയും കനത്ത മഴയും വകവെക്കാതെ ഒരു വിദ്യാർഥിയെമാത്രം പഠിപ്പിക്കാനായി ദിവസവും അഞ്ചു കിലോമീറ്റർ കാട്ടുവഴിയിലൂടെ സഞ്ചരിക്കുന്ന ഒരധ്യാപകൻ. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലെ ജീവൻ മിഥാരി(55)യാണ് കഴിഞ്ഞ 13 വർഷമായി ഈ അപൂർവ സേവനം തുടരുന്നത്.

ഗഗൻബാവ്ഡ താലൂക്കിലെ കൗൽടേക്ക് ധൻഗർവാഡയിലുള്ള ജില്ലാ പരിഷത് സ്കൂളിലാണ് ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. വൈദ്യുതിയോ വാഹനസൗകര്യമോ ഇല്ലാത്ത ഈ മലയോര ഊരിലേക്ക് പ്രധാന റോഡിൽനിന്ന് 2.5 കിലോമീറ്റർ ദൂരമുണ്ട്. ദുർഘട പ്രദേശങ്ങളിലേക്ക് മറ്റാരും പോകാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് 2013-ൽ മിഥാരി ഇങ്ങോട്ട് സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയത്.

നിലവിൽ മൂന്നാം ക്ലാസുകാരിയായ സ്വര ബോഡകെ എന്ന ഒരു കുട്ടിമാത്രമാണ് സ്കൂളിലുള്ളത്. സ്കൂളിൽചേരാൻ പ്രായമാകാത്ത അനുജത്തിയും ഇടയ്ക്കിടെ ക്ലാസിലിരിക്കാറുണ്ട്. അടുത്തുള്ള മറ്റൊരു സ്കൂളിലേക്ക് പോകണമെങ്കിൽ ഈ ചെറിയ കുട്ടികൾ ദിവസവും 11 കിലോമീറ്ററോളം നടക്കേണ്ടിവരും എന്നത് കണക്കിലെടുത്താണ് മിഥാരി ഇവിടെ തുടരുന്നത്.

പണ്ട് നൂറോളം കുടുംബങ്ങളുണ്ടായിരുന്നെങ്കിലും പലരും നഗരത്തിലേക്ക് കുടിയേറിയതിനാൽ ഊരിൽ ആളുകൾ കുറഞ്ഞു. ജനങ്ങൾ പ്രധാനമായും ചെറുകിട കൃഷിയെയും വിറകുശേഖരണത്തെയും വനവിഭവങ്ങളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. കാട്ടുപോത്തുകളിൽനിന്ന് വിളകൾ സംരക്ഷിക്കാൻ ഇരട്ടവേലി കെട്ടിയാണ് കൃഷിയിടങ്ങൾ സുരക്ഷിതമാക്കിയിരിക്കുന്നത്.

കാട്ടുപോത്തുകളും പുള്ളിപ്പുലികളും മറ്റു വന്യമൃഗങ്ങളും സഞ്ചരിക്കുന്ന വഴിയിലൂടെയാണ് മിഥാരി നടന്നുപോകുന്നത്. യാത്രയ്ക്കിടെ കാട്ടുപോത്തുകളെ നേരിട്ട അനുഭവങ്ങളുണ്ടായെന്ന് അദ്ദേഹം പറയുന്നു. ഒറ്റയ്ക്കുള്ള മൃഗത്തെയും കൂട്ടമായി വരുന്നവയെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നാട്ടുകാർ അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട്. യാത്രാമധ്യേ എവിടെയും ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്. ‘‘ഞാനും ഒരു മനുഷ്യനല്ലേ. ഭയം തോന്നാറുണ്ട്. പക്ഷേ, കാലക്രമേണ അതൊരു ശീലമായി മാറി’’ -അദ്ദേഹം പറയുന്നു. 2029-ൽ വിരമിക്കുന്നതുവരെ തന്റെ കടമയിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ചനിലപാടിലാണ് ഈ അധ്യാപകൻ.