കൂടുതൽ അധികാരം വേണം-ചീഫ് ഇലക്ടറൽ ഓഫീസർ

പരാതികൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 12-ലേക്ക് നീട്ടി
മുംബൈ : വോട്ടർപട്ടികയിലെ അപാകം പരിഹരിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് (ഇ.ആർ.ഒ.) വിവേചനാധികാരം ഉപയോഗിക്കാൻ അനുവദിക്കുന്ന വിധത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റങ്ങൾ വരുത്തണമെന്ന് മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർ എസ്. ചൊക്കലിംഗം. സെപ്റ്റംബർ 24-ന് അയച്ച കത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പുകമ്മിഷന് മുൻപാകെ ആവശ്യം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ്‌വേർ കേന്ദ്രീകൃതമാണ്. അവിടെനിന്നാണ് നോട്ടീസുകൾ അയക്കുന്നത്.
മഹാരാഷ്ട്രയിൽ എസ്.ഐ.ആറിനായുള്ള അവകാശവാദങ്ങളും പരാതികളും സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30-ൽനിന്ന് ഒക്ടോബർ 12-ലേക്ക് നീട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ 2.07 കോടി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ കമ്മിഷന് കഴിഞ്ഞിട്ടില്ല. അത്തരം കേസുകളിൽ നോട്ടീസ് അയക്കുന്നുണ്ട്.
വോട്ടർമാരുടെ മാതാപിതാക്കളുടെ പേരുകളിലോ പ്രായവിവരങ്ങളിലോ ഉള്ള പൊരുത്തക്കേടുകൾ വ്യാപകമാണ്. അത്തരം കേസുകളിൽ വോട്ടർമാർ സമർപ്പിച്ച രേഖകളിൽ ഉദ്യോഗസ്ഥർ തൃപ്തരാണെങ്കിൽ വോട്ടർമാരെ ഹിയറിങ്ങിൽനിന്ന് ഒഴിവാക്കാനുള്ള അധികാരവും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൊക്കലിംഗം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപവത്കരിച്ചിട്ടുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇസിനെറ്റ് എന്ന സോഫ്റ്റ്‌വേർ.
തിരഞ്ഞെടുപ്പു കമ്മിഷനെതിരേ മുംബൈയിൽ ശിവസേന എം.എൻ.എസ്. സംയുക്ത റാലി നാലിന്
മുംബൈ : തിരഞ്ഞെടുപ്പ് കമ്മിഷനെതിേര തന്റെ പാർട്ടിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യു.ബി.ടി.) ഒക്ടോബർ നാലിന് മുംബൈയിൽ സംയുക്തറാലി നടത്തുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്.) മേധാവി രാജ് താക്കറെ പറഞ്ഞു.
വോട്ടർപട്ടികയിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ത്രിവർണ പതാകയ്ക്ക് കീഴിൽ ഒന്നിപ്പിക്കുകയാണ് ബൈക്കുളയിൽനിന്ന് ബി.എം.സി. ആസ്ഥാനത്തേക്കുള്ള മാർച്ചിന്റെ ലക്ഷ്യമെന്ന് രാജ് താക്കറെ പറഞ്ഞു.
ഞങ്ങൾ എല്ലാകക്ഷികളെയും സംയുക്ത റാലിയിലേക്ക് ക്ഷണിക്കും. ഭരണകക്ഷികളെയും സ്വാഗതം ചെയ്യുന്നു. തന്റെ ബന്ധുവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മാർച്ചിൽ പാർട്ടി പതാകകൾ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ ത്രിവർണപതാക വഹിക്കുമെന്നും പറഞ്ഞു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ മത്സരമില്ലെന്ന് രാജ് വ്യക്തമാക്കി.