സി.ജെ.പി. പ്രതിഷേധത്തിനിടെ മരിച്ച മലയാളി സാമൂഹികപ്രവർത്തകന് വിട

മുംബൈ : മുംബൈയിലെ ശിവജി പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) വെള്ളിയാഴ്ച നടത്തിയ പ്രതിഷേധത്തിനിടെ മരിച്ച പുനലൂർ കരവാളൂർ കൊടുങ്ങുമുകളിൽ ഗോപാലകൃഷ്ണപിള്ളയ്ക്ക് (ജി.എസ്.പിള്ള-75) മലയാളിസമൂഹം വിട നൽകി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

താനെയിലെ ദോസ്തി വെസ്റ്റ് കൗണ്ടി (ബി.വിങ്) നിവാസിയായിരുന്നു ജി.എസ്. പിള്ള. താനെയിൽ നടന്ന സംസ്കാരച്ചടങ്ങിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.

സി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ വൈകുന്നേരം നാലരയോടെയാണ് അദ്ദേഹം ശിവജിപാർക്കിൽ എത്തിയത്. അഞ്ചോടെ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. പ്രതിഷേധസ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കളും പോലീസും ചേർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

താനെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു ജി.എസ്. പിള്ള. യാത്രസമിതിയുടെ നേതൃത്വത്തിൽ നടന്ന റെയിൽവേ സമരങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. ഓൾ താനെ മലയാളി അസോസിയേഷൻ (ആത്മ) പ്രസിഡന്റ് , കൽവാകൈരളി സമാജം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.