നടൻ രൺബീർ കപൂറിനെയും ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടു

മുംബൈ : ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരേ വെടിവെച്ചവർ നടൻ രൺബീർ കപൂറിനെയും ലക്ഷ്യംവെച്ചതായി വിവരം. രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയിലും സംഘം നിരീക്ഷണം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാനെ ലക്ഷ്യമിട്ടിരുന്നെന്നും എന്നാൽ, അദ്ദേഹത്തിന്റെ വസതിക്കുപുറത്ത് പോലീസ് കാവൽ ശക്തമാണെന്ന് കണ്ടതിനെത്തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. ടൈഗർ ഷ്റോഫ് ഞായറാഴ്ചകളിൽ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്നും അവിടെ സുരക്ഷ കുറവാണെന്നും സാമൂഹികമാധ്യമങ്ങളിൽനിന്ന് മനസ്സിലാക്കിയാണ് പ്രതികൾ അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
മൂന്നുപ്രതികൾ ടൈഗർ ഷ്റോഫിന്റെ കാറിനുനേരേ വെടിവെച്ചത് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അനീഷ് പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണെന്ന് മുംബൈ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
രാജസ്ഥാനിലെ കോട്ടയിൽനിന്ന് പിടികൂടി മുംബൈയിലെത്തിച്ച റെഹാൻ എന്ന സുകു, റിതിക് കുർമി എന്ന റോഷൻ, ഫൂൽ സിങ് എന്നീ മൂന്ന് പ്രതികളെയും ഒക്ടോബർ 31 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ കണ്ടെത്തേണ്ടതുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികളുടെ രണ്ട് മൊബൈൽഫോണുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങളുടെയും ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിളിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
തോക്കുകൾ കണ്ടെടുക്കാനായില്ല
മുംബൈ : നടൻ ടൈഗർ ഷ്റോഫിന്റെ കാറിനുനേേര വെടിയുതിർത്തതിന് അറസ്റ്റിലായ മൂന്നുപേരിൽനിന്ന് ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു. ആയുധങ്ങൾ വീണ്ടെടുക്കേണ്ടതുണ്ടെന്നും പ്രതികൾ രണ്ടു മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും പോലീസ് കോടതിയെ അറിയിച്ചു.ഡൽഹിയിൽ അറസ്റ്റിലായ രണ്ടുസ്ത്രീകൾ ഉൾപ്പെടെ നാലുപേരെ ഒക്ടോബർ 26 വരെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു.
ഹരിയാണയിലെ സോണിപത് ജില്ലയിലെ കുനാൽ (21), സുമിത് (19), ഉത്തർപ്രദേശ് സ്വദേശികളായ രാധ (23), ബബിത (23) എന്നിവരാണ് പിടിയിലായത്. ഡൽഹിയിൽനിന്ന് മുംബൈയിൽ കൊണ്ടുവന്ന പ്രതികളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നേരേത്ത അറസ്റ്റിലായ പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ സജീവ പങ്കാളിത്തമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഈ പ്രതികൾ വെടിവെയ്പ്കാർക്ക് കൈമാറിയതായി പോലീസ് പറഞ്ഞു. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷം കോടതി നാലുപ്രതികളെയും ഒക്ടോബർ 26 വരെ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ രണ്ടുപേർ ആയുധങ്ങൾ വാങ്ങാൻ അമൃത്സറിലേക്ക് പോയപ്പോൾ രണ്ടു സ്ത്രീകൾ തോക്കുകൾ ട്രെയിനിൽ മുംബൈയിലേക്ക് കടത്തി നേരിട്ട് അക്രമികൾക്ക് കൈമാറിയതായി പോലീസ് പറഞ്ഞു. കൊലപാതകശ്രമം, ആയുധനിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരിൽ മൂന്നു പ്രതികളായ ഹരിയാണയിലെ സോനിപത്തിൽനിന്നുള്ള റെഹാൻ എന്ന സുക്ക, ബിഹാറിലെ ബെഗുസാരായി സ്വദേശിയായ റിതിക് കുർമി എന്ന റോഷൻ, ഹരിയാണയിൽനിന്നുള്ള ഫൂൽ സിങ് എന്നിവരെ ഒക്ടോബർ 31 വരെ കോടതി പോലീസ് കസ്റ്റഡിയിലേക്ക് അയച്ചു.