വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും അവസരം

മഹാരാഷ്ട്രയിലെ കരട് വോട്ടർപട്ടികയിൽനിന്ന് 2,06,88,487 പേരാണ് ഒഴിവാക്കപ്പെട്ടത്
മുംബൈ : പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ കരട് വോട്ടർപട്ടികയിൽനിന്ന് (സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ടപ്പേരുകൾ) വിഭാഗത്തിൽ ഉൾപ്പെടുത്തി ഒഴിവാക്കിയവർക്ക് പട്ടികയിൽ വീണ്ടും ഇടംനേടാൻ അവസരം. ഇവർക്ക് എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.
സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലെയും കരട് വോട്ടർപട്ടിക ഓഗസ്റ്റ് 31-നാണ് പ്രസിദ്ധീകരിച്ചത്.
ഇതിനു പിന്നാലെ വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് പുതിയ നിർദേശം അറിയിച്ചത്.
വോട്ടർമാർ ഇപ്പോൾ സാധാരണ താമസിക്കുന്ന സ്ഥലത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് എന്യുമറേഷൻ ഫോം സമർപ്പിക്കാം.
ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ടോ വാട്സാപ്പ്, ഇ-മെയിൽ, എസ്.എം.എസ്. തുടങ്ങിയ മാർഗങ്ങളിലൂടെയോ ഇവരെ ബന്ധപ്പെടാൻ ശ്രമിക്കും. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല പ്രതിനിധികളുടെ സഹായവും തേടും. അയൽവാസികൾ, ബന്ധുക്കൾ, പ്രദേശവാസികൾ, റെസിെെഡന്റ് വെൽഫെയർ അസോസിയേഷനുകൾ എന്നിവരിലൂടെയും വോട്ടർമാരെ കണ്ടെത്തി നടപടിക്രമങ്ങൾ വിശദീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെയുണ്ടായിരുന്ന താമസസ്ഥലത്തുനിന്ന് മാറാത്തവർക്ക് എന്യുമറേഷൻ ഫോം സമർപ്പിക്കാൻ കഴിയാതിരുന്നതിന്റെ കാരണം അനുബന്ധം ബിയിൽ വ്യക്തമാക്കണം. താമസം മാറിയവർ പുതിയ വിലാസവും നിയമസഭാ മണ്ഡലത്തിന്റെ വിവരങ്ങളും അനുബന്ധം സിയിൽ രേഖപ്പെടുത്തണം.
പട്ടിക ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ഉൾപ്പെടുത്തുന്നതിനായി ഫോം ആറ് സമർപ്പിച്ചിട്ടില്ലാത്തവർ ഓൺലൈനായോ നേരിട്ടോ എന്യുമറേഷൻ ഫോം പൂരിപ്പിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കണം. എന്നാൽ കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം ഫോം ആറ് ഇതിനകം സമർപ്പിച്ചവർ വീണ്ടും എന്യുമറേഷൻ ഫോം നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ കരട് വോട്ടർപട്ടികയിൽനിന്ന് 2,06,88,487 പേരാണ് ഒഴിവാക്കപ്പെട്ടത്. ഒഴിവാക്കപ്പെട്ടവരും ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരും ഉൾപ്പെടെ നവംബർ ഒന്നുവരെ 14.1 ലക്ഷം ഫോം 6 അപേക്ഷകൾ ലഭിച്ചു.
പേര് നീക്കം ചെയ്യുന്നതിനുള്ള ഫോം 7 പ്രകാരം 92,436 അപേക്ഷകളും വിവരങ്ങൾ തിരുത്തുന്നതിനുള്ള ഫോം 8 പ്രകാരം 6.75 ലക്ഷം അപേക്ഷകളും തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്.