വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

നാസിക് : മഹാത്മാനഗർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. കല്യാൺ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചു. റോമിൽനിന്ന് എത്തിച്ച വിശുദ്ധകൊച്ചുത്രേസ്യായുടെ തിരുശേഷിപ്പാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്.

തിരുശേഷിപ്പ് മഹാത്മാനഗർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ എത്തിക്കുന്നതിനായുള്ള നടപടികൾക്കും പരിശ്രമങ്ങൾക്കും ഇടവക വികാരി ഫാ. ആൽബിൻ കൂനമ്മാവ് നേതൃത്വം നൽകി. തിരുശേഷിപ്പ് പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിലും മറ്റു തിരുക്കർമങ്ങളിലും കല്യാൺ അതിരൂപത ചാൻസലർ ഫാ. ഷിന്റോ വള്ളനാട്ട്, ലിറ്റിൽ ഫ്ലവർ ദേവാലയത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ ഫാ. ഫ്രാൻസിസ് പെരുമാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തിരുശേഷിപ്പ് പ്രതിഷ്ഠയോടൊപ്പം സീറോ മലബാർ സഭയുടെ മിഷൻ മാസാചരണത്തിനും ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഔദ്യോഗികമായി തുടക്കം കുറിച്ചു.

ക്രിസ്തുവിന്റെ സുവിശേഷം സ്‌നേഹത്തിലൂടെയും സേവനത്തിലൂടെയും മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള സഭയുടെ മിഷനറി ദൗത്യത്തെ ഓർമപ്പെടുത്തുന്നതായിരുന്നു മിഷൻ മാസത്തിന്റെ ഉദ്ഘാടനം.

ആഘോഷങ്ങളുടെ ഭാഗമായി മതബോധന വിദ്യാർഥികൾ ഒരുക്കിയ ‘നസ്രാണി തനിമ’ എക്‌സിബിഷൻ ഏറെ ശ്രദ്ധേയമായി. ചടങ്ങിനോടനുബന്ധിച്ച് ലിറ്റിൽ ഫ്ലവർ ഇടവകയുടെ പാരിഷ് ഡയറക്ടറിയും പ്രകാശനം ചെയ്തു. ഇടവകയുടെ കുടുംബങ്ങളെയും വിവിധ പ്രവർത്തനങ്ങളെയും ഒരുമിപ്പിക്കുന്ന ഡയറക്ടറി ആർച്ച്‌ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പ്രകാശനം ചെയ്തു.