ശക്തിമയം, ദുർഗാപൂജ

#ഡോ. ഭാവനാ രാധാകൃഷ്ണൻ

നവരാത്രിമാഹാത്മ്യം

പ്രപഞ്ചത്തെ ചലിപ്പിക്കുന്ന ഊർജമാണ് ശക്തി. സൃഷ്ടി, സ്ഥിതി സംഹാരകാരിണിയായ ശക്തിയെ ഉപാസിക്കുന്നത് ഭാരതത്തിൽ പ്രാചീനകാലംമുതലുള്ള സമ്പ്രദായമാണ്‌. ദേവിയുടെ വിവിധ രൂപങ്ങളെ പ്രതിപാദിക്കുന്ന മഹദ്ഗ്രന്ഥമാണ് ദേവീമാഹാത്മ്യം. ചണ്ഡികാരൂപത്തിലുള്ള ദുർഗയാണ് ദേവീമാഹാത്മ്യത്തിലെ മൂർത്തി. ശത്രുമുക്തിക്കുള്ള ദേവന്മാരുടെ പ്രാർഥനയെത്തുടർന്നാണ് ദേവി പ്രത്യക്ഷയാകുന്നത്. വിശ്വത്തിലെ ഓരോ ദേവതയുടെയും ഗുണംകൊണ്ടാണ് ചണ്ഡിക ആവിർഭവിക്കുന്നത്. ദേവീമാഹാത്മ്യത്തിലെ വർണന ഇങ്ങനെയാണ്.

‘യാ ദേവീ മധുകൈടഭ പ്രമധിനീ യാ മഹിഷോന്മൂലിനീ

യാ ധൂമ്രേക്ഷണ ചണ്ഡമുണ്ഡമഥിനീ യാ രക്തബീജാശനീ

ശക്ത്യാ ശുംഭനിശുംഭ ദൈത്യദലനീ യാ സിദ്ധലക്ഷ്മീപരാ

സാ ദേവീ നവകോടിമൂർത്തി സഹിതാ മാം പാതു വിശ്വേശ്വരീ

ദുർഗയുടെ രൂപമാണ് ചണ്ഡിക. വടക്കേ ഇന്ത്യയിലും ബംഗാളിലും ഗുജറാത്തിലും നവരാത്രിയിലെ ആരാധനാമൂർത്തി ചണ്ഡികാ രൂപത്തിലുള്ള ദുർഗയാണ്. ദേവീപൂജയ്ക്ക് അല്ലെങ്കിൽ ശക്തിപൂജയ്ക്ക് വലിയ പ്രാധാന്യമുള്ള ദിനങ്ങളാണ് നവരാത്രിക്കാലം. പ്രധാന ദേവത ചണ്ഡികാ പരമേശ്വരിയാണ്.

അളക്കാനാവാത്ത ശക്തിയായ ചണ്ഡികയെ ഉപാസിക്കുന്നതിനുള്ള വിശിഷ്ട മുഹൂർത്തമായി നവരാത്രിയെ പണ്ടുമുതൽക്കേ കണക്കാക്കിയിരുന്നു. അത് മൂന്ന് വ്യത്യസ്തശക്തികളുടെ സംയുക്തമാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവിമാർ ചേർന്നതാണ് ചണ്ഡിക എന്ന ശക്തി.

ശക്തി, സംരക്ഷണം, മാതൃത്വം എന്നിവയുടെ പ്രതീകമായ പരാന്തികയായ ദുർഗ ആദിപരാശക്തി, മഹാമായ, ജഗദംബിക, ചണ്ഡിക എന്ന് പലരൂപത്തിലും ഭാവത്തിലും അറിയപ്പെടുന്നു. മഹാദേവിയെ ലക്ഷ്മിയായും ദുർഗയായും സരസ്വതിയായും ശക്തിപ്രതീകമായി ആരാധിക്കുന്നതാണ് നവരാത്രികൾ. മഹിഷാസുരനെ നിഗ്രഹിച്ച് ധർമം പുനഃസ്ഥാപിക്കാൻ ദേവി അവതരിച്ചുവെന്നാണ് പുരാണം പറയുന്നത്.

സംഗീതരംഗത്തെ പ്രഗല്‌ഭരായ വാഗേയകാരന്മാരെല്ലാം വാഗ്‌ദേവതയെ ലോകമാതാവായിക്കണ്ട് പാടിയവരാണ്. മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും തങ്ങളുടെ കൃതികളിൽ ദേവിയെ അമ്മയായി വാഴ്ത്തിപ്പാടി. ദീക്ഷിതരുടെ ഹിരൺമയി ലക്ഷ്മി, ശാസ്ത്രികളുടെ സരോജദളനേത്രി എന്നിവ പ്രസിദ്ധമാണ്. സ്വാതിതിരുനാളിന്റെ നവരാത്രികൃതികളിൽ ആദ്യത്തെ മൂന്നെണ്ണം സരസ്വതിയെയും അടുത്ത മൂന്ന് ലക്ഷ്മിയെയും അവസാനത്തെ മൂന്ന് കൃതികൾ പാർവതിയെയും സ്തുതിക്കുന്നതാണ്. അദ്ദേഹത്തിന്റെ പാഹിപർവത നന്ദിനി, പാഹിജനനി എന്നീ കൃതികൾ പ്രത്യക്ഷത്തിൽ പാർവതീവർണനയാണെങ്കിലും ചണ്ഡമുണ്ഡനാശിനീ എന്നീ പ്രയോഗങ്ങളിൽ ദുർഗയുടെ പ്രഭാവം പ്രകടമാണ്. മഹാവൈദ്യനാഥ അയ്യരുടെ പാഹിമാം ശ്രീരാജരാജേശ്വരീ എന്ന ജനരഞ്ജനി രാഗത്തിലെ കൃതിയിലും ദേവിയെ പരാമർശിക്കുന്നത് കാണാം.