മഴക്കാലത്തിന് വിട താപനില ഉയരുന്നു

മുംബൈ : മുംബൈയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഔദ്യോഗികമായി വിട പറഞ്ഞു.2026 ലെ മഴക്കാലം നേരത്തെ അവസാനിച്ചു. ഒക്ടോബർ മൂന്നിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇക്കാര്യം പ്രഖ്യാപിച്ചു. മുംബൈയിലുടനീളം ചൂടും വരണ്ടതുമായ കാലാവസ്ഥയായി. സാന്താക്രൂസ് കാലാവസ്ഥ കേന്ദ്രത്തിൽ 37.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊളാബയിൽ പരമാവധി താപനില 36.5 ഡിഗ്രിസെൽഷ്യസും രേഖപ്പെടുത്തി.
ഈ വർഷത്തെ മൺസൂണിൽ മുംബൈയിൽ ജൂൺ മാസത്തിൽ മഴ കുറവായിരുന്നു, ജൂലായിൽ അസാധാരണമായി മഴ ലഭിച്ചു, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വീണ്ടും മഴ കുത്തനെ കുറഞ്ഞു.
എന്നാൽ ,ഇത്തവണ മുംബൈയിൽ സാധാരണനിലയിൽ മഴ ലഭിച്ചതായി മുംബൈ കാലവസ്ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ സുഷമനായർ പറഞ്ഞു.
നിലവിൽ എൽനിനോ പ്രതിഭാസം നവംബർ, ഡിസംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന് കരുതുന്നു. വരും മാസങ്ങളിൽ നഗരത്തിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും സുഷമനായർ പറഞ്ഞു. കുടിവെള്ള ആസൂത്രണത്തിൽ ബാഷ്പീകരണത്തിന്റെ ആഘാതം കൂടി ഉൾപ്പെടുത്താൻ നഗരസഭ ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. മുംബൈയിലെ ഏഴ് തടാകങ്ങളിലെ നിലവിലുള്ള ജലശേഖരം 2027 മേയ് 17 വരെ നിലനിൽക്കുമെന്ന് അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ (പ്രോജക്ട്) അഭിജിത് ബംഗാർ പറഞ്ഞു.