പുണെയിലെ ദഗഡു സേട്ട് ഗണപതി ക്ഷേത്രം സന്ദർശിച്ച് ചാണ്ടി ഉമ്മൻ

പുണെ : ഗണേശോത്സവത്തിന്റെ മുന്നോടിയായി ഞായറാഴ്ച പുണെയിലെ പ്രസിദ്ധമായ ദഗഡു സേട്ട് ഗണപതി ക്ഷേത്രത്തിൽ നടന്ന മഹാപൂജയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. പങ്കെടുത്തു.

വിശ്രാന്ത്‌വാടി മലയാളി അസോസിയേഷന്റെ രജതജൂബിലി ഓണാഘോഷത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പുണെയിൽ എത്തിയത്.

ക്ഷേത്രം ട്രസ്റ്റി മഹേഷ് സൂര്യവംശി, പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ഷാനി നൗഷാദ്, പുണെയിലെ വ്യവസായി എസ്. ഗണേഷ് കുമാർ എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. ഷാനി നൗഷാദിന്റെ പിതാവും ക്ഷേത്രത്തിന്റെ ബോർഡ് അംഗവുമായിരുന്ന അന്തരിച്ച അബ്ദുൾ മജീദ് ഹാജിയുടെ കാലംതൊട്ട് പാർട്ടി ഭേദമില്ലാതെ കേരളത്തിൽനിന്നുള്ള മിക്ക നേതാക്കളും അവരുടെ പുണെ യാത്രയ്ക്കിടയിൽ നഗരമധ്യത്തിലെ, മതനിരപേക്ഷതയ്ക്ക് പ്രസിദ്ധമായ ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്.