പ്രപഞ്ചസൃഷ്ടിയിൽ ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുന്നു -മാതാ അമൃതാനന്ദമയി

പുണെ :സനാതനധർമത്തിന്റെ കാഴ്ചപ്പാടിൽ സൃഷ്ടികർത്താവും സൃഷ്ടിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ഭാരത യാത്രയുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദർശനത്തിന് പുണെയിൽ എത്തിയ മാതാ അമൃതാനന്ദമയി നിഗഡിയിലെ അമൃതാനന്ദമയിമഠത്തിൽ ഭക്തരെ അഭിസംബോധനചെയ്യുകയായിരുന്നു.
നൂറ് മൺകുടങ്ങളിൽ വെള്ളംനിറച്ച് അവ നിരത്തിവെച്ചാൽ ഓരോ കുടത്തിലെയും വെള്ളത്തിൽ സൂര്യന്റെ പ്രതിബിംബംകാണാം. അതുകൊണ്ട് സൂര്യൻ നൂറാണോ? അല്ല. സൂര്യൻ ഒന്നുമാത്രമാണ്.
അതുപോലെത്തന്നെ ലോകത്തിലെ എല്ലായിടത്തും ഒരേ ആത്മതത്വമാണ് പ്രകാശിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുടെ ഇടതുകൈക്ക് വേദനയുണ്ടായാൽ വലതുകൈ സ്വാഭാവികമായി അതിനെ സഹായിക്കാൻ മുന്നോട്ടുവരും. കാരണം വലതുകൈയും ഇടതുകൈയും ഒരേ ശരീരത്തിന്റെ ഭാഗങ്ങളാണ്.
സമുദ്രവും അതിലെ തിരമാലകളും തമ്മിൽ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ല. അതുപോലെ സൃഷ്ടികർത്താവും സൃഷ്ടിയും അടിസ്ഥാനപരമായ ശുദ്ധചൈതന്യം തന്നെയാണ്.
പ്രപഞ്ചത്തിലുള്ള ഓരോവസ്തുവിലും ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുന്നു എന്ന അർഥത്തിൽ പ്രാചീനഭാരതത്തിലെ ഋഷിമാർ “ഈശാവാസ്യമിദം സർവം” എന്ന് പ്രഖ്യാപിച്ചത് ഇതുകാരണമാണ്.
സൃഷ്ടിയിലെ ഒന്നിനെയും നാം നിസ്സാരമായി കാണരുത്.
ഓരോവസ്തുവിലും ഈശ്വരദർശനം നടത്തി അവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക. ഭാരതത്തിലെ പ്രാചീന ഋഷിമാർക്ക് പ്രകൃതിയോട് അളവറ്റ കൃതജ്ഞതയും ആദരവുമുണ്ടായിരുന്നു.
ഇന്ന് പലരും സനാതനധർമത്തെ പഴയ ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രതീകമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. എന്നാൽ അവ വാസ്തവവിരുദ്ധമാണെന്ന യാഥാർഥ്യം നാം മനസ്സിലാക്കണമെന്നും അമൃതാനന്ദമയി പറഞ്ഞു.
ഞായറാഴ്ചത്തെ ചടങ്ങിൽ പിംപ്രി എം.എൽ.എ. അന്ന ദാദു ബൻസോഡെ, മഹാരാഷ്ട്ര എം.എൽ.സി. ഉമ തായ് ഖാപ്രെ,
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഉപദേശക ശ്വേതാ ശാലിനി, സിംബയോസിസ് ഇന്റർനാഷണൽ ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാമകൃഷ്ണൻ രാമൻ തുടങ്ങിയവർ പങ്കെടുത്തു.