കുവൈത്തിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം തുടർന്ന് ഇറാൻ; വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് തീപ്പിടിച്ചു

ദുബായ്: കുവൈത്തിലേയ്ക്ക് ശക്തമായ വ്യോമാക്രമണം തുടർന്ന് ഇറാൻ. വൈദ്യുതി നിലയവും കുടിവെള്ള ശുദ്ധീകരണകേന്ദ്രവും തർത്തു. ഹോർമുസിൽ രണ്ട് ഇന്ധന ടാങ്കറുകൾ തകർത്തതായും ഇറാൻ അവകാശപ്പെട്ടു. ബഹ്‌റൈൻ, ജോർദ്ദാൻ എന്നിവിടങ്ങളിലേയ്ക്കും ഇറാനിൽ നിന്നും ആക്രമണം ഉണ്ടായി. കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകൾ തടസ്സപ്പെട്ടു. അബു ഖലീഫ, മെഹ്ബൂല എന്നിവിടങ്ങളിലും സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.
സമാനമായ മറ്റൊരു ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം, ശനിയാഴ്ച ഇറാൻ തങ്ങളുടെ മറ്റൊരു വൈദ്യുതി-ജല പ്ലാന്റിന് നേരെ ആക്രമണം നടത്തിയതായും ഇതേത്തുടർന്ന് നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തരഹിതമായതായും കുവൈത്ത് അറിയിച്ചു. 'മറ്റൊരു വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായതായും ഇത് പ്ലാന്റിന്റെ ഒരു ഭാഗത്ത് തീപ്പിടിത്തത്തിന് കാരണമായതായും' കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
തുടർച്ചയായ രണ്ടാം ദിവസമാണ് പ്ലാന്റിന് നേരെ ആക്രമണം ഉണ്ടാകുന്നത്, വെള്ളിയാഴ്ച നടന്ന ആദ്യ ആക്രമണത്തിൽ പ്ലാന്റിൽ തീപിടുത്തവും നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണങ്ങൾ രണ്ട് സ്ഥലങ്ങളിൽ തീപിടുത്തത്തിന് കാരണമായതായും നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റതായും കുവൈത്ത് ഫയർ സർവീസ് അറിയിച്ചു. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് കുവൈത്ത് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതിനാൽ മിക്ക വിമാനങ്ങളും പുനഃക്രമീകരിച്ചതായി കുവൈത്ത് ദേശീയ വിമാനക്കമ്പനി അറിയിച്ചു. അതേസമയം ബഹ്റൈനിൽ, ഇറാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം ചെറുത്തതായി സൈന്യം അറിയിച്ചു. സൈറണുകൾ മുഴങ്ങിയതിന് പിന്നാലെ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി മനാമയിലെ എഎഫ്പി റിപ്പോർട്ടർ അറിയിച്ചു.
വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങളെ തടഞ്ഞുവെന്നും ഇറാൻ നടത്തിയ നിരവധി ആകാശ ആക്രമണങ്ങളെ തടയുകയും നശിപ്പിക്കുകയും ചെയ്തതായും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രഭാതം മുതൽ അഞ്ച് തവണ എയർ റെയ്ഡ് സൈറണുകൾ മുഴങ്ങിയതായും താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അമേരിക്കൻ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായി ബഹ്റൈനിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ടതായി ഇറാൻ സൈന്യം നേരത്തെ അറിയിച്ചതായി ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.
ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിലെ വിമാന ഷെൽട്ടറുകൾ, പാർക്കിംഗ് ഏരിയകൾ, യുഎസ് സൈന്യത്തിന്റെ ഇന്ധന സംഭരണ ടാങ്കുകൾ എന്നിവയും നിരവധി പാലങ്ങളും ഡ്രോണുകൾ ലക്ഷ്യമിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. തെക്കൻ ഇറാനിൽ അമേരിക്ക ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാർത്തകളെല്ലാം യുഎസ് നിഷേധിച്ചു.
Content Highlights: Iran targeted critical power and water infrastructure in Kuwait. Kuwait International Airport operations were temporarily suspended. Bahrain's air defense intercepted multiple drone and rocket attacks. Iran claims attacks are retaliation for US-linked military activities. Regional emergency services are responding to fires and infrastructure damage.