കല കൊണ്ട് ജീവിക്കാം, പക്ഷേ, സെൽഫ് മാർക്കറ്റിങ് വേണം- ഇന്ദുലേഖ വാര്യർ

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്റെ അവസാന ഗാനമാലപിച്ചത് പുതുമുഖ ഗായിക ഇന്ദുലേഖാ വാര്യരാണ്. അതും മലയാളത്തിന്റെ ഭാവഗായകനായ പി.ജയചന്ദ്രനൊപ്പം. 'സതിയുണരുന്നു ചിതയില്‍നിന്നും' എന്ന ആ ഗാനം മലയാളികള്‍ കൈനീട്ടി സ്വീകരിക്കുകയും ചെയ്തു. പാട്ടിന്റെ റെക്കോഡിങ്ങിന്
സംഗീത സംവിധായകനായ വിശ്വനാഥന് രോഗാവസ്ഥ മൂലം എത്താന്‍ സാധിച്ചില്ല. അദ്ദേഹം മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കുമുന്‍പായിരുന്നു റെക്കോര്‍ഡിങ്. റെക്കോര്‍ഡിങ്ങിന് തലേന്ന് ഇന്ദുലേഖ കൈതപ്രം വിശ്വനാഥനെ ഫോണില്‍ വിളിച്ചപ്പോഴാണ് എത്താന്‍ കഴിയാത്ത കാര്യമറിയിച്ചത്. കൈതപ്രം വിശ്വനാഥന്റെ അനുഗ്രഹം തന്നിലെ കലാകാരിയ്ക്ക് ലഭിച്ച വാക്കിന്റെ മുത്തുകളാണെന്നും ഇന്ദുലേഖ പറയുന്നു. കലാകാരിയെന്ന നിലയില്‍ ഇന്ദുലേഖയ്ക്ക് ഇന്ന് കൈനിറയെ പാട്ടുകളുണ്ട്, മലയാളത്തിലും തമിഴിലുമായി ഒട്ടേറെ അവസരങ്ങള്‍. പാടിയ പാട്ടുകളെല്ലാം ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. കേരളത്തിലും വിദേശത്തും സ്‌റ്റേജ് ഷോകള്‍ വേറെ. ഉയര്‍ന്നുവരുന്ന കലാകാരിയെന്ന നിലയില്‍ ഇതിനപ്പുറം എന്തുവേണം. നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ വാര്യര്‍. കാവ്യനടനം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഷാര്‍ജയിലെത്തിയതായിരുന്നു ഇന്ദുലേഖ വാര്യര്‍.
പാട്ടും കവിതയുമെങ്ങിനെ ഒന്നിച്ചുകൊണ്ടുപോകുന്നു
രണ്ടും അത്രയ്ക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടെന്നു പറയാം. പാട്ടിന് പാട്ടിന്റെ ഗൗരവവും കവിതയ്ക്ക് കവിതയുടെ ഗൗരവവും നല്‍കാന്‍ ശ്രമിക്കുന്നു. ഈ പാട്ടും കവിതയുമൊന്നുമില്ലാതെ ഞാനില്ലെന്ന് തോന്നാറുണ്ട്.
എന്നുതുടങ്ങി പാട്ടു പഠനം
മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഏഴാംവയസ്സില്‍ പാട്ട് പഠിക്കാന്‍ തുടങ്ങിയിരുന്നു. അമ്മയുടെ നിര്‍ബന്ധത്തില്‍ സംഗീതം പഠിക്കാന്‍ തുടങ്ങിയതെന്നു പറയുന്നതാവും ശരി. അതാണ് പിന്നീട് ജീവിതത്തിലേക്കുള്ള വഴി തുറന്നത്.
ആരൊക്കെയാണ് സംഗീത ഗുരുക്കന്മാര്‍
വീടിനടുത്തുള്ള ഹരിപ്രകാശ് എന്ന ആളാണ് ആദ്യഗുരു. പിന്നീട് രാമചന്ദ്രന്‍ , നിഷാന്ത് തുടങ്ങിയവരില്‍നിന്നും പഠിച്ചിരുന്നു. തിരുവില്ല്വാമല ജയറാമില്‍നിന്നാണ് കൂടുതലും പഠിച്ചത്. ഇവരെല്ലാം വീട്ടില്‍വന്നാണ് പഠിപ്പിച്ചത്. പിന്നീട് കര്‍ണാടക സംഗീതം മങ്ങാട് നടേശനില്‍ നിന്നും പഠിച്ചു. അദ്ദേഹം ഒരുവര്‍ഷം മുന്‍പ് മരിച്ചു. പിന്നീട് വിവാഹിതയായി ചെന്നൈയിലെത്തി. നെടുമ്പള്ളി രാംമോഹന്‍ , ഭാര്യ മീരാ രാംമോഹന്‍ എന്നിവരില്‍നിന്നും കഥകളി സംഗീതവും പഠിച്ചു. അബ്രതീത ബാനര്‍ജിയില്‍ നിന്നും ഇപ്പോള്‍ ഹിന്ദുസ്ഥാനി പഠിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതം വലിയ ആഗ്രഹമായതിനാല്‍ പഠിക്കുന്നുവെന്നും പറയാം. ഏഴുവയസ്സുതൊട്ട് 24 വയസ്സുവരെ തുടര്‍ച്ചയായി സംഗീതം പഠിച്ചു.
സിനിമാ ഗാനങ്ങളുടെ തുടക്കം
2014 - പുറത്തിറങ്ങിയ മാധവ് രാമദാസിന്റെ അപ്പോത്തിക്കരി എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയായിരുന്നു ആ പാട്ടെഴുതിയത്. പിന്നീട് വിദ്യാസാഗറിന്റെ സംഗീതത്തില്‍ തമിഴിലും പാടാന്‍ സാധിച്ചു. വൈരമുത്തു - വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുപാടാന്‍ തുടക്കത്തില്‍ തന്നെ സാധിച്ചതും ഭാഗ്യമായി കരുതുന്നു. പിന്നീട് മലയാളത്തില്‍ 'ഓട്ടര്‍ഷ' യില്‍ പാടി. ആ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം സംഗീതത്തില്‍ 'ദുനിയാവിന്റെ ഒരറ്റത്ത്' ചിത്രത്തില്‍ പാട്ടുപെട്ടിക്കാര എന്നുതുടങ്ങുന്ന പാട്ട് പാടുകയും ചെയ്തു. ഏറ്റവുമവസാനമായി 'സലാര്‍' എന്നചിത്രത്തിലും പാടി. രാജീവ് ഗോവിന്ദന്‍ എഴുതിയ ഇതിലെ പാട്ടുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ ചെറിയ കാലംകൊണ്ട് 10 - ലേറെ സിനിമകളില്‍ പാടാന്‍ സാധിച്ചത് വലിയ അഭിമാനമായി തോന്നുന്നു.
കവിതയിലെത്തിയതെങ്ങിനെ
കുഞ്ഞുപ്രായത്തില്‍ത്തന്നെ കവിതകള്‍ ചൊല്ലിത്തുടങ്ങി. സ്‌കൂളില്‍ നന്നായി കവിത ചൊല്ലി, അതിനാല്‍ കവിത വേഗത്തില്‍ ഹൃദിസ്ഥമാക്കാനും സാധിച്ചു. ചെറുപ്രായത്തിലാണല്ലോ കാണാപാഠം പഠിക്കാന്‍ സാധിക്കുക.
മകന്‍ സാരംഗിനെ കവിതയില്‍ കൂടെക്കൂട്ടുകയായിരുന്നോ
മകന് ഭക്ഷണം കൊടുക്കുമ്പോള്‍ അവന്‍ നന്നായി കഴിക്കാന്‍വേണ്ടി ഒപ്പം കവിത ചൊല്ലിക്കൊടുക്കുമായിരുന്നു. ചൊല്ലിക്കൊടുക്കുന്ന കവിതകള്‍ അവന്‍ നന്നായി ആസ്വദിക്കുന്നു. അങ്ങിനെ എന്‍.കെ.ദേശത്തിന്റെ 'ആനക്കൊമ്പന്‍' കവിത സാരംഗ് ഏറ്റവും നന്നായി ആസ്വദിച്ചു. പിന്നീട് ഒ.എന്‍.വി.യുടെ 'ആവണിപ്പാടം' ' കുഞ്ഞേടത്തി' , ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' , വൈലോപ്പിള്ളിയുടെ 'ഊഞ്ഞാല്‍' തുടങ്ങിയ കവിതകളെല്ലാം മകനുവേണ്ടി കാണാതെ ചൊല്ലിക്കൊടുത്തു. പണ്ട് കലോത്സവ മത്സരങ്ങളില്‍ ഈ കവിതകളെല്ലാം പാടിയതും ഓര്‍മയിലുണ്ട്. പിന്നീട് കാവ്യ പുസ്തകങ്ങളില്‍ നിന്നുള്ള കുട്ടിക്കവിതകളെല്ലാം മകനെ കേള്‍പ്പിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കവിതകള്‍ പഠിക്കുന്ന കാലംതൊട്ട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ കവിതകളും ചൊല്ലും. മകന് കവിത ചൊല്ലിക്കൊടുക്കുമ്പോള്‍ ഞാന്‍ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകുന്ന അനുഭവമാണ്.
അതിന് മകന്‍ ഒരു കാരണമായോ
അതെ, സ്‌കൂള്‍ കാലം ആരുടെ മനസ്സിലും നല്ല ഓര്‍മകളായിരിക്കും. കലോത്സവവേദികള്‍ കൂടിയാവുമ്പോള്‍ ഓര്‍മകള്‍ക്ക് കൂടുതല്‍ മധുരമാകും. അതിനെല്ലാം ഞങ്ങള്‍ ചന്തു എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മകന്‍ സാരംഗ് കരണമായെന്നുപറയാം. മകന് കവിത ചൊല്ലിക്കൊടുത്തതുമൂലം എന്നിലെ കലാകാരി മറ്റൊരു തലത്തിലെത്തിയെന്നും പറയാം. കുട്ടികള്‍ക്കായി കഥപറച്ചില്‍ കൂടി ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്.
അങ്ങിനെ സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായി അല്ലെ
സാമൂഹിക മാധ്യമങ്ങള്‍ വഴി കൂടുതല്‍ തിരക്കുപിടിച്ച ജീവിതമായെന്നും പറയാം. ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പടക്കം ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. മലയാളം കുട്ടിക്കവിതകളുമായി ബന്ധപ്പെട്ടാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. മികച്ചതെന്നു തോന്നുന്ന ക്ലാസിക്ക് കഥകളെല്ലാം 'സ്റ്റോറി ടെല്ലിങ്ങില്‍' ഉള്‍പ്പെടുത്താറുണ്ട്.
കരിയറിലെ മറ്റൊരു ചവിട്ടുപടിയിലാണോ
തീര്‍ച്ചയായും. സിനിമാപ്പാട്ടുകള്‍ പോലെ കുട്ടിക്കവിതകളിലും ഞാന്‍ ശ്രദ്ധിക്കുന്നു. കവിതകളിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സുകളില്‍ ഇടംതേടുക എളുപ്പമല്ലല്ലോ.
റാപ്പില്‍ എത്തിയതെങ്ങനെ
സമൂഹത്തിന് എന്തെങ്കിലും നന്മയുടെ സന്ദേശങ്ങള്‍ നല്‍കണമെന്ന ആഗ്രഹത്തിലാണ് റാപ്പ് സംഗീതം തുടങ്ങിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സുരക്ഷ, സമൂഹത്തിലെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടുക തുടങ്ങിയവയെല്ലാം റാപ്പിന് വിഷയമാക്കാറുണ്ട്. 2020 - ലായിരുന്നു റാപ്പിന് തുടക്കംകുറിച്ചത്. സ്വതന്ത്ര സംഗീതത്തില്‍ സയനോര അടക്കമുള്ളവരോടൊപ്പം ചേര്‍ന്ന് റാപ്പ് ചെയ്തിരുന്നു. മലയാളം റാപ്പ് സംഗീതത്തില്‍ പുതിയ പരീക്ഷണം നടത്തുകയാണ്. നവ മാധ്യമങ്ങളിലെ പൊയ്മുഖങ്ങള്‍ തുറന്നുകാണിക്കുന്നതടക്കം വിഷയമാക്കി ഞാന്‍തന്നെ എഴുതി പാടുകയാണ്. ഇത്തരത്തില്‍ വേറിട്ട രീതിയില്‍ അവതരിപ്പിച്ച റാപ്പുകള്‍ക്ക് കയ്യടികള്‍ ലഭിക്കുന്നുണ്ട്. അതൊക്കെ സന്തോഷമുള്ള കാര്യങ്ങളാണല്ലോ. സാമൂഹിക വിമര്‍ശനം തന്നെയാണ് പ്രധാന വിഷയങ്ങളാക്കാറുള്ളത്. ഇതിനകം പുറത്തിറങ്ങിയ റാപ്പ് സംഗീതങ്ങളെല്ലാം ഹിറ്റുകളായി ഓടിക്കൊണ്ടിരിക്കുന്നു. റാപ്പ് സംഗീതത്തിന് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അങ്ങിനെ വിവിധ മേഖലകളിലൂടെ കലാജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്.
അറിയപ്പെടുന്ന കലാകാരനായ അച്ഛന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോ
അച്ഛന്‍ പറഞ്ഞുതന്നതും കേള്‍പ്പിച്ചതുമായ കഥകളും കവിതകളുമാണ് എന്റെ ഊര്‍ജം. അച്ഛന്‍ സ്ഥിരമായി കല, സാഹിത്യം, പാട്ട് എന്നിവയെല്ലാം സംസാരിച്ചുകൊണ്ടിരിക്കും. എം.ടി., ഒ.എന്‍.വി, സുകുമാര്‍ അഴീക്കോട് എന്നിവരെയെല്ലാം അച്ഛന്‍ മനോഹരമായി അനുകരിക്കും. അവരുടെ മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്. അധികം ചിരിക്കാത്ത എം.ടി.പോലും അച്ഛനിലെ കലാകാരനെ അഭിനന്ദിച്ച് ചിരിച്ചിട്ടുണ്ട്. അതൊക്കെ എന്നിലെ കലാകാരിക്ക് സ്വാധീനമായെന്നു പറയാം. അങ്ങിനെ അറിഞ്ഞോ അറിയാതെയോ അച്ഛനില്‍ നിന്നും ഒട്ടേറെ വാക്കുകള്‍ എന്നിലും ഉണ്ടായിട്ടുണ്ട്.
എഴുതാനും അതാണോ ധൈര്യമായത്
അതെ, അച്ഛന്റെ പാട്ടും കവിതയും സംസാരവും പ്രസംഗവും തമാശയുമെല്ലാം എനിക്ക് എഴുതാനും പ്രേരണയായി. അങ്ങിനെയാണ് ഞാന്‍ റാപ്പുകള്‍ എഴുതിയതും അവ സ്വീകരിക്കപ്പെട്ടതും. അച്ഛനില്‍ നിന്നും 'കരവാള്' എന്നിങ്ങനെ ഒട്ടേറെ വാക്കുകളും എഴുതാനായി. എന്റെ റാപ്പുകള്‍ക്ക് വരികളും ഞാന്‍ തന്നെ എഴുതാറുള്ളത്.
റാപ്പ് സംഗീതം എങ്ങിനെയാണ് സ്വാധീനമായത്
പ്രാചീനകാലത്തെ അടിമവര്‍ഗ്ഗങ്ങളുടെ സങ്കടങ്ങളടക്കം റാപ്പ് സംഗീതമായി മാറി. അങ്ങിനെ പുതിയ കാലത്തത് സ്ത്രീകളടക്കം അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ ദുഃഖം റാപ്പ് സംഗീതങ്ങളായി ഞാന്‍ എഴുതി അവതരിപ്പിക്കുകയിരുന്നു. സ്ത്രീകള്‍ സമൂഹത്തിന്റെ മുന്‍നിരയിലെത്തിയെന്നു പറയുമ്പോഴും ഒരു വിഭാഗം അടിച്ചമര്‍ത്തപ്പെടുകയാണ്. എനിക്ക് അങ്ങിനെയുള്ള താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ ഭാഗത്തുനിന്നുമാത്രമേ ചിന്തിക്കാന്‍ സാധിക്കൂ. അതാണ് എന്നിലെ പാട്ടും സംഗീതവുമെല്ലാം. റാപ്പുകള്‍ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലൂടെയാണ് പുറത്തിറക്കുന്നത്.
മറ്റേതൊക്കെ റാപ്പ് ചെയ്തിട്ടുണ്ട്
തമാശയായും ആളുകള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ റാപ്പുകള്‍ ചെയ്തിട്ടുണ്ട്. കൂടുതലും സ്ത്രീകളുടെ ജീവിതവും സ്ത്രീ സുരക്ഷയുമെല്ലാം തന്നെ വിഷയം. കൂടാതെ ആല്‍ബങ്ങളും ചെയ്യുന്നു. അടുത്തിടെ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി വിദ്യാധരന്‍ ഈണമിട്ട ഭക്തിഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെപ്പേര്‍ നല്ല അഭിപ്രായങ്ങളും അറിയിച്ചു.
പുതിയ സിനിമകള്‍
ഗോപി സുന്ദറിന്റെ പാട്ടുകളടക്കം പടിക്കഴിഞ്ഞു. രണ്ടുമൂന്നു സിനിമകള്‍ വരാനിരിക്കുന്നു. സിനിമ എന്ന മാധ്യമത്തിലുപരി സ്വതന്ത്ര സംഗീതത്തില്‍ കൂടുതല്‍ പാട്ടുകള്‍ ചെയ്യാനാണ് ഇഷ്ടം. റാപ്പ്, കവിത, ശില്‍പശാലകള്‍ എന്നിവയെല്ലാം ചെയ്യാനാണ് കൂടുതല്‍ സമയം ചെലവഴിക്കുക. സ്റ്റേജ് ഷോയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുന്‍പില്‍ വലിയ ആള്‍ക്കൂട്ടമിരിക്കുമ്പോള്‍ പാട്ടുപാടാനും കവിത ചൊല്ലാനുമെല്ലാം കൂടുതല്‍ ഉത്സാഹം തോന്നും. സ്റ്റേജ് ഷോകള്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. മെലഡി, 'അടിപൊളി' പാട്ടുകളെല്ലാം സ്റ്റേജുകളില്‍ പാടാറുണ്ട്. ഒട്ടേറെ വലിയ ഷോകളിലും പാടിക്കഴിഞ്ഞു. ആസ്വാദകരോട് നേരിട്ട് സംവദിക്കുന്ന ഫീല്‍ ഉണ്ടാകാറുണ്ട്. 'ഇന്ദുലേഖാ ലൈവ്' എന്ന സ്വന്തം ബാന്‍ഡും പ്രവര്‍ത്തിക്കുന്നു.
സിനിമകളെ കൂടുതല്‍ ആശ്രയിക്കില്ല എന്നാണോ
പുതിയ കാലത്ത് സിനിമകളെ മാത്രം ആശ്രയിച്ചുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. എന്റേതായി വഴി കണ്ടെത്തുക എന്നതാണ് രീതി. കുറച്ചുകാലം ജോലി ചെയ്തിരുന്നു, പിന്നീട് ജോലി ഉപേക്ഷിച്ച് കലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയിരുന്നു. എങ്ങിനെയോ 'ഊരിതിരിഞ്ഞ്' ഈ വഴിയിലെത്തി എന്നുപറയുന്നതാവും ശരി. കലകൊണ്ട് ജീവിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമെനിക്കുണ്ട്. അതിനുള്ള പുതുവഴികളും ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. സ്റ്റേജ് ഷോ, സാമൂഹിക മാധ്യമം എന്നിവയാണ് എന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗ്ഗം. സാമൂഹിക മാധ്യമങ്ങള്‍ വഴി സ്റ്റേജ് ഷോകള്‍ ലഭിക്കുന്നുമുണ്ട്.
സ്വയം മാര്‍ക്കറ്റ് ചെയ്യണം എന്ന തോന്നലുണ്ടോ
ഉണ്ട്, ഇനിയുള്ള കാലം നമ്മള്‍ നമ്മളെത്തന്നെ മാര്‍ക്കറ്റ് ചെയ്യണം. എങ്കിലേ ജീവിക്കാന്‍ സാധിക്കുകയുള്ളു. അല്ലാത്തപക്ഷം നമ്മള്‍ ഒതുങ്ങിപ്പോകും. ഒന്നിനും മടി പാടില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങണം.
അമ്മയുടെ സ്വാധീനം
അമ്മ പാലക്കാട് പുതുക്കോട് സ്വദേശിനി ഉഷാ വാര്യര്‍. അമ്മയാണ് സംഗീതം പഠിക്കാന്‍ പ്രേരണ ആയതെന്നു നേരത്തെ പറഞ്ഞല്ലോ. മാത്രമല്ല നല്ല അക്ഷരസ്ഫുടതയും അമ്മയുടെ നിര്‍ബന്ധമാണ്. കോളേജ് കാലം വരെ സംഗീതത്തിനും പ്രാധാന്യം കൊടുക്കാന്‍ പറഞ്ഞത് അമ്മയാണ്. അച്ഛനെപ്പോലെ അമ്മയും കലയെ സ്‌നേഹിക്കുന്നു. അമ്മയുടെ ദൗബല്യമാണ് പാട്ട്. അമ്മ നന്നായി തിരുവാതിര കളിക്കും. അതിനാല്‍ ഇരുവരും ജീവിതത്തില്‍ വലിയ സ്വാധീനമാണ്. ഭര്‍ത്താവ് ആനന്ദ്, ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസില്‍ (ഐ.ഡി.എ.എസ്.) അസിസ്റ്റന്റ് കംട്രോളര്‍ ആണ്. ഞങ്ങള്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം. ആനന്ദ് കലാജീവിതത്തില്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.
Content Highlights: interview with Indulekha warrier, Gulf feature