കഥ പറയും ദുബായ്...

#ഇ.ടി.പ്രകാശ്
പഴയകാല ദുബായ് ചിത്രം
പഴയകാല ദുബായ് ചിത്രം

ദുബായിയുടെ കൈവരികളിലെല്ലാം ചരിത്രങ്ങളാണ്, ഇന്നലെകളിലെ പൈതൃക ശേഷിപ്പുകള്‍. അതിജീവനത്തിനായി കുറെ മനുഷ്യരുടെ വിയര്‍പ്പിറ്റുവീണ മണലിടങ്ങള്‍. ദുബായ് കടലിലെ നിലക്കാത്ത ഓളങ്ങള്‍പോലെ ഈ ഭൂമികയില്‍ ഇടവേളകളില്ലാതെ ഓരോ പുതിയ മനുഷ്യനും എത്തിക്കൊണ്ടിരിക്കുന്നു. ജീവിതങ്ങള്‍ പച്ചപിടിക്കുന്നു, പ്രവാസം എന്ന വാക്കിനുപോലും പുതിയ അര്‍ഥതലമുണ്ടാക്കിയ മണ്ണാണ് ദുബായിയുടേത്. ജീവിതങ്ങള്‍ ഇവിടെ വസന്തങ്ങള്‍ തീര്‍ക്കുന്നു, കരയാനല്ല , കൈനിറയെ പണവുമായി തിരികെ കടല്‍കടക്കാനാണ് ഇവിടേക്ക് ഓരോരാളും എത്തുന്നത്. ചിലര്‍ക്കെല്ലാം അടിപതറിയിട്ടുണ്ടാവാം, അതവരുടെ നിയോഗമാണ്. ജയിച്ചവരുടെമാത്രമല്ലല്ലോ തോറ്റവരുടെയുംചേര്‍ന്നതാണ് ഏതു ഭൂമികയും. ദുബായിയെ ശരിക്കും അറിഞ്ഞവര്‍    പ്രവാസികളാണെന്ന് പറയാം. അവരാണ് ഈ മണ്ണില്‍ ജീവിതം കരുപിടിപ്പിച്ചവര്‍. അതുകൊണ്ടാണ് പ്രവാസം വലിയ ജീവിതാനുഭവങ്ങളാണെന്നും പലരും പറയുന്നത്. ഹജാര്‍ പര്‍വതനിരയുടെ മടിത്തട്ടില്‍കിടക്കുന്ന ഖോര്‍ഫക്കാന്‍തീരം അതിസാഹസികമായി അണഞ്ഞവരാണ് മലയാളികളായ ആദ്യകാല പ്രവാസികളും. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പത്തേമാരികളില്‍ കയറി ഭാഗ്യാന്വേഷണം തേടിയെത്തിയത് ഖോര്‍ഫക്കാനിലായിരുന്നു. ഒരുകാലത്ത് ദിശാബോധമില്ലാതെ ഭാഗ്യ, നിര്‍ഭാഗ്യങ്ങള്‍ക്കിടയില്‍ അവര്‍ ദുബായ് തേടിയലഞ്ഞത് എം.ടി. അടക്കമുള്ളവരും എഴുതിയിട്ടുണ്ട്. എഴുപതുകളിലെ കുടിയേറ്റങ്ങളില്‍ ഇത്തരം അസംഖ്യം കഥകളും പറഞ്ഞിട്ടുണ്ട്. പുതിയ തലമുറ കടംകഥപോലെ അന്നത്തെ സാഹസികയാത്ര കേട്ടിരിക്കാം, കാരണം അന്നത്തെ ഖോര്‍ഫക്കാന്‍ ഇന്നില്ല. മിനുസമാര്‍ന്ന റോഡുകളും അത്യന്താധുനിക വാഹനങ്ങളും ആഡംബര ജീവിതവുമായി ദുബായ് അത്രയും പുരോഗമിച്ചു. മണ്ണെണ്ണകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഫ്രിഡ്ജും വൈദ്യുതിയെന്നത് വളരെക്കുറച്ചുപേര്‍ക്കുമാത്രമുള്ളതുമായ കാലം എന്നോമറഞ്ഞു. ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ഒരു ഫാന്‍പോലുമില്ലാതെ ജീവിതം ജീവിച്ചുതീര്‍ത്ത ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. റേഷന്‍പോലെ ബദുക്കളും ജലവിതരണക്കാരും നല്‍കിയിരുന്ന കുറഞ്ഞ അളവുകളിലുള്ള വെള്ളം ആവശ്യത്തിന് തികഞ്ഞിരുന്നില്ല. കാലിയായ മണ്ണെണ്ണപ്പാത്രങ്ങളില്‍ ജുമൈരയിലെ കിണറുകളില്‍ നിന്നും സംഭരിച്ചയാക്കുന്ന വെള്ളമായിരുന്നു അക്കാലത്ത് നല്‍കിയിരുന്നത്. കഴുതപ്പുറത്തും ഉന്തുവണ്ടികളിലുമായി വെള്ളം ദുബായില്‍ എത്തിച്ച കാലത്തെക്കുറിച്ച് അന്തരിച്ച സിന്ധ് വംശജനായ വ്യവസായി രാം ബക്ഷാണി 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയില്‍ വിവരിക്കുന്നു. അങ്ങിനെയൊരു വലിയകാലത്തിലൂടെ സാഹസികമായി തുഴഞ്ഞാണ് ഇന്നുകാണുന്ന ദുബായിലെത്തിയതെന്നോര്‍ക്കണം.

ഉയര്‍ന്ന ജോലികളില്‍ ബ്രിട്ടീഷുകാര്‍    

ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ പേര്‍ഷ്യന്‍ മേഖലയില്‍നിന്നല്ലാതെ അധികമാരും ഉയര്‍ന്നജോലികളില്‍ എത്തിപ്പെടാത്ത കാലംകൂടിയായിരുന്നു അത്. അക്കാലത്ത് ഇന്ത്യക്കും ഗള്‍ഫിനുമിടയില്‍ യാത്രാകപ്പലുകളായിരുന്നു കൂടുതലും. മുംബൈയില്‍ നിന്നും പുറപ്പെടുന്ന കപ്പലുകള്‍ ഇറാഖിലെ ബസ്രവരെ പോകും. കറാച്ചി, മസ്‌ക്കറ്റിന്റെ ഭാഗമായ ഗ്വാദര്‍, ദുബായ്, കുവൈത്ത് വഴിയാണ് ബസ്രയിലെത്തുക. ഇന്ത്യയില്‍നിന്നും ദുബായിലേക്ക് അക്കാലത്ത് ആഴ്ചയില്‍ നാലോ അഞ്ചോ വിമാന സര്‍വീസ് മാത്രമായിരുന്നു. ദുബായില്‍ സീപോര്‍ട്ട് നിലവില്ലാത്ത കാലമായതിനാല്‍ ദുബായ് തീരത്തുനിന്നും ഏതാണ്ട് 130 കിലോമീറ്റര്‍ ദൂരെയുള്ള ഖോര്‍ഫക്കാന്‍ മലയിടുക്കില്‍ പ്രവാസികളെത്തിയത് അങ്ങിനെയാണ്.

പറഞ്ഞാല്‍ തീരാത്ത കഥകളുടെ മണ്ണ്

എത്രപറഞ്ഞാലും എത്രകണ്ടാലും തീരാത്ത കഥകളുണ്ട് ദുബായില്‍, രൂഢമൂലമായ അറബ് ചരിത്രങ്ങള്‍. അറേബ്യന്‍ ഐക്യനാടുകള്‍ രൂപപ്പെടുന്നതിനുംമുന്‍പ് ഏതാണ്ട് 150 വര്‍ഷമെങ്കിലും പഴക്കമുണ്ടാകും ദുബായിക്കെന്നാണ് കരുതുന്നത്. 1833 - മുതല്‍ അല്‍ മക്തൂം രാജകുടുംബമാണ് ദുബായിയുടെ ഭരണനിര്‍വഹണം നടത്തുന്നത്. ഇന്നും ഈ നാട് നേട്ടങ്ങളുടെ നെറുകയില്‍ തൊട്ടുകൊണ്ടിരിക്കുന്നത് കരുത്തുറ്റ ഭരണനേതൃപാടവങ്ങളുടെയാണെന്ന് ഉറപ്പിച്ചുപറയാം.

സമുദ്രം പിന്‍വാങ്ങിയ ഭൂപ്രദേശം

ചുരുങ്ങിയത് 5,000 വര്‍ഷംമുന്‍പ് സമുദ്രം പിന്‍വലിഞ്ഞ ഭൂപ്രദേശമാണ് ദുബായ് എന്നാണ് അറബ് പൗരാണിക ചരിത്രം രേഖപ്പെടുത്തിയത്. മണലില്‍ പുതഞ്ഞുകിടന്ന മരുപ്രദേശം ലോകത്തോളം വളര്‍ന്ന ഒരു വന്‍നഗരമായി മാറിയത് പുതിയ ചരിത്രം. 7,000 വര്‍ഷം മുന്‍പ് ഇവിടെ കണ്ടല്‍ക്കാടുകളും തഴച്ചുവളര്‍ന്നതായി പില്‍ക്കാല ഗവേഷണങ്ങളിലൂടെ കണ്ടെത്തുകയുമുണ്ടായി. ഇസ്ലാമിനുമുന്‍പ് ദുബായിലെ ആദിമജനത ബജിര്‍ എന്ന ദേവനെയാണ് ആരാധിച്ചതെന്നും പറയപ്പെടുന്നു. സസ്സാനിയന്‍മാര്‍ എന്ന വിഭാഗമാണ് ഇവിടം അക്കാലത്ത് നിയന്ത്രിച്ചിരുന്നത്. മേഖലയില്‍ ഇസ്ലാമിക സംസ്‌കാരം വര്‍ധിച്ചതോടെ ഉമയ്യാദ്, കാലിഫ് എന്നിവരുടെ നേതൃത്വത്തല്‍ സസ്സാനിയന്‍മാരെ തുരത്തുകയും തെക്കുകിഴക്കന്‍ അറബ്നാടുകള്‍ കീഴടക്കുകയും ചെയ്തു. ദുബായിയെക്കുറിച്ച് 1800 - ന്റെ തുടക്കത്തിലാണ് കൃത്യമായ രേഖകളും പുറത്തുവന്നത്. അതിനുമുന്‍പ് പ്രാചീന അറബ് ഭൗമശാസ്ത്രജ്ഞനായ അബു അബ്ദുള്ള അല്‍ - ബക്രി എഴുതിയ ബുക്ക് ഓഫ് ജിയോഗ്രഫി എന്ന കൃതിയെയായിരുന്നു ആശ്രയിച്ചിരുന്നത്. വെനീസിലെ പവിഴവ്യാപാരിയായിരുന്ന ഗസ്പറോ ബാല്‍ബി 1580 - ല്‍ ദുബായ് സന്ദര്‍ശിച്ചുകൊണ്ട് ഇവിടുത്തെ മുത്തും പവിഴവും അടക്കമുള്ള വിപണിയെ പ്രതിപാദിച്ചിരുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ദുബായിലെ വ്യാപാര, വാണിജ്യ സാധ്യതകള്‍ കൂടുതലും ചൂണ്ടിക്കാണിച്ചത്. അതിനൊപ്പം അറേബ്യന്‍ പാരമ്പര്യങ്ങളും മിത്തുകളും അതേപോലെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ട്. ദുബായ് എന്ന പേര് പേര്‍ഷ്യന്‍ , അറബിക് ഭാഷകളില്‍നിന്നും ഉണ്ടായതാണെന്നും പറയപ്പെടുന്നു. അറബ് ചരിത്രകാരന്‍ ഫെഡെല്‍ ഹന്ധല്‍ ദാബ (ഒഴുക്ക്) എന്ന വാക്കില്‍നിന്നാണ് ദുബായ് ഉണ്ടായതെന്ന് നിരീക്ഷിച്ചിരുന്നു.    മീന്‍പിടിച്ചും മുത്തുവാരിയും ഒരു തലമുറ ഈ നാടിനെ പടുത്തുയര്‍ത്തുകയായിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംവരെ അത്തരത്തില്‍ അഭിവൃദ്ധി നിലനിര്‍ത്തിയെന്നുപറയാം. കിഴക്കന്‍ ആഫ്രിക്കയുമായി വാണിജ്യബന്ധം പുലര്‍ത്തിയും ദുബായ് സാമ്പത്തിക നേട്ടങ്ങളില്‍ കാലുയര്‍ത്തിനിന്നു. ഒരുകാലത്ത് ആഫ്രിക്കയിലേക്ക് ഈന്തപ്പഴവും തേയിലയും കയറ്റിക്കൊണ്ടു ദുബായില്‍ നിന്നുള്ള പത്തേമാരികള്‍ നിരന്തരം കടല്‍യാത്ര നടത്തിക്കൊണ്ടിരുന്നു. പകരം ആഫ്രിക്കയില്‍നിന്നും സുഗന്ധദ്രവ്യങ്ങളും തിരികെയെത്തിച്ചു. ഇന്ത്യയില്‍ നിന്നും പലവ്യജ്ഞനങ്ങളും ഇറാനില്‍നിന്നും ചെമ്മരിയാടുകളും ദുബായില്‍ എത്തിച്ചതും പ്രാചീനചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായിലെ മുത്തുകള്‍തേടി പേര്‍ഷ്യന്‍ തീരങ്ങളില്‍നിന്നും ഇറാനികളെത്തി. അവര്‍ കച്ചവടങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അതിസമ്പന്നരായി മാറുകയും ചെയ്തു. പിന്നീടാണ് സിന്ധ് വംശജരായ കച്ചവടക്കാര്‍ ദുബായില്‍ പുതിയ വിപണി കണ്ടെത്തിയത്. അവര്‍ മുംബൈയില്‍ നിന്നും ദുബായിലെത്തി വിപണിയുടെ പുതിയ സാധ്യതകള്‍ തേടിക്കൊണ്ടേയിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെയാണ് ദുബായിലേക്ക് റഷ്യന്‍ ജനത കൂട്ടമായെത്തിയതെന്നും പറയാം. 1950 - കളില്‍ ദുബായില്‍ ജലഗതാഗതം നിയന്ത്രിച്ചത് ബ്രിട്ടന്‍ കമ്പനികളായിരുന്നു, അങ്ങിനെ കസ്റ്റംസ് തീരുവ പിരിക്കാനാണ് ബ്രിട്ടീഷ് ബാങ്കും (പില്‍ക്കാലത്ത് ഹോങ് കോങ്ങ് ബാങ്ക്) സ്ഥാപിച്ചതും. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തുള്ള ക്രീക്ക് എന്ന ദുബായ് അഴിമുഖം കയറ്റിറക്കുമതിയുടെ ആദ്യകാല സിരാകേന്ദ്രമായ അറിയപ്പെട്ടു. 1960 - കളില്‍ ദുബായില്‍ നിര്‍മിച്ച കൂട്ടാന്‍കെട്ടിടങ്ങള്‍ ഭൂരിഭാഗവും ക്രീക്ക് അഴിമുഖവുമായി ബന്ധപ്പെട്ടായിരുന്നു. സൂഖുകളില്‍നിന്നെത്തുന്ന യാത്രക്കാരെയും കാത്ത് ക്രീക്കിന്റെ തീരത്തുകിടക്കുന്ന തടിവഞ്ചികള്‍. ഒരേതാളത്തില്‍ തണ്ടുവലിച്ച് യാത്രക്കാരെ അക്കരെയെത്തിക്കുന്നു. ഇന്ന് യന്ത്രവത്കൃത ബോട്ടുകളായി അവ മാറിക്കഴിഞ്ഞു. 1945-50 കാലങ്ങളില്‍ ലോകസഞ്ചാരിയായ വില്‍ഫ്രഡ് തെസിഗര്‍ നടത്തിയ അറേബ്യന്‍ യാത്രാവിവരണത്തില്‍ ദുബായിലെ ക്രീക്കും പരാമര്‍ശിച്ചിട്ടുണ്ട്.

അക്കാലത്തെ ദുബായിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമെന്ന് അറിയപ്പെട്ടത് ഒന്‍പത് നിലകളുള്ള ദേര ദുബായിലെ 'ശൈഖ ലത്തീഫ' കെട്ടിടമായിരുന്നു. ദുബായ് വേള്‍ഡ് സെന്റര്‍ അക്കാലത്ത് നിര്‍മാണം തുടങ്ങിയിരുന്നില്ല. 1960 കളോടെത്തന്നെയാണ് ദുബായ് വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. വിമാനത്താവളത്തിനടുത്തുണ്ടായ ബുസ്താന്‍ ഹോട്ടലായിരുന്നു അന്നത്തെ ഏക പഞ്ചനക്ഷത്ര ഹോട്ടല്‍. 1966 ല്‍ ദുബായില്‍ ആദ്യമായി ചെറിയതോതില്‍ എണ്ണനിക്ഷേപം കണ്ടെത്തി. അക്കാലത്തെ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം എണ്ണനിക്ഷേപത്തെ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുകയായിരുന്നു. ആധുനിക ദുബായിയുടെ ശില്‍പി എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ ഭരണകാലഘട്ടം 1958 മുതല്‍ 1990 വരെയായിരുന്നു.

1960 വരെ ദുബായില്‍ വിനിമയം ചെയ്തത് ഇന്ത്യന്‍ രൂപയായിരുന്നു. യുഎഇ-ഇന്ത്യ നൂറ്റാണ്ടുമുന്‍പത്തെ സൗഹൃദമാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഫുജൈറ എന്നിവയടങ്ങുന്ന ജനപഥങ്ങള്‍ മൊത്തത്തില്‍ ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ് ആയാണ് അറിയപ്പെട്ടത്. ഇവിടുത്തെ പ്രതിരോധവും വിദേശനയങ്ങളുമെല്ലാം ഗ്രേറ്റ് ബ്രിട്ടന്‍ നിയന്ത്രിച്ചു. 1971 ഡിസംബര്‍ രണ്ടിന് യുഎഇ രൂപവത്കരിച്ചു. 1972 ഫിബ്രുവരിയിലാണ് റാസല്‍ഖൈമ യുഎഇയുടെ ഭാഗമായത്. യുഎഇ സ്വതന്ത്രമായി 100 വര്‍ഷം കഴിഞ്ഞാണ് ദുബായില്‍ ജബല്‍അലി ഫ്രീ ട്രേഡ് സോണ്‍ സ്ഥാപിച്ചത്. 1973 ല്‍ യുഎഇ ദിര്‍ഹം പൊതുകറന്‍സി നിലവില്‍വന്നു.

ഗള്‍ഫിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ പ്രഥമ സ്ഥാനമാണ് ദുബായിക്കുള്ളത്. ലോകത്തിലെ 200 രാജ്യക്കാര്‍ വസിക്കുന്ന നാട്, അറേബ്യന്‍ ഐക്യനാടുകളിലെ മുന്‍നിര സാമ്പത്തിക ശക്തിയായി ദുബായ് വളര്‍ന്നു. ലോകത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന പേരും ദുബായ് ഉറപ്പിച്ചുകഴിഞ്ഞു. വ്യവസായവും വിനോദസഞ്ചാരവുമാണ് പ്രധാന വരുമാനം. എമിറേറ്റിന്റെ മൊത്തവരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനമേ പെട്രോളില്‍ നിന്നുള്ള വരുമാനമുണ്ടാകൂ. നിര്‍മാണമേഖലയില്‍ അഭൂതമായ മുന്നേറ്റമാണ് ദുബായ് നഗരം കാഴ്ചവെയ്ക്കുന്നത്. ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ ലോകത്തെ ഇവിടേക്ക് മാടിവിളിക്കുന്നു. അസാധ്യമായതൊന്നുമില്ലെന്ന് പുതിയകാലത്തിലൂടെ ദുബായ് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വത്തില്‍ ദുബായ് വളര്‍ച്ചയുടെ ഉന്നതങ്ങളിലായി. സര്‍വ മേഖലകളിലും എമിറേറ്റ് പുരോഗതിയിലാണ്.

ഓര്‍മ്മകള്‍കൊണ്ട് വശീകരിക്കാന്‍ ദുബായ് ഒരുപടി മുന്നിലാണെന്ന് ആദ്യകാല പ്രവാസികള്‍ പറയാറുണ്ട്. ഭാവിയില്‍ വരുംതലമുറയെ കാത്തിരിക്കുന്നതും ഇത്തരം ഓര്‍മ്മകളായിരിക്കും. ഒരിക്കലും ഇവിടംവിട്ടുപോകില്ലെന്ന് ഈമണ്ണില്‍ കാലുകുത്തിയ നിമിഷങ്ങളില്‍ ഒരു പരദേശ ജനത പറയുന്നെങ്കില്‍ അതിനര്‍ഥം ദുബായ് അവരെ ഇരുകയ്യുംനീട്ടി സ്വീകരിക്കുന്നുവെന്നാണ്.

Content Highlights: gulf feature column