തീന്‍മേശയിലേക്ക് രുചിയുള്ള പൂക്കളൊരുക്കി ദുബായിലെ സംരംഭകര്‍

#വനിത
.
.

മലയാളികള്‍ മുരിങ്ങയുടെ പൂവ് ഉപ്പേരിയാക്കി കഴിക്കുന്നവരാണ്. അതുപോലെ തന്നെ കുമ്പളത്തിന്റെയും വിരലിലെണ്ണാവുന്ന മറ്റുപല പൂക്കളുടെയും വിഭവങ്ങള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇലക്കറികള്‍ക്കും പച്ചക്കറികള്‍ക്കും ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും നമ്മുടെ പരമ്പരാഗത തീന്‍മേശയില്‍ പൂക്കള്‍ക്കില്ല. എന്നാല്‍ കാലം മാറുന്നതോടെ അത്തരം കാഴ്ചപ്പാടുകള്‍ക്കും വലിയതോതിലുള്ള മാറ്റമുണ്ടായിരിക്കുകയാണ്. ഭക്ഷ്യയോഗ്യമായ പൂക്കളുടെ വലിയ നിരയൊരുക്കി തീന്‍മേശയെ കൂടുതല്‍ നിറപ്പകിട്ടുള്ളതാക്കി മാറ്റിയിരിക്കുകയാണ് ദുബായിലെ പുതിയ സംരംഭകര്‍.

രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം പലനിറത്തിലും രൂപത്തിലുമുള്ള പൂക്കള്‍ നമ്മുടെ പാത്രത്തിലേക്ക് എത്തുന്നത് ഒരു പുതിയ അനുഭവമായിരിക്കുമല്ലേ. എന്നാല്‍ അത്തരത്തിലുള്ള നൂറുകണക്കിന് പൂക്കളാണ് ദുബായിലെ ഫാമില്‍ വളരുന്നത്. നിലവില്‍ ഗുണനിലവാരത്തിന് പേരുകേട്ട മിഷേലിന്‍ സ്റ്റാര്‍ ലഭിച്ച ഭക്ഷണശാലകളിലേക്കാണ് ദിനംപ്രതി അവയെത്തുന്നത്. ഭക്ഷണ വിഭവങ്ങള്‍ക്ക് പ്രധാനചേരുവയായും അലങ്കാരത്തിനുമെല്ലാമായാണ് അവ ഉപയോഗപ്പെടുത്തുന്നതും. എന്നാല്‍ പോഷകസമ്പുഷ്ടമായ ഈ പൂക്കളെല്ലാം പതിയെ ലോകത്തിന്റെ ഭക്ഷ്യസുരക്ഷാ പട്ടികയില്‍ ഇടം നേടുമെന്നും ജനകീയമാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ശാസ്ത്രസാങ്കേതിക വിദ്യയുടെ നവീനമായ ആശയത്തിലാണ് ഇത്തരം പ്ലാന്റുകളുടെ പ്രവര്‍ത്തനം. പൂര്‍ണമായും സാങ്കേതികതയുടെ സാധ്യതകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിരീതി. കീടനാശിനികള്‍ ഉപയോഗിക്കാതെ വിളയിക്കുന്ന എന്നാല്‍ നമുക്ക് മുന്‍പരിചയമില്ലാത്ത ഇനങ്ങള്‍. ദിനം പ്രതി രാവിലെ മൂന്നിനും ആറിനുമിടയില്‍ വിളവെടുത്ത് അബുദാബിയിലെയും ദുബായിലെയും ഏറ്റവുമുയര്‍ന്ന ശ്രേണിയിലുള്ള ഭക്ഷണശാലകളിലേക്ക് വാട്ടം തട്ടിക്കാതെ എത്തിക്കുന്ന രീതിയാണ് ഇവിടുത്തേത്. 25 ഓളം വിളകളാണ് ഇത്തരത്തില്‍ ജെബല്‍ അലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ വിളയിച്ചെടുക്കുന്നത്. യാദൃശ്ചികമായി നമ്മള്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഒരു സ്ഥലത്ത് മുന്നിലെ പാത്രം നിറയെ ഒരിക്കല്‍പോലും കാണുകയോ രുചിക്കുകയോ കേട്ടുകേള്‍വിപോലുമിലാത്ത പൂക്കള്‍ നിരത്തിയിട്ടിരിക്കുന്നത് കാണുമ്പോഴുള്ള ആശ്ചര്യം എത്രമാത്രമായിരിക്കും?

ഈ ഫാമിനുള്ളിലെ പ്രവര്‍ത്തനരീതി അത്യന്തം ആശ്ചര്യകരമായ ഒന്നായി കണക്കാക്കേണ്ടിവരും, പരമ്പരാഗത കൃഷി രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍. ചെളിപുരണ്ട കൈകളുമായി, മണ്ണിലധ്വാനിച്ച് വിയര്‍ത്ത ശരീരവുമായി തന്റെ വിളകള്‍ക്കൊപ്പം നില്‍ക്കുന്ന കര്‍ഷകനെയല്ല ഇവിടെ കാണാനാകുക. ഒരു ആശുപത്രിയോളം, അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ ലാബിനോളം, അല്ലെങ്കില്‍ അതിനേക്കാളുമേറെ വൃത്തിയും ചിട്ടയുമെല്ലാം ഒരുമിക്കുന്ന ഒരിടം. പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഈ ഫാമിനുള്ളിലേക്ക് ഒരാള്‍ക്ക് പ്രവേശിക്കാനാകുക. പൊടിയോ, മറ്റ് സൂക്ഷ്മജീവികളോ ബാക്ടീരിയകളോ ഒന്നും ഇതിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ജീവനക്കാര്‍ എയര്‍ ക്ലീനിങ് സംവിധാനത്തിലൂടെ കടന്നുപോകണം. ലോകത്തിലെതന്നെ എണ്ണം പറഞ്ഞ ഭക്ഷണശാലകളിലേക്ക് പോകാനുള്ള വിഭവങ്ങള്‍ക്ക് നല്‍കുന്ന പരിഗണന.

പ്രത്യേകമായി രൂപകല്‍പന ചെയ്ത റോക്ക് വൂള്‍ എന്ന വസ്തുവിന്റെ പ്രതലത്തിലാണ് വിത്തുകള്‍ പാകുന്നത്. മണ്ണില്‍ തളര്‍ത്ത വിത്തുകളല്ല ഇവയെന്ന് പറയാം. അതുകൊണ്ടുതന്നെ പൂര്‍ണവളര്‍ച്ച പ്രാപിച്ച വിളകള്‍ മുറിച്ചെടുത്ത് അതുപോലെതന്നെ കഴിക്കാമെന്ന് സാരം. ഒന്ന് കഴുകുകപോലും ചെയ്യേണ്ടതില്ല. റോക്ക് വൂളില്‍ നിരത്തിയ വിത്തുകള്‍ ഇരുട്ടുനിറഞ്ഞ, ഈര്‍പ്പമുള്ള സംവിധാനത്തിലാണ് സൂക്ഷിക്കുക. വിത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കും. അവ പൊട്ടിമുളച്ച് തുടങ്ങുമ്പോള്‍ പതിയെ ഇരുട്ടറയില്‍ നിന്നും വെളിച്ചത്തിലേക്ക് നീക്കും. വിളവെടുപ്പുവരെ പിന്നീടുള്ള ദിനങ്ങള്‍ അവയുടെ പരിപാലനം വെളിച്ചത്തിലായിരിക്കും. കുത്തനെയും നീളത്തിലുമുള്ള വിളപരിപാലന സംവിധാനങ്ങളില്‍ അവ മെല്ലെ മൊട്ടിടുകയും പൂവിടുകയും ചെയ്യും.

വിളവെടുപ്പ് നടത്തുന്നത് മനുഷ്യരാണെങ്കിലും അതുവരെയുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടവും നിയന്ത്രിക്കുന്നത് സാങ്കേതികതയാണ്. അതിന്റെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്നതിന്, അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നതിന് പരിശീലനം സിദ്ധിച്ചവരായിരിക്കും മുഴുവന്‍ ജീവനക്കാരും. പല പൂക്കളും ചെറിയ അശ്രദ്ധകൊണ്ടുപോലും നശിച്ച് പോയേക്കാവുന്നതുമാണ്. വിളവെടുപ്പും പാക്കിങും അവ ഭക്ഷണശാലകളുടെ അടുക്കളകളിലേക്ക് എത്തിക്കുന്നതുമടക്കമുള്ള ഘട്ടങ്ങള്‍ ഉയര്‍ന്ന ശ്രദ്ധയാവശ്യമുള്ളതാണ്. പാക്കിങിലെ പിഴവ് പോലും ഉത്പന്നത്തിന്റെ നിലവാരത്തെ ബാധിച്ചേക്കും.

മണ്ണും വെള്ളവുമെല്ലാം പതിവ് രീതില്‍ ഉപയോഗപ്പെടുത്താതെ വിളയിക്കുന്നവയാണെങ്കിലും ഇവയുടെ പോഷകമൂല്യത്തില്‍ കുറവൊന്നുമില്ല. എങ്കിലും അലങ്കാര ഇനങ്ങളായാണ് ഈ പൂക്കള്‍ തീന്‍മേശയിലിടം പിടിക്കുന്നത്. ഒരു പ്രധാന ഭക്ഷണ വിഭവത്തിന് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നതിനെല്ലാം ഇവയുടെ പങ്ക് വളരെ വലുതാണ്. ലോകത്തിന്റെ മാറുന്ന പരിതസ്ഥിതിയില്‍ ഒരു കെട്ടിടത്തിനുള്ളില്‍ നടത്തുന്ന ഹരിതവിപ്ലവത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ നിറമുള്ള പൂക്കളുടെയും ഇലകളുടെയും കൃഷി. ഭക്ഷ്യയോഗ്യമായ 15,000 ചെടികളും പൂക്കളും ഇവിടെ ദിനംപ്രതി വിളവെടുക്കുന്നുണ്ട്. കൗതുകകരമായ പേരുകളിലും രുചികളിലുമുള്ള ഇനങ്ങളും ഇവിടെയുണ്ട്. ഇലക്ട്രിക് ഫ്ലവറെന്ന ഒരിനം. വായിലിട്ടാല്‍ നാവില്‍ ചെറിയ ഒരു ഷോക്ക് സമ്മാനിക്കുന്ന ഒന്ന്. അത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിക്കുന്ന പൂക്കളും ചെടികളും. എന്നാല്‍ അവ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കണമെങ്കില്‍ കാശ് കുറച്ചധികം ചെലവഴിക്കേണ്ടിവരും. മിഷേലിന്‍ സ്റ്റാര്‍ ലഭിച്ച ഭക്ഷണശാലകളില്‍ മാത്രമാണല്ലോ നിലവില്‍ ഇവയെല്ലാം ലഭിക്കുന്നത്.

ഷെഫുമാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വലപ്പത്തിലുള്ള ഇലകളും പൂക്കളുമെല്ലാം വിളയിച്ചുനല്‍കാന്‍ കൂടി സജ്ജമാണ് ഈ കേന്ദ്രം. പ്രകൃതി നമുക്ക് നല്‍കുന്നതുമാത്രം സ്വീകരിച്ച് ശീലിച്ച തലമുറയുടെ പിന്മുറക്കാര്‍ സാങ്കേതികതയുടെ ചുവടുപിടിച്ച് നമുക്ക് വേണ്ടത് വേണ്ട രുചിയില്‍ വലിപ്പത്തില്‍ മണത്തില്‍ ഉത്പാദിപ്പിക്കുന്നത് കാലത്തിന്റെ ആവശ്യം കൂടിയാണ്. തിരക്കിട്ടോടുന്ന ജനതയ്ക്ക് സ്വന്തം താമസകേന്ദ്രത്തില്‍, ചെറിയ മുറിയുടെ ഉള്ളില്‍ തന്നെ ആവശ്യമായ വിളകള്‍ വലിയ വെല്ലുവിളികള്‍ ഏതുമില്ലാതെയുണ്ടാക്കാന്‍ കഴിയുന്ന 'ഒതുക്കമുള്ള ഫാമുകള്‍' എന്ന സങ്കല്‍പ്പം ജനകീയമാകുന്ന കാലവും ഒട്ടും വിദൂരമായിരിക്കില്ല.

Content Highlights: gulf feature column